ഫ്രണ്ട്ഷിപ്പിനു പുതിയ മുഖം നൽകിയ അമൽ ഡേവിസിലൂടെ മലയാളി യൂത്തിന്റെ മനസ്സിലേക്കു കയറി സ്ഥാനം പിടിച്ച നടനാണു സംഗീത് പ്രതാപ്. ഏതു പ്രശ്നത്തിൽ ചാടിയാലും നൈസായി ഊരിയെടുക്കാനും കട്ടയ്ക്കു കൂടെ നിൽക്കാനും ലൈൻ സെറ്റാക്കാനുമെല്ലാം നമ്മളേക്കാൾ ആവേശത്തോടെ മുന്നിൽ നിൽക്കുന്ന ഒരു അമൽ ഡേവിസ് എല്ലാ കൂട്ടത്തിലുമുണ്ടാകും.
സിനിമ സംഗീതിന്റെ രക്തത്തിൽ തന്നെയുണ്ട്. അച്ഛൻ പ്രതാപ് സിനിമട്ടോഗ്രാഫർ ജയനൻ വിൻസന്റിന്റെ അസിസ്റ്റന്റായിരുന്നു. തൂവാനത്തുമ്പികൾ, രാജാവിന്റെ മകൻ, ഇൻ ഹരിഹർ നഗർ പോലുള്ള സിനിമകളുടെ ഭാഗമായിരുന്ന അച്ഛന്റെ മകൻ പക്ഷേ, അഭിനയിക്കണമെന്നോ നടനാകണമെന്നോ പോയിട്ടു സിനിമയാണു വഴിയെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പക്ഷേ, നിയോഗം പോലെ സിനിമയിലെത്തിയ സംഗീത് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം തന്നെ സ്വന്തമാക്കി.
ഹൃദയപൂർവം തിയറ്ററുകൾ നിറഞ്ഞോടുന്നതിനിടെയാണു ലാലേട്ടന്റെ ജെറിയായി മാറിയതിന്റെ രഹസ്യമറിയാൻ സംഗീത് പ്രതാപിനെ കണ്ടത്. ജീവിതത്തിലും ഞാനൊരു അമൽ ഡേവിസാണ് എന്നായിരുന്നു സംഗീതിന്റെ മറുപടി. ‘‘പ്രേമലു പോലെ അഡ്വഞ്ചറായിട്ടുള്ള കാര്യങ്ങളൊന്നും പറയാനില്ലെങ്കിലും കൂട്ടുകാരുടെ ചെറിയ സന്തോഷങ്ങളിൽ വരെ ഭാഗമാകാൻ റെഡി. എന്റെ ജീവിതത്തിലും കുറച്ചധികം അമൽ ഡേവിസ്മാരുണ്ട്.’’ ന്യൂ ജനറേഷൻ നൻപൻ റോളുകൾക്കു ശേഷം മമിത ബൈജുവിന്റെ നായകനാകാനൊരുങ്ങുന്ന സംഗീത് പ്രതാപിന്റെ വിശദമായ അഭിമുഖം പുതിയ ലക്കം വനിതയിൽ വായിക്കാം.