‘ആട് 3’ സിനിമയ്ക്കു വേണ്ടി വീണ്ടും ഷാജി പാപ്പനായി മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ. പാപ്പന്റെ ട്രേഡ് മാർക്ക് ആയ മീശയും കറുത്ത മുണ്ടുമണിഞ്ഞുള്ള ജയസൂര്യയുടെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
‘കത്തനാർ’ സിനിമയ്ക്കായി വർഷങ്ങളോളം തന്റെ താടിയും മുടിയും താരം നീട്ടിയിരുന്നു. മൂന്ന് വർഷത്തിനു ശേഷമാണ് ജയസൂര്യ താടി വടിക്കുന്നത്.
പാപ്പനായി മാറുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ജയസൂര്യ പാപ്പന്റെ തിരിച്ചുവരവ് അറിയിച്ചത്. പാപ്പനായി മാറിയ ശേഷം ചിത്രത്തിന്റെ സഹനിർമാതാവായ വിജയ് ബാബുവിനെയും സംവിധായകനായ മിഥുൻ മാനുവലിനെയും വിഡിയോ കോൾ ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. എട്ടുവർഷത്തിന് ശേഷം പാപ്പൻ വീണ്ടുമെത്തുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.