നടി അഹാന കൃഷ്ണയ്ക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി. ‘ഹാപ്പി അമ്മു ഡേ, ഹാപ്പി ബർത്ത് ഡേ ടു യു ലവ്‌ലി ഹ്യൂമൻ’ എന്നാണ് അഹാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നിമിഷ് കുറിച്ചത്. സൂര്യാസ്തമയം നോക്കിയിരിക്കുന്ന ഇരുവരുടെയും ചിത്രമാണിത്.
‘നന്ദി നിം’ എന്നാണ് നിമിഷിന്റെ സ്നേഹാർദ്രമായ പോസ്റ്റിന് അഹാനയുടെ മറുപടി.
‘ലോക’ സിനിമയുടെ വിജയത്തിൽ സംവിധായകൻ ഡൊമിനിക്ക് അരുണിനെയും ഛായാഗ്രഹകൻ നിമിഷ് രവിയെയും അഭിനന്ദിച്ച് അഹാന പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.
‘ഏകദേശം 4 വർഷം മുൻപാണ് ഡൊമിനിക് ‘ലോക’യുടെ കഥ എന്നോട് പറയുന്നത്. അന്നുമുതൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള വലിയ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഡൊമിനിക്കും നിമിഷും നിരന്തരം പ്രവർത്തിക്കുന്നതാണ് ഞാൻ കാണുന്നത്. ഒരു നല്ല സിനിമ നിർമിക്കണം എന്ന ചിന്തയിലാണ് അവർ സദാ മുഴുകിയിരുന്നത്. നിങ്ങൾ രണ്ടുപേരും തമ്മിലുള്ള സൗഹൃദവും സഹവർത്തിത്വവുമാണ് ഈ ഇൻഡസ്ട്രിയൽ ഹിറ്റിന്റെ അടിസ്ഥാനം. അടുത്ത ചാപ്റ്ററുകളിൽ നിങ്ങളും നിങ്ങളുടെ ടീമും എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് ഞാൻ’– ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഹാന കുറിച്ചു.
‘ഇത് നിനക്കുള്ളതാണ് നിം! ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്താൽ ആരായാലും ക്ഷീണിക്കും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിന്റെ എല്ലാ സിനിമകളുടെയും ഷൂട്ടിന് ശേഷം നീ ഡൊമിനിക്കിനെ വിളിക്കുമായിരുന്നു. നിങ്ങൾ സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. എത്ര തിരക്കിലായാലും ക്ഷീണിതനായാലും നീയും ഡൊമിനിക്കും ഈ സിനിമയെപ്പറ്റി ചർച്ച ചെയ്യുമായിരുന്നു.
ഡൊമിനിക്കിന്റെ സ്വപ്നത്തിന് വേണ്ടി ഒരു ഛായാഗ്രാഹകന്റെ പരിമിതികൾക്കപ്പുറത്തേക്ക് നീ സഞ്ചരിച്ചതിൽ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ‘ലോക’ ഇന്ന് കാണുന്ന നിലയിലെത്തിയതിന്റെ കാരണങ്ങളിലൊന്ന് നീയാണ് എന്നതിലും ഞാൻ അഭിമാനിക്കുന്നു. നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു, അത് എന്തുകൊണ്ടാണെന്ന് അറിയുന്നതിൽ എനിക്ക് അഭിമാനമുണ്ട്! നിങ്ങൾ ചെയ്യുന്ന ജോലിയിലേക്ക് ജീവനും ആത്മാവും കൊണ്ടുവരിക, ഹൃദയത്തിൽ നിന്ന് സിനിമ നിർമിക്കുക!’. – മറ്റൊരു സ്റ്റോറിയിൽ അഹാന ഇങ്ങനെയും കുറിച്ചു.