ADVERTISEMENT

ഏറെ ചർച്ചചെയ്യപ്പെട്ട ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ സെന്ന ഹെഗ്‌ഡേ ഒരുക്കിയ പുതിയ ചിത്രമാണ്‌ ‘അവിഹിതം’. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ തനത് ശൈലിയുമായി ഇടകലർന്നു നിൽക്കുന്ന, സ്ത്രീരാഷ്ട്രീയം പറയുന്ന സൃഷ്ടിയാണ്. ‘അവിഹിതം’ കണ്ടതിന്റെ പശ്ചാത്തലത്തിൽ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഷബ്ന മറിയം ചിത്രത്തെക്കുറിച്ച് ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയത് ഇവിടെ വായിക്കാം –

വടക്കൻ കേരളത്തിന്റെ തനത് ശൈലിയുമായി എത്തിയ, ഗംഭീര സ്ത്രീരാഷ്ട്രീയം പറയുന്ന ഒരു കൊച്ചു സിനിമയാണ് ‘അവിഹിതം’.

ADVERTISEMENT

യാദൃശ്ചികമായി കണ്ട ഒരു അവിഹിതത്തിന്റെ ചുരുളഴിക്കാനുള്ള പ്രകാശന്റെയും കൂട്ടുകാരുടെയും തത്രപ്പാടാണ് ഈ സിനിമയുടെ രത്നച്ചുരുക്കം. അതിനിടയിൽ ഏറെ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഇഴചേർന്നിരിക്കുകയും ചെയ്യുന്നു. ആണിന്റെ മുഖം കൃത്യമായി കാണുകയും പെണ്ണിനെ തീർച്ചപ്പെടുത്താനുള്ള മുന്നൊരുക്കങ്ങളുമാണ് തുടക്കത്തിൽ ഈ സിനിമ. ‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന മനോഹര സിനിമയുടെ സംവിധായകന്റേതാണ് ഈ കൊച്ചു സിനിമയും. കഥാപാത്രങ്ങളെല്ലൊം മുഴച്ചു നിൽക്കാത്ത, ഏറ്റവും തനതായ പ്രകടനങ്ങൾ കൊണ്ട് സിനിമയുടെ മാറ്റ് കൂട്ടിയിരിക്കുന്നു. ഒട്ടും ലാഗില്ലാതെ മുന്നോട്ട് പോകുന്നു എന്നതും പ്രധാനമാണ്. എടുത്ത് പറയേണ്ട മറ്റൊരു പ്രധാന കാര്യം, സിനിമക്കായി ശ്രീരാഗ് സജി ചെയ്തിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. കിറുകൃത്യം.

തുടക്കത്തിലെ പല പരാമർശങ്ങളിൽ നിന്നും നമ്മൾ കരുതുക അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത തിളച്ചുന്തി പരക്കുന്നില്ലേ എന്നാവും. പക്ഷേ, സിനിമ തീരുമ്പോൾ ‘പെണ്ണുങ്ങളുടെ മേൽ ഒരു കണ്ണു വേണം. അത് പെങ്ങളായാലും ഭാര്യയായാലും’ എന്ന പരാമർശത്തെ തന്നെ പൊട്ടിച്ചിതറിച്ച് വലിച്ചെറിയുന്നുണ്ട്. പല ജനറേഷനിലുള്ള സ്ത്രീയെയും പുരുഷനെയും ഇതിൽ കാണാം, അവരെല്ലാം സിനിമയിൽ ഒട്ടും മുഴച്ചു നിൽക്കാതെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമായത് കഥാനായകന്റെ അമ്മയെയാണ്, തുടക്കം മുതൽ ഒടുക്കം വരെ കുറേ തഗ് ഡയലോഗുകളൊക്കെ പറഞ്ഞ് കാണികളെ കയ്യിലെടുക്കുകയും അവസാനമാകുമ്പോൾ ഗൃഹനാഥയായി മുന്നിലേക്ക് നിന്ന് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യുന്നു.

അപ്പോ ദാ, പേര് ‘അവിഹിത’മെന്നൊക്കെയാണെങ്കിലും കുടുംബസമേതം തിയേറ്ററിലെത്തി കാണാവുന്ന ഒരു മനോഹര ചിത്രമാണ് ‘അവിഹിതം’ എന്ന് ഇവിടെ അടിവരയിടുന്നു.

ADVERTISEMENT
ADVERTISEMENT