ADVERTISEMENT

അവന്റെ മനസ്സ് നിറയേ സിനിമയായിരുന്നു. എന്നെങ്കിലുമൊരിക്കൽ, ഒരു ആക്ഷനും കട്ടിനുമിടയിൽ, മൂവി ക്യാമറയ്ക്കു മുന്നിൽ നിന്നു ഡയലോഗ് പറ‍ഞ്ഞ് അഭിനയിക്കുകയെന്ന മോഹം ബാല്യത്തിലേ ഉള്ളിൽ സൂക്ഷിച്ചു തുടങ്ങിയതാണ്. അതിനായുള്ള ശ്രമങ്ങൾ പലപ്പോഴും സങ്കടത്തിന്റേതും അപമാനത്തിന്റെതും ദുരിതങ്ങളുടേയും വലിയ കയങ്ങളിലേക്കാണെത്തിച്ചത്. പക്ഷേ, തോൽക്കുകയെന്നത് ചിന്തയിലുണ്ടായില്ല. വീണിടത്തു നിന്നൊക്കെ ഇരട്ടിക്കരുത്തോടെ വീണ്ടും വീണ്ടും എഴുന്നേറ്റോടി. ആ ഓട്ടം ഒടുവിൽ എത്തി നിന്നതു മലയാള സിനിമയുടെ ബിഗ് സ്ക്രീനിലാണ്. കുഞ്ഞു റോളുകളിൽ തുടങ്ങി പ്രതിഭയുടെ മിന്നലാട്ടത്താൽ മികച്ച വേഷങ്ങളിലൂടെ ഇപ്പോൾ നായക നിരയിലേക്കെത്തിയ ആ സിനിമാമോഹി ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനാണ് – ജോമോൻ ജ്യോതിർ!

joemon-jyothir-1

‘ഗുരുവായൂരമ്പലനട’യിലെ ഡോ.ജോർജും ‘വ്യസനസമേതം ബന്ധുമിത്രാദി’കളിലെ ശക്തിയുമുൾപ്പെടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങൾ ജോമോനെ താരമാക്കി. ഇനി നായകനായുള്ള എൻട്രിയാണ്. ജോൺ പോൾ ജോർജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആശാൻ’, ആമിർ പള്ളിക്കലിന്റെ ‘പ്രേം പാറ്റ’, എബ്രിഡ് ഷൈന്റെ തിരക്കഥയില്‍ ജിബു ജേക്കബ് ഒരുക്കുന്ന ‘ഭീകരൻ’ തുടങ്ങിയ സിനിമകളിൽ ജോമോനാണ് പ്രധാന വേഷത്തിൽ. ‘ഇന്നസെൻറ്’, ‘ദി പെറ്റ് ഡിറ്റക്ടീവ്’ തുടങ്ങി മികച്ച റോളുകളിലെത്തുന്ന ഒരുകൂട്ടം സിനിമകൾ വേറെയും.

ADVERTISEMENT

‘‘ആശാൻ’ ഷൂട്ട് കഴിഞ്ഞു. ജോൺ പോളേട്ടൻ നിർമിച്ച ‘രോമാഞ്ച’ത്തിൽ ഞാൻ അഭിനയിച്ചിരുന്നു. ആ സമയം മുതലേയുള്ള അടുപ്പമാണ്. അദ്ദേഹം വിളിച്ച് ഇങ്ങനെയൊരു സിനിമയുണ്ട്, നീയാണ് നായകൻ എന്നു പറഞ്ഞപ്പോൾ ‘സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ’ എന്ന അവസ്ഥയായി. ഗംഭീര സിനിമകൾ ഒരുക്കിയ ഒരു സംവിധായകനൊപ്പം ഇത്രയും പ്രധാനപ്പെട്ട റോളിൽ പ്രവർത്തിക്കുകയെന്നത് എന്നെ സംബന്ധിച്ച് സ്വപ്നം യാഥാർത്ഥ്യമായതു പോലെ ഒരനുഭവമാണ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ‘ആശാൻ’. രസകരമായ ഒരു കുഞ്ഞു സിനിമ. കൂടുതലൊന്നും ഇപ്പോൾ പറയാനാകില്ല. എന്തായാലും പ്രേക്ഷകരെ നിരാശരാക്കില്ല എന്നുറപ്പ്’’.– ആശാന്റെ വിശേഷങ്ങൾ ‘വനിത ഓൺലൈനോടു’ പങ്കുവയ്ക്കവേ ജോമോന്റെ വാക്കുകളിൽ സന്തോഷത്തിന്റെ തിരയിളക്കം.

സോഷ്യൽ മീഡിയയിൽ വൈറലായ റീൽസ് വിഡിയോസിലൂടെയും കോമഡി സീരിസുകളിലൂടെയുമാണ് ജോമോൻ ജ്യോതിൽ സിനിമയിലേക്കെത്തുന്നത്. ‘നരസിംഹ’ത്തിന്റെ സ്പൂഫ് കോമഡിയായ ‘ജലസിംഹ’ത്തിലെ ഇന്ദുചൂഢനായി വന്ന് സോഷ്യൽ മീഡിയയുടെ ഇഷ്ടം നേടിയ ഈ ചിറയൻകീഴുകാരൻ ഇപ്പോൾ മലയാള സിനിമയ്ക്ക് മാറ്റി നിർത്താനാകാത്ത സാന്നിധ്യമാണ്. ജോമോന്റെ ആദ്യ ചിത്രം ‘പതിനെട്ടാം പടി’യാണ്. മോഹൻലാലിന്റെ ആരാധകനായ ഹരിലാൽ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ. തുടർന്ന് ‘ഗൗതമന്റെ രഥം’, ‘സാറാസ്’, ‘പത്രോസിന്റെ പടപ്പുകള്‍’ എന്നിവയിലും അഭിനയിച്ചു. ‘ഗുരുവായൂരമ്പലനടയില്‍’, ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’, ‘ഫാലിമി’, ‘ഹലോ മമ്മി’, ‘വാഴ’ തുടങ്ങിയ സിനിമകളിലൊക്കെ ജോമോന്റെ കഥാപാത്രങ്ങൾ കയ്യടി വാരി.

ADVERTISEMENT

‘‘ലോക്ക് ഡൗൺ കാലത്താണ് ‘ജലസിംഹം’ ചെയ്തത്. ഞാനും അഖിൽ,സുബിൻ, ശ്രീരാജ് എന്നീ സുഹൃത്തുക്കളും ചേർന്നാണ് തിരക്കഥ തയാറാക്കിയത്. വിഡിയോ റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നല്ല റീച്ച് കിട്ടി. അത് കണ്ടിട്ടാണ് ജൂഡ് ആന്തണി സാറിന്റെ ‘സാറാസ്’ൽ എനിക്കൊരു വേഷം കിട്ടിയത്. ‘ജലസിംഹ’ത്തിനൊപ്പം അതേ ടീം ‘ബിഗ് ബി’യുടെ സ്പൂഫും ചെയ്തിരുന്നു. അതും ശ്രദ്ധിക്കപ്പെട്ടു’’. – ജോമോൻ പറയുന്നു.

joemon-jyothir-2

പ്ലസ് ടു മുതൽ ജോമോന്റെ യാത്ര സിനിമ എന്ന ലക്ഷ്യത്തിനു പിന്നാലെയാണ്. അക്കാലം മുതൽ ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങി. ജേണലിസത്തിൽ ബിരുദം നേടിയ ശേഷം പൂർണമായും സിനിമയെന്ന ലക്ഷ്യം തേടിയിറങ്ങി. ടിക് ടോക് വിഡിയോസിലൂടെയാണ് സജീവമായത്. ഒപ്പം സിനിമയിൽ ചാൻസ് ചോദിക്കലും. സിനിമയിൽ ചാൻസ് കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു വലിയ ചതിയിലും ജോമോൻ പെട്ടിട്ടുണ്ട്. അക്കഥ ഇങ്ങനെ:

ADVERTISEMENT

‘‘അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് എറണാകുളത്ത് ഓഡിഷന് ചെന്നത്. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. ചെന്ന് ഓഡിഷൻ കോടുത്തു തിരിച്ചു വന്നപ്പോൾ അവർ വിളിച്ചു. ‘നന്നായി. സെലക്ട് ആയിട്ടുണ്ട്’ എന്നു പറഞ്ഞു. പിന്നീടാണ് ചിത്രത്തിലേക്ക് കുറച്ച് ഫണ്ട് വേണം അത് മുൻകൂർ തരണം എന്നു പറഞ്ഞത്. അങ്ങനെ ഞാൻ വീട്ടിൽ നിന്നു വാങ്ങി നാൽപ്പതിനായിരം രൂപ കൊടുത്തു. ഇത് പറ്റിപ്പാണെന്ന് അച്ഛനും അമ്മയും അപ്പോഴേ പറഞ്ഞതാണ്. ഞാൻ കേട്ടില്ല. സിനിമ മാത്രമായിരുന്നു മനസ്സിൽ. മറ്റൊന്നും ചിന്തിച്ചില്ല. അത്ര കൺവിൻസിങ്ങായാണ് അവർ സംസാരിച്ചിരുന്നത്. എന്നെപ്പോലെ അതിൽ അഭിനയിച്ച പലരിൽ നിന്നും ഇതേപോലെ പണം വാങ്ങിയിരുന്നു. അക്കൂട്ടത്തിൽ ലക്ഷങ്ങൾ കൊടുത്തവരുണ്ട്. ഷൂട്ട് തുടങ്ങിയപ്പോഴേ ഇത് ഉഡായിപ്പാണെന്ന് തോന്നിയിരുന്നു. ഒരു ലോക്കൽ ക്യാമറയൊക്കെ വച്ച് എന്തൊക്കെയോ ചെയ്തു. ഒടുവിൽ ഷൂട്ടിങ് നിർത്തി അവർ പോയി. ശേഷം ഒരു വിവരവുമില്ല. വിളിച്ചിട്ടും കിട്ടുന്നില്ല. ഞാൻ ആകെ തകർന്നു പോയി. എങ്കിലും വീട്ടുകാർ എന്നെ കുറ്റപ്പെടുത്തിയില്ല. അവരാണ് വലിയ പിന്തുണ. അതാണ് എന്റെ ആത്മവിശ്വാസവും. എന്റെ അച്ഛന്റെ സുഹൃത്താണ് നിർമാതാവ് ഷാജി നടേശൻ സാർ. അദ്ദേഹം ഈ സംഭവം അറിഞ്ഞു. അങ്ങനെയാണ് ‘പതിനെട്ടാം പടി’യിൽ അവസരം കിട്ടിയത്’’. – ജോമോൻ പറയുന്നു.

പിന്തുണച്ചവരും അവസരം നൽകിയവരും സ്വീകരിച്ച പ്രേക്ഷകരുമാണ് തന്റെ ബലമെന്നു ജോമോൻ പറയുന്നു. ‘പ്രേം പാറ്റ’ ഉടൻ ചിത്രീകരണം തുടങ്ങും. വൈകാതെ ‘ഭീകരൻ’നും ആരംഭിക്കും. കഷ്ടപ്പെട്ടതിനൊക്കെ ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മലയാളത്തിലെ ഈ യുവതാരം. അച്ഛന്‍‌ – ജ്യോതിർ‌, അമ്മ – അജിത, അനിയത്തി – ജ്യോതിഷ, ജ്യോതിഷയുടെ ഭർത്താവ് സനൽരാജ് എന്നിവരടങ്ങുന്നതാണ് ജോമോന്റെ കുടുംബം.

ADVERTISEMENT