Saturday 13 August 2022 11:28 AM IST : By സ്വന്തം ലേഖകൻ

ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മോഹന്‍ലാല്‍; എളമക്കരയിലെ വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി

lal-flag

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മോഹൻലാൽ. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവം പങ്കുചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാൻ ഒരുങ്ങുകയാണ് താരം. ഏകദേശം അറുപത് ദിവസത്തോളം വിദേശത്താകും സിനിമയുടെ ചിത്രീകരണം. സെപ്റ്റംബർ ആദ്യവാരം മോഹൻലാലും ടീം അംഗങ്ങളും വിദേശത്തേക്ക് തിരിക്കും.

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.

സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ മുഖേന പതാകകൾ വീടുകളിലെത്തും.