Wednesday 05 October 2022 03:14 PM IST

‘അന്ന് രാത്രി പോത്തണ്ണന്റെ കോൾ... ഇനിയങ്ങനെ സംഭവിക്കരുത് എന്നു മാത്രം പറഞ്ഞു’: രാജേഷ് മാധവൻ പറയുന്നു

Binsha Muhammed

rajesh-madhavan-story-55

മഞ്ഞ കമ്പളം നനച്ചിട്ട പോലെ പൂക്കൾ വീണുകിടപ്പുണ്ടായിരുന്നില്ല. മുഴുവൻ കല്ലുമുള്ളും. ജയിച്ചവരേക്കാൾ തോറ്റവരുടെ കഥകളാണ് ചുറ്റും. അതിനിടയിൽ നിന്ന് സിനിമയിലേക്ക് ബാഗും തൂക്കിയിറങ്ങിയതാണ് രാജേഷ് മാധവൻ. കാസർകോട് പെർളടുക്കംകാരൻ.

‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ പഞ്ചാരകാമുകൻ സുരേശൻ. ‘കനകം കാമിനി കലഹ’ത്തിലെ മനാഫ്, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’നിലെ വിനു, ‘മഹേഷിന്റെ പ്രതികാര’ത്തിൽ ജനഗണമന കേട്ടപ്പോള്‍ അറ്റൻഷനായി നിന്ന ‘രാജ്യസ്നേഹി’. അങ്ങനെ സിനിമ കഴിഞ്ഞാലും മനസ്സിൽ നിന്നിറങ്ങാത്ത കഥാപാത്രങ്ങൾ.

രാജേഷിന്റെ വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ബന്ധുക്കളും. സന്തോഷം കുരുത്തോലയിട്ട സ്വീകരണമേറ്റു വാങ്ങി നേരെ അഭിമുഖത്തിലേക്ക്.

‘ആക്ടർ ഫ്രം കുണ്ടംകുഴി...’ സ്വപ്നമായിരുന്നല്ലേ സിനിമ?

ഹൈസ്കൂളും പ്ലസ്ടുവും പഠിച്ചത് കൊളത്തൂ ർ കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂളിലാണ്. സിനിമ സ്വപ്നമല്ല, അതുക്കും മേലെയാണ്. കാസർകോട് നിന്ന് സിനിമയിലേക്കുള്ള യാത്ര അത്ര അടിപൊളിയായിരുന്നില്ല. പ്ലസ്ടുവിന് കൊമേഴ്സ് എടുത്തത് ചാർട്ടേഡ് അക്കൗണ്ടന്റാകാൻ ആയിരുന്നില്ല. ചേച്ചി ശ്രീജി അതാണ് പഠിച്ചത്. ആ വഴിയേ ഞാനും നടന്നു. അച്ഛന് കൂലിപ്പണിയായിരുന്നു. എന്നെ എംബിഎ പഠിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതൊരു അതിമോഹമായിരുന്നില്ല. മകൻ രക്ഷപ്പെട്ടോട്ടെ എന്നോർത്ത് പാവം ആഗ്രഹിച്ചതാണ്.

പക്ഷേ, അവിടെ ഇംഗ്ലിഷ് എന്നെ ചതിച്ചാശാനേ... പേ രുകേട്ട കോളജില്‍ എംബിഎ കോഴ്സിനുള്ള അവസാനവട്ട അഭിമുഖത്തിൽ ഞാൻ ഇംഗ്ലിഷിൽ അരി പെറുക്കി ത പ്പിത്തടഞ്ഞു വീണു. ഇംഗ്ലിഷുമായുള്ള എന്റെ ‘ഛഗഡ’ ഇ ന്നും തുടരുന്നു. പിന്നെ, തുറന്ന വാതിലാണ് ജേണലിസം. അപ്പോഴും മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ‘സിനിമ’.

ശിപായിയിൽ നിന്നും കാമുകൻ സുരേശനിലേക്കുള്ള ദൂരം ?

കാണാൻ വരുന്ന വഴിക്ക് തന്നെ ആ പേരും കിട്ടിയല്ലേ. പണ്ട് കൊളത്തൂർ യുപി സ്കൂളിൽ പഠിക്കുമ്പോൾ എന്നെ ബെസ്റ്റ് ആക്ടറാക്കിയ കഥാപാത്രമാണ് പോസ്റ്റ്മാൻ ശിപായി. നാട്ടിലെ മണിപ്രസാദ് ചേട്ടനാണ് നാടകം പഠിപ്പിച്ചത്. ശിപ്പായി പിന്നെ, വിളിപ്പേരായി.

അക്കാലത്ത് കാസർകോട് കുറ്റിക്കോലുള്ള സൺഡേ തിയറ്ററിൽ സജീവമായിരുന്നു. ഏകദേശം 160 വിദ്യാർഥികൾ തിയറ്ററിന്റെ ഭാഗമായിരുന്നു. എങ്ങനെയെങ്കിലും സിനിമയിലെത്താനായി അഭിനയം മുതൽ ഭരതനാട്യം വരെ പഠിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പെർളടുക്കത്തെ ശ്രുതിധാര കലാക്ഷേത്രയിൽ രണ്ടു കൊല്ലത്തെ പഠനം. ഇപ്പോൾ മനസ്സിലായില്ലേ, ലുക്കില്‍ മാത്രമാണ് ഞാൻ ‘ചെറ്യേ പുള്ളിയെന്ന്’.

‘എടാ... ചെക്കാ... ഞാനായിരുന്നു കലാക്ഷേത്രയുടെ പ്രസിഡന്റ്’ എന്നു കൂടി പറയെടായെന്ന് വർത്തമാനം കേട്ടിരുന്ന അച്ഛൻ മാധവന്റെ ഓർമപ്പെടുത്തൽ. ‘വേണ്ട അ ച്ഛാ... അച്ഛനെ അങ്ങനെ ഞാൻ ആളാകാൻ വിടൂല്ല.’ ചിരിയോടെ രാജേഷിന്റെ മറുപടി.

പിന്നെയും നീണ്ടുപോയി... സിനിമയ്ക്കായുള്ള കാത്തിരിപ്പ്

കൊച്ചിയിലെത്തി ജേണലിസം കോഴ്സ് പാസായി. തിരക്കഥാകൃത്തായ രവിശങ്കറാണ് പ്രധാന കൂട്ട്. രണ്ടുപേരുടെയും ലക്ഷ്യം സിനിമ. കോഴ്സ് കഴിഞ്ഞ് ഞാൻ ചാനലിൽ പ്രൊഡ്യൂസറായി. രവി പത്രത്തിലും. പക്ഷേ, വരുമാനം വട്ടച്ചെലവിനേ തികയൂ.

നല്ലൊരു വരുമാനം സ്വപ്നം കണ്ടാണ് 2012ൽ വനിതയുടെ സബ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഫൈനൽ റൗണ്ട് ഇന്റർവ്യൂവിൽ അവസാന നാലിൽ വരെ എത്തി. ഒടുവിലത്തെ ഘട്ടത്തിൽ വഴുതി വീണു. എന്തു ചെയ്യാനാണ് നിങ്ങൾക്ക് നല്ലൊരു മാധ്യമ പ്രവർത്തകനെയല്ലേ നഷ്ടമായത്.

ഞാൻ തിരുവനന്തപുരത്ത് ചാനലിൽ എന്തോ കേമപ്പെട്ട ജോലി ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ധാരണ. ‘ടിവിയിലേക്കെന്നു പറഞ്ഞിട്ട്, ഓനെ അതിലൊന്നും കാണാനില്ലപ്പാ... ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ?’ ‘നാട്ടിൻപുറനന്മ’യിൽ പൊട്ടിമുളച്ച സംശയങ്ങൾക്ക് ഉത്തരം പറയാൻ അറിയാതെ അച്ഛൻ കുഴങ്ങി.

പ്രോഗ്രാം പ്രൊഡ്യൂസറെന്നാൽ ടിവിയിൽ കാണില്ല. അ തിന്റെ പിന്നിലാണ് പണിയെന്ന് പറഞ്ഞു മനസ്സിലാക്കാൻ ‌പണിപ്പെട്ടു, പാവം എന്റെ അച്ഛൻ.

അച്ഛനായിരുന്നല്ലേ വഴികാട്ടി ?

ഒരു വിഷയത്തെക്കുറിച്ച് കാര്യമായ അറിവോ വിവരമോ ഉള്ളവരാകും ജീവിതത്തിലെ വഴികാട്ടികള്‍. പക്ഷേ, കെ. മാധവൻ എന്ന ഈ കൊച്ചുമനുഷ്യനേക്കാൾ വലിയൊരു വെളിച്ചം ഞാൻ കണ്ടിട്ടില്ല.

സഹോദരിമാരായ രാജിയും ശ്രീജിയും വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം കണ്ടെത്തി. ഞാന്‍ മാത്രം എ ങ്ങുമെത്താതെ സിനിമയെന്നും പറഞ്ഞ് നടക്കുന്നു. ‘ദേ... ഇവനെ ഇങ്ങനെ വിടാനാണോ ഭാവമെന്ന്’ അമ്മ രത്നാവതി അച്ഛനോട് എത്രവട്ടം ചോദിച്ചിട്ടുണ്ടെന്നോ?’

ദുബായിലുള്ള സുഹൃത്ത് വിനീത് ഇതിനിടയ്ക്ക് വിളിച്ചു പറഞ്ഞു. ‘നീ സിനിമയ്ക്ക് വേണ്ടി കുറച്ചു നാൾ കൂടി കഷ്ടപ്പെട്ടോ. അതുകഴിഞ്ഞ് നടന്നില്ലെങ്കിൽ ഇങ്ങോട്ട് പോരൂ. ഒരു പാസ്പോർട്ട് ആദ്യം എടുത്തു വയ്ക്കൂ...’ അത് മനഃപൂർവം എടുക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ഞാനിപ്പോ ദുബായിലെ ഏതെങ്കിലും ഷെയ്ഖിനൊപ്പം ഡയലോഗ് പറഞ്ഞു നടന്നേനെ.

എങ്ങനെയായിരുന്നു സിനിമയിലെ തുടക്കം?

ചാനലിലെ ജോലി രാജി വച്ച് ഞാൻ ‘അസ്തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളറായി. സിനിമയ്ക്ക് വേണ്ടി മനസ്സിൽ ഞാൻ കുറിച്ച കഥ തൽക്കാലം സൈഡാക്കി. പിന്നെ, ഷോർട് ഫിലിമിൽ പയറ്റി തുടങ്ങാൻ തീരുമാനിച്ചു.

സുഭാഷ് ചന്ദ്രന്റെ ‘സന്മാർഗം ’എന്ന കഥ അടിസ്ഥാനമാക്കിയുള്ള രവിശങ്കർ സംവിധാനം ചെയ്ത‘എ നൈഫ് ഇൻ ദ് ബാർ’ എന്ന ഷോർട് ഫിലിം. അതിൽ ഞാനും ഉണ്ണിമായ പ്രസാദും അസോഷ്യേറ്റ് ഡയറക്ടേഴ്സ് ആയിരുന്നു. അതിന്റെ പ്രിവ്യൂ കാണാൻ ഉണ്ണിമായയുടെ ജീവിതപങ്കാളി ശ്യാം പുഷ്കരൻ വന്നിരുന്നു. അതാണ് എന്റെ തലവര മാറിയ നിമിഷം. ആ ബന്ധം അങ്ങ് കൊച്ചിയിലേക്ക് വളർന്നു. സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ദിലീഷ് നായർ എന്നിവരിലേക്ക് നീണ്ടു. ഒരിക്കലൊരു ചർച്ചയിൽ ദിലീഷ് നായർ ചോദിച്ചു. ‘പോത്തണ്ണാ (ദിലീഷ് പോത്തൻ), നമുക്കിവനെ അഭിനയിപ്പിച്ചാലോ’. അതു കേട്ടതും എന്റെ ഉള്ളിലെ ബുദ്ധിജീവി ഉണർന്നു. ‘എഴുത്താണ് എന്റെ വഴി’. എന്ന് മറുപടി പറഞ്ഞു. ‘ഡാ നീ ചരിത്രത്തോടാണ് നീതികേട് കാണിക്കുന്നത്’ എന്റെ ദാർശനിക പ്രതികരണം കേട്ട രവി ‘ഗർജിച്ചു’.

‘നിന്റെ നിലപാട് എന്തായാലും മഹേഷിന്റെ പ്രതികാരത്തിൽ നിനക്കൊരു റോൾ ഉണ്ട്.’ പോത്തണ്ണൻ കട്ടായം പ റഞ്ഞു. ‘ചരിത്രത്തോട് നീതികേട്’ കാണിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല. അങ്ങനെ സിനിമാ നടനായി.

‘റാണി പദ്മിനി’, ‘മഹേഷിന്റെ പ്രതികാരം’. അങ്ങനെ രാജേഷ് എന്ന സിനിമാക്കാരൻ ജനിക്കുന്നു?

‘റാണി പദ്മിനി’ യിൽ പാസിങ് ഷോട്ടിലാണ് മുഖം കാണിക്കുന്നത്. ‘മഹേഷിന്റെ പ്രതികാര’ത്തിലെ ആ ദേശീയ ഗാനം സീൻ കഴിഞ്ഞതോടെ ഭാഗ്യത്തിന്റെ ബൾബ് മിന്നി. പിന്നാലെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ അസിസ്റ്റന്റായി. സിനിമാവെട്ടം അധികം വീഴാത്ത കാസർകോടിന്റെ മണ്ണിൽ ക്യാമറയും ട്രോളിയും സജീവമായി. അത് ‘തിങ്കളാഴ്ച നിശ്ചയ’ത്തിൽ വരെ എത്തിയെന്നത് ഏറെ അഭിമാനം. അതിലും ഞാൻ അസോഷ്യേറ്റായി.

പിന്നീടങ്ങോട്ട് മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ആണും പെണ്ണും തുടങ്ങി നിരവധി ചിത്രങ്ങളിൽ അസോഷ്യേറ്റായി. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ തൊട്ട് ‘ന്നാ താൻ കേസ് കൊട്’ വരെയുള്ള സിനിമകൾ വേറെയും.

Rajesh-Madhavan

ലുക്കിലാണോ വർക്കിലാണോ കാര്യം ?

നടീ നടൻമാർ നന്നായി ശരീരം നോക്കും, ശരീരത്തിനും സിനിമയ്ക്കും അനുസരിച്ചും ഭക്ഷണം കഴിക്കും. എന്നെ കൊണ്ടതിന് കഴിയൂലപ്പാ... പിന്നെ, ഈ മെലിഞ്ഞ രൂപം ഉള്ളതു കൊണ്ടല്ലേ നിങ്ങളെന്നെ തിരിച്ചറിയുന്നത്.

ലുക്കിന്റെ പേരിൽ ഇന്ദ്രൻസ് ചേട്ടനുമായും ആലുമ്മൂടൻ ചേട്ടനുമായിട്ടൊക്കെ പലരും താരതമ്യം ചെയ്യുന്നുണ്ട്. മികവു തെളിയിച്ച ആ പ്രതിഭകളെപ്പോലെയാണ് ഞാനെന്ന് പറയുമ്പോൾ ഉള്ളിലൊരു കുളിരൊക്കെയുണ്ട്. പക്ഷേ, അവർക്ക് പകരക്കാരനാകാൻ എന്നെ കൊണ്ട് ആകൂല്ല. എനിക്ക് ഞാനായാൽ മതി.

എങ്ങനെ കിട്ടി പഞ്ചാരകാമുകന്റെ റോൾ ?

രതീഷേട്ടന്റെ (സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ) കാസർകോട് പശ്ചാത്തലമായ സിനിമ. ‘ഒട്ടും സിനിമാറ്റിക് അല്ലാത്ത റിയൽ ലൈഫ് താരങ്ങളെ കണ്ടു പിടിക്കണം.’ രതീഷേട്ടൻ പറഞ്ഞു. അങ്ങനെ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്കായി 350 പേരെ കണ്ടെത്തി. ക്ഷമയോടെ സ്ക്രീൻ ടെസ്റ്റ് നടത്തി. അങ്ങനെ കാസ്റ്റിങ് ഡയറക്ടർ എന്ന പൊൻതൂവൽ കൂടി എനിക്ക് കിട്ടി.

ചാക്കോച്ചന്റെ പല്ലു മുതൽ തലമുടിയിൽ വരെ പ്രോസ്തെറ്റിക് പരീക്ഷണങ്ങൾ നടത്തി രതീഷേട്ടൻ. സൗന്ദര്യം കളയുക എന്നതായിരുന്നു ടാസ്ക്. സിനിമ വിജയിച്ചതോടെ ഇനിയിപ്പോ അടുത്ത പടങ്ങളും വിജയിക്കാൻ ഓരോ പല്ലു വീതം ഫിറ്റ് ചെയ്യാം എന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ‘എന്റെ എല്ലാ സിനിമയിലും നീയുണ്ടാകുമെടാ...’ എന്ന് ചാക്കോച്ചൻ പറഞ്ഞപ്പോൾ സന്തോഷം തോന്നി.

റിയൽ ലൈഫിലും കാമുകനാണോ ?

rajesh-madhavan-family അച്ഛൻ മാധവനും അമ്മ രത്നാവതിക്കും സഹോദരിമാരായ രാജിക്കും ശ്രീജിക്കുമൊപ്പം രാജേഷ് മാധവൻ

ഫ്ലാഷ്ബാക്, ബ്ലാക് ആൻഡ് വൈറ്റ് ആയാലും പ്രണയം എന്നും കളറാണ്. മൂക്കിൽ പല്ലു മുളച്ചാലും തല നരച്ചാലും അതങ്ങനെ നിൽക്കും. സുരേശനെപ്പോലെ ചങ്കിൽ കൊണ്ടൊരു പ്രണയം എനിക്കുമുണ്ടായിരുന്നു. പ്രാരബ്ധവും പ്രണയവും ഒന്നിച്ചോടിയ കാലം. ഞാൻ നിസ്സഹായനായിരുന്നു. പക്ഷേ, എന്റെ പ്രശ്നങ്ങൾ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും പരാജയപ്പെട്ടു.

അടുത്ത ചോദ്യം എന്തായിരിക്കുമെന്ന് എനിക്കറിയാം. ‘ഒന്നും പറയാറായിട്ടില്ല, എന്റെ ജീവിതത്തിലേക്ക് പുതിയ ആളെ ‘കാസ്റ്റ് ചെയ്യുമ്പോൾ’ ഞാൻ ഉറപ്പായും അറിയിക്കും. വലിയ സങ്കൽപമൊന്നുമില്ല. ഞാൻ പറയുന്നത് അവൾക്ക് മനസ്സിലാകണം. അവൾ പറയുന്നത് എനിക്കും.

ഇപ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്വപ്നം ?

ഒരു സിനിമ സംവിധാനം ചെയ്യണം. നല്ല റോളുകൾ ചെയ്യണം. കുറേ വർഷങ്ങൾ കഴിയുമ്പോൾ രാജേഷ് മാധവനും ഈ സിനിമാ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു എന്ന് നാലാൾ പറയണം. അത്രേയുള്ളൂ.

ദിലീഷ് പോത്തൻ മെന്റർ

ഏതു പ്രതിസന്ധിയിലും കൂളായി നിൽക്കും പോത്തണ്ണൻ. പറയേണ്ടത് പറയുകയും ചെയ്യും. എല്ലാവരെയും കൺസിഡർ ചെയ്യുന്നൊരു ലീഡറുടെ റോളിലാണ് അദ്ദേഹം എപ്പോഴും. ‘തൊണ്ടിമുതൽ’ ഷൂട്ട് ചെയ്യുമ്പോൾ അസോഷ്യേറ്റ് ഡയറക്ടറായി ഞാനുമുണ്ട്. ആളും ആരവവുമുള്ള ഉത്സവത്തിന്റെ സീൻ. ആ സീനിലുണ്ടായിരുന്ന വയസ്സായൊരാൾ കുറച്ചു കഴിഞ്ഞ് നൈസായി മുങ്ങി.
ആ സീനിന്റെ തുടർച്ച എടുക്കുമ്പോൾ അയാളുടെ അഭാവം കൃത്യമായി പോത്തണ്ണന് പിടികിട്ടി. അ ന്ന് രാത്രി എനിക്കൊരു കോൾ വന്നു. ‘ഇന്ന് സംഭവിച്ചത് എന്താണെന്ന് നിനക്കറിയാല്ലാ... ഞാനതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും നിനക്കറിയാം. ഇനിയതുണ്ടാകരുത്’ എന്നു മാത്രം

ബിൻഷാ മുഹമ്മദ്

ഫോട്ടോ: ശ്രീകുമാർ എരുവട്ടി