Tuesday 24 September 2024 11:42 AM IST : By സ്വന്തം ലേഖകൻ

‘ജഗദീഷ് അമ്മ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയോ?’: സത്യാവസ്ഥ വ്യക്തമാക്കി താരം: മറുപടി

jagadeesh-pressmeet

ഭിന്നതകളെ തുടർന്ന് അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ‌ നിന്നും താൻ ഒഴിവായി എന്ന വാർത്തകൾ നിഷേധിച്ച് നടൻ ജഗദീഷ്. അമ്മ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയത് ഭരണസമിതി രാജിവച്ചപ്പോഴാണെന്ന് ജഗദീഷ് വ്യക്തമാക്കി. അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ജഗദീഷ് പറഞ്ഞു. അതേസമയം സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു.

ഭരണസമിതി കൂട്ടരാജി സമർപ്പിച്ചപ്പോൾ ഇനി ആ ഗ്രൂപ്പിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാണ് അമ്മ ഭരണസമിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങിപ്പോയത്. അത് ഇന്നലെയോ ഇന്നോ നടന്ന സംഭവമല്ല. പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി ഉണ്ടാകും. അമ്മയുടെ പ്രസിഡന്‍റ് ആകാനോ സെക്രട്ടറി ആകാനോ ഇനി താനില്ല. അമ്മയുടെ ഭാരവാഹിത്വം താൻ സ്വപ്നം കാണുന്നില്ലെന്നും ജഗദീഷ്പറഞ്ഞു.

താത്കാലിക കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ജഗദീഷ് ഒഴിവായിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് സ്വയം ഒഴിവായത്. ജനറൽ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് അറിയിച്ചിരുന്നു. താൽക്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയെന്നും സൂചനയുണ്ട്. പിരിച്ചുവിട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താൽക്കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം.

സംഘടനയിലെ കൂട്ടരാജിക്ക് പിന്നാലെ നേതൃത്വ സ്ഥാനത്തേക്ക് ജഗദീഷ് എത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നിലവില്‍ മോഹൻലാലും സിദ്ദിഖും കഴിഞ്ഞാൽ ഭരണസമിതിയിലെ സീനിയർ അംഗമായിരുന്നു ജഗദീഷ്. അതുകൊണ്ടു തന്നെ യുവതാരങ്ങളും വനിതകളും ജഗദീഷിനെ പിന്തുണച്ചതായാണ് സൂചന. പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് നീക്കം. തുടക്കം മുതൽ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറൽ സെക്രട്ടറിയാകണമെന്ന് നേരത്തെ ഒരു വിഭാഗം വാദിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജിവച്ച അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയത് 'അമ്മ'യില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.