ഉന്നം തെറ്റാതെ കൊള്ളുന്ന തമാശകൾ സ്ക്രീനിൽ ചിരിഅമിട്ടുകൾ ചിതറിച്ചിട്ടുണ്ട്. ചിലത് നനഞ്ഞ പടക്കം പോലെ ഒന്നു മിന്നിയിട്ട് പൊട്ടാതെ പോവുകയും ചെയ്യും. സിനിമയിൽ ഉള്ളതേ പ്രേക്ഷകർ കാണുന്നുള്ളൂ. ഇതുപോലെ ചിരിയുടെ കുടമാറ്റവും വെടിക്കെട്ടുമെല്ലാം ലൊക്കേഷനിലും നടക്കാറുണ്ട്. പരസ്പരമുളള കളിയാക്കലുകളും കഥകളുണ്ടാക്കലും സജീവമായിരുന്ന കാലം ഉണ്ടായിരുന്നു.
ചില തമാശപ്പിണക്കങ്ങളുണ്ട്. അതായത് ഉന്നം തെറ്റിപ്പോയ തമാശകൾ ഉണ്ടാക്കുന്ന പിണക്കങ്ങൾ. അതിനു തമാശകേട്ട് ചിരിക്കുന്ന സമയത്തിന്റെ അത്ര ആയുസ്സേ ഉണ്ടാവൂ. എന്നാലും ഒരു പുളിയുറുമ്പു കടിക്കുന്ന പോലെയുള്ള നീറൽ ചിലപ്പോഴൊക്കെ തോന്നിയിരുന്നു. അങ്ങനെ ഉന്നം തെറ്റിപ്പോയ ഒരു കോമഡിയെക്കുറിച്ചു പറയാം. ഞാനും മുകേഷും മണിയൻപിള്ള രാജുവുമാണു താരങ്ങൾ. കഥ നടക്കുന്നതു വിദേശത്താണ്. ‘അക്കരെ അക്കരെ അക്കരെ’യുടെ ലൊക്കേഷനിൽ.
മുകേഷിന്റെ ‘ചതി’
അക്കാലത്തു വിദേശത്തു ഷൂട്ടിനു പോവുമ്പോൾ ഒരുപാടുപേർ നമ്മളെ കാണാൻ വരും. ചിലർ അവരുടെ സന്തോഷത്തിനു ഗിഫ്റ്റുകൾ തരും. അങ്ങനെ മണിയൻപിള്ള രാജുവിനെ കാണാൻ ഒരു അച്ചായൻ വന്നു. പുള്ളിക്കു സിനിമയിൽ അഭിനയിക്കണം എന്നു മോ ഹം. മണിയൻപിള്ള പ്രൊഡ്യൂസറും കൂടിയാണല്ലോ. ‘പറ്റുന്ന വേഷം വരുമ്പോൾ പരിഗണിക്കാം അച്ചായാ.’ എന്നു പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കി വിട്ടു. രണ്ടു ദിവസം കഴിഞ്ഞ് പുള്ളി വീണ്ടും വന്നു. കയ്യിൽ ഒരു പെട്ടിയുണ്ട്. ‘ഇതെന്റെ സമ്മാന’ മാണെന്നു പറഞ്ഞ് ആ പെട്ടി മണിയൻപിള്ളയ്ക്കു കൊടുത്തു. സാരിയും ഷർട്ടും ചെയിനും അങ്ങനെ അന്നത്തെ അൻപതിനായിരം രൂപയ്ക്കുള്ള സാധനങ്ങളുണ്ട്. ഞാനും മുകേഷുമൊക്കെ ‘എടാ ഭാഗ്യവാനേ’ എന്ന മട്ടിൽ മണിയൻപിള്ളയെ നോക്കി നിന്നു.
ഷൂട്ടു കഴിഞ്ഞ് നാട്ടിലെത്തി. ഒരു ദിവസം മണിയൻപിള്ള രാജുവിന്റെ വീട്ടിൽ ദേ നിൽക്കുന്നു ആ അച്ചായൻ.
‘എന്റെ വേഷം റെഡിയായോ’ ചോദ്യം കേട്ട് മണിയൻപിള്ള ഞെട്ടി. ‘അടുത്ത പടം പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നേയുള്ളൂ. അപ്പോള്‍ ശരിയാക്കാ’മെന്നു പറഞ്ഞെങ്കിലും അച്ചായൻ വിട്ടില്ല. കുറച്ചു ദിവസത്തെ ലീവേയുള്ളൂ. തിരിച്ചു പോകും മുൻപ് അഭിനയിക്കണമെന്നായി കക്ഷി.
‘ഞാന്‍ സിനിമ നിർമിക്കുമ്പോഴല്ലേ എനിക്ക് വേഷം ത രാൻ പറ്റൂ’ എന്നായി മണിയൻപിള്ള.
അച്ചായന്‍ അടുത്ത നമ്പരിട്ടു, ‘വേറെ ആരുടെയെങ്കിലും സിനിമയിൽ ചാന്‍സ് വാങ്ങി തരണം.’
ക്ഷമയുടെ നെല്ലിപ്പലകയിൽ നിന്നു മണിയൻപിള്ള പ റഞ്ഞു. ‘അതെങ്ങനെ ഞാൻ പറയും. ഞാനല്ലേ േവഷം ത രാം എന്നു പറഞ്ഞത്. എന്റെ സിനിമ തുടങ്ങുമ്പോള്‍ വിളിക്കാം. ചേട്ടനപ്പോൾ വരൂ. നമുക്ക് ആലോചിക്കാം.’
ഇതു കേട്ടതോടെ അച്ചായൻ ചൂടായി. ഒടുവിൽ സമ്മാനമായി കൊടുത്ത പെട്ടി തിരിച്ചു വേണം എന്നായി. വേറെ വഴിയില്ലല്ലോ. പെട്ടിയിലുണ്ടായിരുന്ന സാധങ്ങളുടെ പൈ സ തിരികെ കൊടുത്ത് മണിയൻ പിള്ള രാജു തടിയൂരി. ഇതാണു സംഭവിച്ച കഥ. ഇതു പല ലൊക്കേഷനുകളിലും ഞാനും മുകേഷും പലരോടും പറഞ്ഞിട്ടുണ്ട്. കേൾവിക്കാർ ചിരിച്ചിട്ടുമുണ്ട്.
ഒടുവില്‍ വന്ന ട്വിസ്റ്റ്
പക്ഷേ, വർഷങ്ങൾക്കു ശേഷം ഈ സംഭവത്തിനു മറ്റൊരു ക്ലൈമാക്സ് ഉണ്ടായി. പറഞ്ഞു കേട്ട തമാശകള്‍ ഒക്കെ ഉള്‍ക്കൊള്ളിച്ച് ‘മുകേഷ് കഥകൾ’ എന്നൊരു പുസ്തകം മുകേഷ് എഴുതി. അതിന്റെ പ്രൂഫ് വായിച്ചു കഴിഞ്ഞ് മണിയൻപിള്ള എന്നെ വിളിച്ചു. ‘അളിയാ, അച്ചായന്റെ കഥ ഈ പുസ്തകത്തിലുണ്ട്. അന്നു പുലിവാലു പിടിച്ചതു ഞാനാണെങ്കിലും പെട്ടി വാങ്ങിയതു നീയാണെന്നാണു മുകേഷ് എഴുതിയിരിക്കുന്നത്.’
അതു കേട്ട് എനിക്കു വിഷമമായി. ഞാൻ ചെയ്യാത്ത കാര്യം എന്റെ പേരിൽ. അപ്പോൾ തന്നെ മുകേഷിനെ വിളിച്ചു. ‘നാളെ പുസ്തകപ്രകാശനത്തിന് മുൻപ് പത്രസമ്മേളനം വിളിക്കണം, ആ കഥയിൽ മാത്രം തെറ്റു വന്നിട്ടുണ്ടെന്നു പറയണം’ എന്നാവശ്യപ്പെട്ടു. വായനക്കാർ സത്യം അറിയണമെന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു.
മുകേഷ് ഞെട്ടി. ‘അളിയാ ചതിക്കരുത്. പുസ്തകപ്രകാശനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞതാണ്. ദൈവത്തെ ഒാർത്തു തടസ്സമുണ്ടാക്കരുത്. അങ്ങനെ ചെയ്താൽ എല്ലാ കഥകളും കള്ളത്തരമാണെന്നു വരും. ഇത് എന്തോ അബദ്ധം പറ്റിപ്പോയതാണ്. തൽക്കാലം നീ ക്ഷമിക്ക്...’
മുകേഷ് കുറേ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാനോര്‍ത്തു ഇതങ്ങു വിട്ടുകളയാം എന്ന്. അങ്ങനെ ഞാൻ ക്ഷമിച്ചു. ഈ കഥയ്ക്കൊരു ടെയിൽഎൻഡ് കൂടിയുണ്ട്. ഒരിക്കലൊരു ചാനൽ ഷോയിൽ മുകേഷ് ചീഫ് ഗസ്റ്റായി വന്നു. ഞാൻ ജഡ്ജ് ആണ്.
ആ ഷോയ്ക്കിടയിൽ ഞാൻ പറഞ്ഞു, ‘മുകേഷിന്റെ മറവിയെക്കുറിച്ച് ഒരു കഥ ഇപ്പോൾ ഒാർമ വരുന്നുണ്ട്.’
വരാനിരിക്കുന്ന പണി മുൻകൂട്ടി കണ്ട് മുകേഷ് ചാടി വീ ണു. ‘ഏയ്, എന്തു കഥ. അതൊന്നും ഇല്ല... ഡേയ് ചുമ്മാ പറയല്ലേ...’
ഞാൻ വിട്ടില്ല. ‘കണ്ടോ കണ്ടോ ആ കഥയും മുകേഷ് മറന്നെന്നു’ പറഞ്ഞ് പഴയൊരു സംഭവം എടുത്തിട്ടു. അമേരിക്കയിൽ നടന്ന ഒരു ഷോ. അടുത്ത സ്ഥലത്തേക്കു പോവാൻ ഞാനും മുകേഷും ഉൾപ്പടെയുള്ള സംഘം എയർപോർട്ടിലേക്കു പായുകയാണ്. പെട്ടെന്നാണു മുകേഷിന്റെ നിലവിളി. ‘നിർത്ത് നിർത്ത് വണ്ടി നിർത്ത് എന്റെ ഷൂ മറന്നു.’
തിരിച്ചു പോയി ഷൂ എടുത്തു വരുമ്പോഴേക്കും ഫ്ലൈറ്റ് പോകും. പരിപാടി മുടങ്ങും. പക്ഷേ, ഷൂസിന്‍റെ കാര്യത്തില്‍ മുകേഷ് കടുംപിടുത്തത്തിലാണ്. ഒടുവിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന നിര്‍മാതാവ് സെവൻ ആർട്സ് വിജയകുമാർ പറഞ്ഞു, ‘മുകേഷേ ഒരു ഷൂ അല്ലേ, എയർപോർട്ടില്‍ എത്തുമ്പോള്‍ ഞാൻ പുതിയതു വാങ്ങി തരാം. പ്രശ്നം കഴിഞ്ഞില്ലേ.’ പക്ഷേ, മുകേഷ് സമ്മിതിക്കുന്നില്ല.
ഒടുവിൽ മുകേഷ് ആ സത്യം പറഞ്ഞു, ‘അതല്ല പ്രശ്നം. ആ ഷൂസിന്റെ ഉള്ളിലാണ് പാസ്പോർട് വച്ചിരിക്കുന്നത്. പാസ്പോർട് എടുക്കാൻ മറന്നാലോ എന്നോർത്ത് ഷൂസിനുള്ളിൽ ഭദ്രമാക്കി വച്ചതാണ്. ഇപ്പോ ഷൂസോടെ മറന്നു. ഇനി അതില്ലാതെ അങ്ങോട്ട് ചെന്നിട്ട് എന്ത് ചെയ്യാനാണ്?’
എല്ലാവരുടെയും കൂട്ടചിരി കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘ഇതു നടന്ന സംഭവമാണെങ്കിലും നായകൻ മുകേഷ് അല്ല. മറ്റൊരാളുടെ പേരു വച്ച് കഥയുണ്ടാക്കാന്‍ മുകേഷ് മിടുക്കനാണ്. ഇപ്പോ അതുപോലൊരു കഥ മുകേഷിന്റെ പേരു വച്ചു ഞാനുണ്ടാക്കിയതാണ്.’
ശ്രീനിയും പ്രിയനും തമാശകളും
ശ്രീനിവാസനെ പോലെ ഹ്യൂമർസെൻസുള്ള ഒരാൾ മലയാള സിനിമയിലുണ്ടെന്നു തോന്നുന്നില്ല. കുറിക്കു കൊള്ളുന്ന കോമഡികളുടെ ആശാനാണ്. അങ്ങനെ പറയുന്ന പല തമാശകളും സിനിമയിലേക്ക് കയറിയിട്ടുമുണ്ട്.
‘മുത്താരം കുന്ന് പി.ഒ.’ എന്ന സിനിമയുെട സമയത്താണ് ഞാനും ശ്രീനിവാസനും കൂടുതൽ അടുക്കുന്നത്. പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയ സന്തോഷം ഞങ്ങൾക്കുണ്ട്. ഞാനും ശ്രീനിയും കാറിൽ ലൊക്കേഷനിലേക്കു പോവുകയാണ്. വഴിയിരികിൽ നിന്ന് ‘ശ്രീനിയേട്ടാ’ എന്ന് പറഞ്ഞ് ആളുകൾ കൈവീശിക്കാണിച്ചു. സീറ്റിലേക്കു നിവർന്നിരുന്നു ശ്രീനി പറഞ്ഞു, ‘കണ്ടോ... എന്റെ ഫാൻസിനെ കണ്ടോ...’
കാർ തിരുവല്ലത്ത് എത്താനായപ്പോൾ പെട്ടെന്നു റോഡില്‍ കുറേയാളുകൾ ‘ജഗദീഷേട്ടാ...’ എന്നു വിളിച്ച് കൈ വീശിക്കാണിച്ചു. എനിക്കു സന്തോഷമായി. കാറിന്റെ ഗ്ലാസ് താഴ്ത്തി ആരാധകരെ ഞാനും തിരിച്ചു െെകവിശി. നെഞ്ചും വിരിച്ചിരുന്നിട്ട് ശ്രീനിയോടു പറഞ്ഞു, ‘കണ്ടോ, എനിക്കും ഉണ്ട് ഫാൻസ്.’
ഒരു നിമിഷം പോലും പാഴാക്കാതെ ശ്രീനിയുടെ മറുപടി വന്നു, ‘ഫാൻസ് എന്നു പറയണ്ട. നിന്നെ തിരിച്ചറിയുന്ന കുറച്ചാളുകള്‍ എന്നു പറഞ്ഞാൽ മതി.’
ചിരി തൊട്ട ഒരുപാട് ഒാർമകളുണ്ട്. ഉത്സവം പോലെയാണ് അന്നത്തെ ലൊക്കേഷനുകള്‍. ‘വന്ദന’ത്തിന്റെ ഷൂട്ടിങ് ബെംഗളൂരുവിൽ നടക്കുന്നു. വൈകിട്ട് പ്രിയന്റെ മുറിയിൽ ചിലപ്പോൾ ‘ആഘോഷങ്ങൾ’ നടക്കും.
അത്തരം ആഘോഷ സദസ്സുകള്‍ക്ക് എന്നെ പോലെ മദ്യപിക്കാത്തവര്‍ ബാധ്യതയാണ്. മദ്യപിക്കില്ലെങ്കിലും അ തിന്റെ ഇരട്ടി ടച്ചിങ്സ് കഴിച്ചു തീർക്കും. മുന്നിലെത്തുന്ന കുരുമുളകിട്ട അണ്ടിപ്പരിപ്പും കടലയുമെല്ലാം ഞാൻ വാരിയെടുക്കുന്നതു കണ്ടു മുകേഷിന് ദേഷ്യം വന്നു. ‘ഡേയ് നിർത്ത് നിർത്ത്... അതിൽ തൊടരുത്...’
ഞാന്‍ പറഞ്ഞു, ‘അതങ്ങനെയാണ്, ആയിരക്കണക്കിന് രൂപയുള്ള സ്കോച്ച് വെറുതെ തരും. പത്തു രൂപയുടെ കപ്പലണ്ടി എടുക്കാൻ സമ്മതിക്കില്ല.’
മുകേഷിനൊപ്പം മണിയൻപിള്ള രാജുവും ചേർന്നു. സംഭവം ഒന്നു കത്തിച്ചു. ‘മദ്യം കഴിക്കാത്തവരെ വിശ്വസിക്കാൻ പറ്റില്ല. അവർ രഹസ്യങ്ങൾ സൂക്ഷിക്കും. നമ്മളാണെങ്കില്‍ രണ്ടെണ്ണം അടിക്കുമ്പോഴെങ്കിലും എല്ലാം തുറന്നു പറയും.’
അതോടെ രംഗം കൊഴുത്തു. ഞാൻ മദ്യപിക്കാത്തത് വ ലിയ കുറ്റമായി.
മുകേഷ് പറഞ്ഞു. ‘ഇന്നു നീ ഒരു പെഗ് കുടിച്ചില്ലെങ്കില്‍ പ്രിയന്റെ ഒരു സിനിമയിലും നിനക്ക് വേഷമില്ല.’
എല്ലാവരും അത് കൈയടിച്ചു പാസാക്കി.
ഞാൻ ധർമസങ്കടത്തിലായി. ഒടുവിൽ മദ്യം നിറച്ച ഗ്ലാസ് കയ്യിലെടുത്തു. കുടിക്കുന്ന ഭാവത്തിലിരുന്നു. അവർ അടുത്ത ചർച്ചയിലേക്ക് കടന്നപ്പോൾ ആരും കാണാതെ അടുത്തിരുന്ന ചെടിച്ചട്ടിക്ക് ഉള്ളിലേക്കു ഗ്ലാസ് കമിഴ്ത്തി. കഷ്ടകാലത്തിനതു മുകേഷ് കണ്ടു. പോരേ പൂരം. ഒഴിച്ചു വച്ച മദ്യം കളഞ്ഞത് വലിയ കുറ്റമായി. ആകെ ബഹളം.
ഒടുവിൽ പ്രിയൻ പറഞ്ഞു, ‘ജഗദീഷിനെ നമുക്ക് വെറുതെ വിടാം. ജഗദീഷ് മദ്യപിക്കാതിരിക്കുന്നതാണു നല്ലത്. ഒരു സംസ്കൃത ശ്ലോകമുണ്ട്.
മർക്കടസ്യ സുരപാനം,
മധ്യേ വൃശ്ചിക ദംശനം
തന്മധ്യേ ഭൂതസഞ്ചാരം,
കിം ബ്രൂമോ വൈകൃതം സഖേ?
സ്വതവേ ബഹളക്കാരനായ കുരങ്ങൻ കള്ളുകുടിച്ചാൽ എങ്ങനെയിരിക്കും? പോരാത്തതിന് പൃഷ്ഠത്തിൽ തേളും കൂടി കുത്തിയാലോ?അതു പോരാത്തതിന് ഭൂതം പിടിച്ചാലോ? അതിൽപരം വൈകൃതം മറ്റൊന്നുമില്ല. ജഗദീഷ് മദ്യപിച്ചാലും അതാകും അവസ്ഥ. അതുകൊണ്ട് ആ കുരങ്ങനു മദ്യം കൊടുത്തു കൂടുതല്‍ അലമ്പാക്കണ്ട....’
മടങ്ങി വരാത്തവർ
ചിരി പോലെ കണ്ണീരു തൊട്ട ഒരുപാട് ഒാർമകളുമുണ്ട്. സുകുമാരിചേച്ചി എന്നെ പ്രഫസർ എന്നാണ് വിളിച്ചിരുന്നത്. ആദ്യം കാണുമ്പോൾ മുതൽ എന്നെ ഒരു സീനിയർ ന ടൻ എന്ന രീതിയിൽ പരിഗണിച്ചു. എന്നെ മാത്രമല്ല. ലൈറ്റ്ബോയ് മുതൽ എല്ലാവരോടും ഒരേ രീതിയിലാണ് സുകുമാരിച്ചേച്ചി പെരുമാറിയിരുന്നത്.
‘അക്കരെ അക്കരെ അക്കരെ’യുടെ ലൊക്കേഷന്‍ അമേരിക്കയിലാണ്. രാവിലെ കാപ്പികുടിച്ചു നേരെ ലൊക്കേഷനിലേക്കു പോവും. ഇടയ്ക്ക് ചായ പോലും കിട്ടില്ല. എ ന്നും ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ സുകുമാരിച്ചേച്ചി ഒരു ബാഗ് നിറയെ ബിസ്കറ്റും പഴങ്ങളുമൊക്കെ എടുത്തു വ യ്ക്കും. സെറ്റിൽ വന്നു കഴിഞ്ഞ് ‘ഇന്നാ മോനേ’ എന്നു പറഞ്ഞ് എല്ലാവര്‍ക്കും തരും. മോഹൻലാലിനും എനിക്കും മാത്രമല്ല സെറ്റിലെ ലൈറ്റ്ബോയ്സിനു വരെ അതിൽ നിന്നൊരു പങ്കു കൊടുക്കും.
കുറച്ചുനാൾ മുൻപു ഞാൻ പ്രിയനോട് ചോദിച്ചു, ‘പൂച്ചക്കൊരു മൂക്കുത്തി’യും ‘ഒാടരരുതമ്മാവാ ആളറിയാം’ പോലെയും ഒരു കോമഡി സിനിമ ചെയ്യുമോ? അതിൽ എനിക്കു ഒരു വേഷം തരാമോ?’
പ്രിയന്‍ നിരാശയോടെ പറഞ്ഞു, ‘അത്തരം സിനിമകൾ ചെയ്യേണ്ട ആൾക്കാരൊക്കെ പോയില്ലേ ജഗദീഷേ...’
ശരിയാണ്. സുകുമാരിച്ചേച്ചി പോയി. പപ്പുച്ചേട്ടനില്ല. ശ ങ്കരാടിച്ചേട്ടനില്ല, ഇന്നസെന്റ് േചട്ടനും നെടുമുടി വേണു ചേട്ടനും പോയി. ജഗതിച്ചേട്ടന്റെ അവസ്ഥ മോശമാണ്.... എനിക്ക് ഭയങ്കര നിരാശ തോന്നി. പിന്നെ ലോകം പൊയ്ക്കോണ്ടിരിക്കുകയാണ്. പുതിയ ആളുകൾ എത്തും. പഴയ കാലത്തിന്റെ ഒാർമ പക്ഷേ, മായാതെ നിൽക്കും.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ