Tuesday 01 October 2019 05:26 PM IST

‘ഭീരുക്കൾ ചാരുന്ന മതിലാണു ദൈവം’ എന്ന് അച്ഛൻ പറയുന്നതു കേട്ടിട്ടുണ്ട്; അദ്ദേഹം വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല!

Tency Jacob

Sub Editor

vijayaraghavan-father556ghj
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ. പിള്ളയെക്കുറിച്ചുള്ള ഓര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അരങ്ങേറിയത് ഡയണീഷ്യൻ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാൾ സ്വന്തം വീടിന് വേറെന്തു പേരിടാൻ. 

അച്ഛൻ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്പോഴും കരയുകയല്ല, ‘ഇതൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി. ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവർ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛൻ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയിൽ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛൻ മരിച്ചു.

വിജയരാഘവനും നിരീശ്വരവാദിയാണോ?

ആ കാര്യത്തിൽ ഞാനാകെ കൺഫ്യൂസ്ഡ് ആണ്. ‘ഭീരുക്കൾ ചാരുന്ന മതിലാണു ദൈവം’ എന്ന് അച്ഛൻ പറയുന്നതു കേട്ടിട്ടുണ്ട്. അച്ഛന്‍ ഭീരുവായിരുന്നില്ല. അതുകൊണ്ട് ഒരിടത്തും ചാരിയിട്ടുമില്ല. നൂറു ശതമാനം യുക്തിവാദിയാണെങ്കിലും ഈശ്വരനുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ആരോടും തർക്കിക്കുന്നതും കണ്ടിട്ടില്ല. ഞങ്ങളെ ആരെയും വിശ്വാസത്തിൽ നിന്നു വിലക്കിയിട്ടുമില്ല. 

അമ്മയുടെ വീട്ടില്‍ എല്ലാവരും നല്ല വിശ്വാസികളാണ്. ചന്ദ്രഗ്രഹണ ദിവസം ഞങ്ങള്‍ കുട്ടികളെയെല്ലാം സന്ധ്യക്കു മുൻപ് ഭക്ഷണം തന്ന് വീടിനുള്ളിൽ അടച്ചിടും വല്ല്യമ്മച്ചി. പിന്നെ, വീടിനു പുറത്ത് കവളന്‍മടലും പിടിച്ച് ഒരു നിൽപാണ്. ആ രാത്രിയിൽ ചന്ദ്രനെ സർപ്പം വിഴുങ്ങാൻ വരുമെന്നാണു വിശ്വാസം. സര്‍പ്പത്തെ ഒാടിക്കാന്‍ നിഴലിനിട്ട് കവളന്‍ മടലുെകാണ്ട് പൊത്തോ പൊത്തോ എന്ന് അടിക്കാന്‍ തുടങ്ങും. അതു കണ്ടൊരിക്കൽ അച്ഛനാണ് ചന്ദ്രഗ്രഹണത്തെക്കുറിച്ചു പറഞ്ഞുതന്നത്.

അമ്മ ദൈവവിശ്വാസിയായിരുന്നു. എന്നും വിളക്കു കത്തിക്കും. അപൂർവമായെങ്കിലും അമ്പലത്തിൽ ഉത്സവത്തിനു പോകും. ഞാൻ അമ്പലത്തിൽ പോവുകയോ നാമം ജപിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, അമ്മ മരിച്ചു കഴിഞ്ഞപ്പോൾ എന്നിൽ വല്ലാതൊരു ശൂന്യത വന്നു നിറഞ്ഞു. ആകെ ഉഴലുന്ന അവസ്ഥ. അമ്മയായിരുന്നു എന്റെ എല്ലാം. ആ സമയത്ത് സുഹൃത്ത് സി.കെ. സോമനാണ് എന്നെ മൂകാംബികയിലേക്കു കൊണ്ടുപോകുന്നത്. അവിടെച്ചെന്നപ്പോൾ അമ്മയുടെ അടുത്തെത്തിയതു പോലെ സമാധാനം വന്നു നിറഞ്ഞു. 

ഇന്നും അമ്മയുടെ സാമീപ്യമറിയണമെന്നു തോന്നുമ്പോൾ കൊല്ലൂർക്ക് പോകും. തൊഴുത് പ്രാർഥിക്കലൊന്നുമില്ല. അമ്മയെ വട്ടം ചുറ്റി നടക്കുന്ന കുട്ടിയെപ്പോലെ വെറുതെ അവിടെ ചുറ്റിനടക്കും. ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ എവിടെയോ ദുർബലനാണ് ഞാൻ.

Tags:
  • Celebrity Interview
  • Movies