Wednesday 28 September 2022 09:18 AM IST : By സ്വന്തം ലേഖകൻ

അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിച്ച് നടി: ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് താരങ്ങൾ: വിഡിയോ വൈറൽ

actress-2

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമം ഞെട്ടിക്കുന്നത്. ഇതിൽ ഒരു നടി തിരക്കിനിടയിൽ അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുന്നതിന്റെ വിഡിയോ വൈറലാണ്.

9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ വച്ചായിരുന്നു സംഭവം. ഉടനെ അവർക്കൊപ്പം ഉണ്ടായിരുന്നവർ ബലം പ്രയോഗിച്ചു വരാന്തയിൽ നിന്ന ആരാധകരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി.

ഹൈലൈറ്റ് മാളിൽ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതർ വിവരം അറിയിക്കാറില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് പൊലീസ് സ്ട്രൈക്കിങ് ഫോഴ്സും പന്തീരാങ്കാവ് പൊലീസും സ്ഥലത്തുണ്ടായിരുന്നു. 7 മുതൽ 9 വരെയാണു പരിപാടി നടന്നത്. അതുവരെ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നും പുറത്തു തടിച്ചുകൂടിയവർ പിരിഞ്ഞുപോയ സമയത്ത് മാളിന്റെ ഉള്ളിൽ നിന്നാണ് നടിയെ കയ്യേറ്റം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.