Wednesday 08 May 2019 09:20 AM IST : By സ്വന്തം ലേഖകൻ

നെഞ്ചിൽ പിൻ തുളച്ചു കയറി, വേദനയാൽ പുളഞ്ഞ് അക്ഷയ് കുമാർ! പിന്നീട് സംഭവിച്ചത് വിഡിയോയിൽ കാണാം

akshay-new

ബോളിവുഡിലെ രസികൻമാരിലൊരാളാണ് സൂപ്പർസ്റ്റാർ അക്ഷയ്കുമാർ. സോഷ്യൽ മീഡിയയിലുൾപ്പടെ അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ ആരാധകരെ രസിപ്പിക്കുന്നതാണ്. ഇപ്പോഴിതാ, ഒരു അവാർഡ് വേദിയില്‍ അക്ഷയ് ഒപ്പിച്ച തമാശയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. എന്നാൽ ഈ തമാശ കണ്ട് ഞെട്ടിപ്പോയത് താരത്തിന്റെ ഭാര്യാ മാതാവും മുൻ താരനായികയുമായ ഡിംപിള്‍ കപാഡിയയാണ്. കുറച്ചു നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് ഡിംപിളിന് മനസ്സിലായില്ല എന്നതാണ് സത്യം.

ഒരു അവാര്‍ഡ് നിശയില്‍ വച്ചാണ് രസകരമായ സംഭവം. അക്ഷയ് കുമാറിനൊപ്പം ഭാര്യ ട്വിങ്ക്വിള്‍ ഖന്നയും ഭാര്യാ മാതാവും നടിയുമായ ഡിംപിള്‍ കപാഡിയയും പരിപാടിക്കായി എത്തിയിരുന്നു. മോസ്റ്റ് സറ്റൈലിഷ് അവാര്‍ഡ് നേടിയ അക്ഷയ് കുമാറിന് പുരസ്കാരം നൽകിയതും ഡിംപിള്‍ കപാഡിയയാണ്. അതോടെയാണ് രസകരമായ സംഭവങ്ങളുടെ തുടക്കം. അവാർഡ് സ്വീകരിക്കുന്നതിനായി സണ്ണി ലിയോണാണ് അക്ഷയ് കുമാറിനെ വേദിയിലേക്കു ക്ഷണിച്ചത്. വേദിയിലെത്തിയ താരത്തിന്റെ കോട്ടിൽ ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് ഡിംപിള്‍ കുത്തുന്നതിനിടെ, ബാഡ്ജിന്റെ പിൻ നെഞ്ചിൽ കയറിയെന്ന പോലെ അക്ഷയ് ഇരു കൈകളും നെഞ്ചിൽ അമർത്തിപ്പിടിച്ചു. കോട്ട് മാറ്റി നോക്കിയപ്പോൾ ഷർട്ടിലൂടെ ചോര ഒലിക്കുന്നു. ഇതോടെ സകലരും ഞെട്ടി. ഡിംപിള്‍ കരച്ചിലിന്റെ വക്കോളമെത്തി. ഉടൻ തന്നെ അക്ഷയ് ചിരിച്ചു. അതോടെയാണ് ഇതൊക്കെ താരത്തിന്റെ തമാശയായിരുന്നു എന്നു മനസ്സിലായത്. എങ്കിലും ഡിംപിളിന്റെ മുഖത്തു നിന്നു സങ്കടം പൂർണ്ണമായും മാറിയിരുന്നില്ല.