Monday 28 January 2019 03:13 PM IST

‘ഈ ജീവിതം മകനു വേണ്ടി മാത്രം, ആദിത്യൻ അവനെ പൊന്നു പോലെ നോക്കും’! അമ്പിളി ദേവിക്കും പറയാനുണ്ട്

V.G. Nakul

Sub- Editor

a1

വിവാഹത്തിന്റെ ആഹ്ളാദം അടങ്ങും മുൻപേ വിവാദങ്ങളാണ് അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് കടന്നു വന്നത്. ആദിത്യന്റേത് നാലാം വിവാഹമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നതിനിടെ, ആദ്യ ഭർത്താവ് കേക്കു മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോയും വാർത്തകളിൽ നിറഞ്ഞതോടെ മിനി സ്ക്രീനിലെ ദുഃഖപുത്രി യഥാർത്ഥ ജീവിതത്തിലും കണ്ണീർ നായികയായി. വിവാഹം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും കൊഴുക്കുമ്പോൾ വിവാദങ്ങളോട് ‘വനിത ഓൺലൈനിൽ’ പ്രതികരിക്കുകയാണ് അമ്പിളി ദേവി.

എല്ലാം പെട്ടെന്ന്

അദിത്യൻ ചേട്ടന്റെ ആലോചന വന്നതും ഉറപ്പിച്ചതും എല്ലാം കൂടി മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ സംഭവിച്ച കാര്യങ്ങളാണ്. വിവാഹത്തിന് അധികം പ്രചരണങ്ങളൊന്നും വേണ്ട എന്നു കരുതി. ആദ്യത്തെ വിവാഹം എല്ലാവരെയും വിളിച്ച് വളരെ ഭംഗിയായി നടത്തിയതാണ്, പക്ഷേ എന്നിട്ടെന്തായി ?. അതുകൊണ്ടു തന്നെ, ഇനി ആർഭാടമൊന്നും വേണ്ട എന്നു തീരുമാനിച്ചു. ഏറ്റവും അടുപ്പമുള്ള കുറച്ചു പേരുടെ സാന്നിധ്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ വച്ചു താലി കെട്ടാൻ നിശ്ചയിച്ചു.

എന്നെ ഇഷ്ടമായിരുന്നു

ഞാനും ആദിത്യൻ ചേട്ടനും തമ്മിൽ പത്തു പതിനഞ്ചു വർഷത്തെ പരിചയമുണ്ട്. രണ്ടു പേരും കൊല്ലംകാരാണ്. ഒരുമിച്ച് ധാരാളം സീരിയലുകളിൽ ജോലി ചെയ്തിട്ടുണ്ട്. എന്നെ പണ്ടു മുതലേ ഇഷ്ടമായിരുന്നു എന്നാണ് ചേട്ടൻ പറഞ്ഞത്. പക്ഷേ അന്നൊന്നും തുറന്നു പറഞ്ഞിട്ടില്ല. അപ്പോഴേക്കും എന്റെ വിവാഹവും ഉറപ്പിച്ചിരുന്നു. പിന്നീട് രണ്ടു പേരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. അങ്ങനെയാണ് ഈ അടുത്ത നാളുകളിൽ അദ്ദേഹം ആ ഇഷ്ടം തുറന്നു പറഞ്ഞതും എന്റെ അച്ഛനോടും അമ്മയോടും സംസാരിക്കുന്നതും. എന്റെ മകനും ചേട്ടനെ വലിയ ഇഷ്ടമാണ്.

a4

മകനാണ് പ്രധാനം

മറ്റൊരു വിവാഹത്തിന് ടെൻഷനുണ്ടായിരുന്നു. ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയിട്ട് ഒരു വർഷമാകുന്നു. അഞ്ചു വർഷമായി ഞങ്ങൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് കേസ് തുടങ്ങിയത്. കേസ് നടക്കുമ്പോൾ തന്നെ മറ്റു പ്രപ്പോസൽസ് വരുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം മകനെക്കുറിച്ചാണ് ചിന്തിച്ചത്. അനുഭവങ്ങളിൽ നിന്ന് ഞാൻ ധാരാളം പഠിച്ചിട്ടുണ്ട്. മറ്റൊരു ജീവിതത്തിലേക്കു കടക്കുമ്പോൾ അത് മകനൊരു വിഷമമാകരുത് എന്നുണ്ടായിരുന്നു. ഞാനും അവനു തമ്മിൽ അത്ര അടുപ്പമാണ്. മോന്‍ ഉള്ളതു കൊണ്ടാണ് എല്ലാ പ്രശ്നങ്ങളിലും ഞാൻ പിടിച്ചു നിന്നത്. വിവാഹ മോചന കേസിൽ പോലും എന്റെ മകനെ മാത്രമാണ് ഞാൻ ചോദിച്ചത്.

ആരോടും ഒന്നും പറഞ്ഞില്ല

സമൂഹത്തോട് ഞാനൊന്നും പറഞ്ഞിട്ടില്ല. പലർക്കും ഞാൻ കല്യാണം കഴിച്ചതാണെന്നു പോലും അറിയില്ല. മകനെക്കുറിച്ചു പറയുമ്പോഴാണ്, ‘കല്യാണം കഴിച്ചതാണോ ?’ എന്നു പലരും ചോദിക്കുന്നത്. എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ ആളുകൾ അറിയേണ്ട എന്നായിരുന്നു തീരുമാനം. അഭിമുഖങ്ങളിൽ പോലും കുടുംബകാര്യങ്ങൾ ചോദിക്കരുതെന്നു പറയുമായിരുന്നു.

എനിക്കു വേണമെങ്കിൽ അന്നേ ഇതൊക്കെ പറയാമായിരുന്നു. എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങളുണ്ടായതെന്നും വിവാഹമോചനം നേടിയതെന്നതിനുമുള്ള തെളിവുകൾ കൈവശമുണ്ട്. ഞാനതൊക്കെ വെളിപ്പെടുത്തിയാൽ എനിക്കെതിരെ നിൽക്കുന്ന ആളിന് ഒട്ടും ഗുണകരമാകില്ല. അത്രയും മോശപ്പെട്ട കാര്യങ്ങളാണെല്ലാം.

a3

എല്ലാം ദൈവത്തിന്റെ ഇടപെടൽ

മകൻ അമർനാഥിനിപ്പോൾ ആറു വയസ്സുണ്ട്. മോന് ഒരു വയസ്സായപ്പോൾ മുതൽ ഞാൻ വീണ്ടും അഭിനയിച്ചു തുടങ്ങി. എല്ലാ ലൊക്കേഷനിലും അവനെയും കൊണ്ടു പോകും. ഒപ്പം അച്ഛനും അമ്മയുമുണ്ടാകും. ആ സമയത്ത് ഞാനും ആദിത്യൻ ചേട്ടനും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അന്നു തൊട്ടേ കുഞ്ഞിനെ ചേട്ടന് വളരെ ഇഷ്ടമായിരുന്നു, തിരിച്ചും. എന്താണ് അവർക്കിടയിൽ ഇത്ര അടുപ്പം വരാൻ കാരണമെന്നു ചോദിച്ചാൽ അറിയില്ല. ഒരു പക്ഷേ ദൈവത്തിന്റ ഇടപെടലാകാം. മോൻ അത്ര വേഗം ആരുമായും അടുക്കാറില്ല. പക്ഷേ, ചേട്ടനുമായി വേഗത്തിൽ അടുത്തു.

സീരിയൽ പോലെ

ആദിത്യൻ ചേട്ടന്റെ നാലാം വിവാഹമാണ് ഇതെന്നൊക്കെ പലരും പറയുന്നുണ്ട്. ആൾക്കാർക്ക് എന്താണ് പറയാനാകാത്തത്. നിയമ പരമായി അദ്ദേഹം ഇതിനു മുൻപ് ഒരു വിവാഹം മാത്രമാണ് കഴിച്ചത്. മറ്റൊരു ബന്ധത്തിൽ ഒരു മകനുമുണ്ട്. ഞങ്ങൾ ധാരാളം സീരിയലുകളിൽ ഒന്നിച്ചഭിനയിച്ചു. ‘സീത’യിലാണ് ഇപ്പോൾ ഒരുമിച്ചഭിനയിക്കുന്നത്. അതിലും ഭാര്യാ ഭർത്താക്കൻമാരാണ്. സീരിയലില്‍ ഞങ്ങളുടെ കല്യാണം കഴിഞ്ഞ ജൂണിലായിരുന്നു. ഷൂട്ടിന്റെ തലേന്നാണ് അതിൽ എന്നെ വിവാഹം കഴിക്കുന്നത് ചേട്ടനാണെന്നറിഞ്ഞത്.

a5

എനിക്കും പറയാനുണ്ട്

ഞങ്ങളുടെ കല്യാണം കഴിഞ്ഞതറിഞ്ഞ്, കുറച്ചു പേർ ചേര്‍ന്ന് കേക്ക് മുറിച്ചത് വളരെയധികം വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. ആ വ്യക്തി എങ്ങനെയുള്ള മനുഷ്യനാണെന്ന് ഈ വിഡിയോയിൽ കൂടി ജനം മനസ്സിലാക്കിയിട്ടുണ്ടാകും. എനിക്കു തിരികെ പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ വളരെ മോശം കാര്യങ്ങളുമാണ്. ഞാനതൊന്നും പറയാത്തത് എന്റെ മാന്യത. എന്റെ കുഞ്ഞിന്റെ ഭാവിയെക്കൂടി ബാധിക്കുന്ന കാര്യമായതിനാൽ, ഒരു അമ്മയെന്ന നിലയിൽ ഞാനെന്റെ ഉത്തരവാദിത്വം കാണിക്കണം. അവനിപ്പോൾ വളരെ ഹാപ്പിയാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കണം. ഇനിയും ഇത്തരം കാര്യങ്ങളുണ്ടായാൽ, അത് ഞങ്ങളുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ നിയമപരമായി നീങ്ങാനാണ് തീരുമാനം. അതല്ല, പറയിക്കുകയാണെങ്കിൽ പറയേണ്ടി വരും. പക്ഷേ. ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. എല്ലാം ഇങ്ങനെ തീരുന്നെങ്കിൽ തീരട്ടെ. സഹിക്കുന്നതിന് പരിധിയുണ്ട്.

a2

അവനൊരു നല്ല അച്ഛനെ കിട്ടി

അച്ഛനും മകനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. മോന്റെ ജന്മദിനമോ നക്ഷത്രമോ പോലും അദ്ദേഹത്തിന് അറിയില്ല. ആറ് വയസ്സാണോ ഏഴു വയസ്സാണോ, ഏതു ക്ലാസിൽ പഠിക്കുന്നു ഏതു സ്കൂളിൽ പഠിക്കുന്നു എന്നൊന്നുമറിയില്ല. ഇപ്പോൾ അവനൊനു നല്ല അച്ഛനെ കിട്ടി. അവർ തമ്മിൽ നല്ല അടുപ്പമാണ്.