Tuesday 20 November 2018 03:35 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ മരിച്ചിട്ടില്ല’; വ്യാജവാർത്തയ്ക്കെതിരെ വികാരാധീനയായി അഞ്ജു

anju-new

ഇടയ്ക്കിടെ സിനിമാ താരങ്ങളെ കൊല്ലുന്നത് സോഷ്യൽ മീഡിയയുടെ ശീലമാണ്. അതിന്റെ ഏറ്റവും പുതിയ ഇരയാണ് അഞ്ജു. ബാലനടിയായി വന്ന് നായികയായി, തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന അഞ്ജു തമിഴ് സീരിയൽ രംഗത്തും സജീവമായിരുന്നു.

കഴിഞ്ഞ ദിവസമാണ് അഞ്ജു മരിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്ത പരന്നത്. അത് വേഗത്തിൽ പ്രചരിച്ചു. താരത്തിന് ആദരാഞ്ജലി അർപ്പിച്ച് പലരും രംഗത്തു വരാൻ തുടങ്ങി. അതോടെയാണ് താന്‍ മരിച്ചിട്ടില്ലെന്നും കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്നും വ്യക്തമാക്കി അഞ്ജു തന്നെ രംഗത്ത് വന്നത്. ‘‘വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇൗ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നെയും എന്റെ കുടുംബത്തെയും മാനസികമായി തളര്‍ത്തുന്നു’’.– അഞ്ജു വ്യക്തമാക്കി.

അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരേ രംഗത്തു വന്നു. ‘‘അഞ്ജു കുടുംബത്തോടൊപ്പം ജീവനോടെ തന്നെയുണ്ട്. ഒരുപാട് പേര്‍ അവര്‍ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?’’.– നാട്ടി ചോദിക്കുന്നു.