Friday 07 August 2020 11:57 AM IST

ആ സീനിന്റെയൊരു ആവേശത്തിൽ ശരിക്ക് തല്ലായി, നല്ല പരിക്കുക്കളും വീഴ്ച്ചകളും ഒക്കെ പറ്റിയിട്ടുമുണ്ട് ; കപ്പേളയുടെ നിലയ്ക്കാത്ത ഓൺലൈൻ വിശേഷങ്ങളുമായി അന്നാ ബെൻ

Shyama

Sub Editor

anna ben4
ഫോട്ടോ: ഹരികൃഷ്ണൻ

മാസ്ക്കുക്കൾക്കും സാനിറ്റൈസറുകൾക്കും മുൻപുള്ളൊരു കാലത്തിൽ സിനിമ തീയറ്ററുകൾ അവസാനമായി സ്ക്രീന്‍ ചെയ്തൊരു സിനിമയാണ് കപ്പേള. ഇപ്പോഴും പല തീയറ്റുകളിലും അതിന്റെ ഫെക്സും കാണാം... കുറച്ചു കാലത്തേക്ക് മറന്ന കപ്പേള പക്ഷേ, ഒടിടി റിലീസിലൂടെ മലയാളികൾക്കു മുന്നിൽ വീണ്ടും വന്നു... കപ്പേള വിഷേശങ്ങളും ലോക്ഡൗൺ വിശേഷങ്ങളുമൊക്കെയായി വനിത ഓൺലൈനിന്റെ ചോദ്യങ്ങൾക്ക് ഫുൾടൈം ചിരിയുമായി ഉത്തരങ്ങൾ പറഞ്ഞ് അന്ന ബെൻ.

1. ഒറ്റ സിനിമ രണ്ട് റിലീസ്, എന്തായിരുന്നു അന്നയുടെ റിയാക്ഷൻ?

ആദ്യമിത്തിരി ടെൻഷനുണ്ടായെങ്കിലും ഞങ്ങളെല്ലാവരും ഭയങ്കര ഹാപ്പിയാണ്. തീയറ്ററിൽ സിനിമ വന്ന് നാലു ദിവസത്തിലെന്തോ അതൊക്കെ അടച്ചു. ഓൺലൈനിൽ റിലീസ് ആകുമെന്നറിഞ്ഞപ്പോ ഒരു മിക്സ്ഡ് ഫീലിങ്ങാണ്. ഒരുപാട് സിനിമകളും സീരീസും ഒക്കെ വരുന്നിടമാണ് നെറ്റ്ഫ്ലിക്സ്. ഞങ്ങളുടെ ഈ കൊച്ച് സിനിമ അതിനിടയിൽ മുങ്ങി പോകുമോ എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ, വളരെ നല്ല റെസ്പോൺസാണ് കിട്ടുന്നത്. ഇഷ്ടംപോലെ റിവ്യൂസും നിറയെ ട്രോളുകളും...

2. ട്രോളിന്റെ കാര്യം പറഞ്ഞപ്പോഴാണ്... പൂട്ടിയിടാൻ ഇഷ്ടമുള്ള ആൾ എന്നതാണല്ലോ ഹിറ്റായ ട്രോൾ... അതേപ്പറ്റി എന്താ പറയാനുള്ളത്?

(ഒരു വൻ പൊട്ടിച്ചിരിക്ക് ശേഷം) ചിലതൊക്കെക്കണ്ട് ചിരിച്ച് ഒരു വഴിക്കായി... അതൊക്കെ അങ്ങനെ സംഭവിച്ചു പോകുന്നതാണ്.

3. സൺസെറ്റിന്റെ സ്വന്തം ആളാണെന്ന് കേട്ടിട്ടുണ്ടല്ലോ... ശരിയാണോ?

ഉവ്വ്. എനിക്ക് സൺസെറ്റ് കാണാൻ ഭയങ്കര ഇഷ്ടമാണ്. കപ്പേള ഷൂട്ട് ചെയ്ത പൂവാറന്തോട് എന്ന് പറയുന്ന സ്ഥലം നല്ല ഭംഗിയുള്ളൊരു ഗ്രാമമാണ്. അവിടെ കാടും മലയുമൊക്കെ കേറി സൺസെറ്റ് ഒക്കെ കാണാൻ പോകുമായിരുന്നു.

അതേ പോലെ തന്നെ ഇഷ്ടമാണ് ഭക്ഷണം. ആ സെറ്റിൽ എന്റെ അമ്മ നല്ല കപ്പയും ഇറച്ചിയും ഒക്കെയുണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരൊക്കെയായി നല്ല കൂട്ടായിരുന്നു.

4. ഇതുവരെ ചെയ്തതൊക്കെ ഭയങ്കര നന്മയുള്ള റോളുകളാണ്. ഇനി ഒരു നെഗറ്റീവ് ഷെയ്ഡുള്ള റോൾ വന്നാൽ ചെയ്യുമോ?

തീർച്ചയായും. ഇന്ന ടൈപ്പ് മാത്രം എന്നതിലേക്ക് ഒതുങ്ങരുതെന്നാണ് എപ്പോഴും ആഗ്രഹം. ഞാൻ അടുത്തതായി ചെയ്യാൻ തുടങ്ങിയ സിനിമയിൽ ഇച്ചിരി പോക്കിരിയായൊരു റോളാണ്.

5. ഈ സിനിമിലെ ഫൈറ്റ് സീക്വൻസ് ഇച്ചിരി കൈവിട്ട കളിയായി പോയെന്ന് കേട്ടിരുന്നല്ലോ. അന്നയ്ക്കും നല്ല തല്ല് കിട്ടുന്നുണ്ട്... അതേക്കുറിച്ച് പറയാമോ?

ശരിക്കും ഭയങ്കര മാസ്റ്റർ ഫൈറ്റ് ആയിട്ടല്ല അത് എടുത്തത്. രണ്ട് സാധാരണക്കാർ അവർക്ക് ചുറ്റുമുള്ള സാധനങ്ങളും മറ്റും കൊണ്ട് അടിയുണ്ടാക്കുന്നു. അങ്ങനെയാണ് ഭാസിയും റോഷനും അത് ചെയ്തതും. അഭിനയിച്ച് തുടങ്ങിയതും ആ സീനിന്റെയൊരു ആവേശത്തിൽ ശരിക്ക് തല്ലായി. നല്ല പരിക്കുക്കളും വീഴ്ച്ചകളും ഒക്കെ പറ്റിയിട്ടുമുണ്ട്. ഭാഗ്യത്തിന് വലിയ പരിക്കൊക്കും ഉണ്ടായില്ല.

ഞാനും റോഷനുമൊക്കെ മുൻപേ നല്ല ഫ്രണ്ട്സാണ്. ഒരുമിച്ച് അഭിനയിക്കാൻ പറ്റിയതിന്റെ ത്രില്ലും ഉണ്ട്. എന്നെ തല്ലുന്ന സീനിനെ കുറിച്ച് റോഷനെന്നോട് അതിനു മുൻപേ സംസാരിച്ചു. അത് റിയൽ ആയി തോന്നാൻ ശരിക്ക് അടിക്കേണ്ടി വരുമെന്നും പറഞ്ഞു, ഞാൻ ഓകെ പറഞ്ഞു. എന്നിട്ട് ഷോട്ട് വന്നപ്പോ അവൻ രണ്ട് അടി അടിച്ചു. റോഷനെ ഇനി എന്നാണോ കാണുന്നത് അത് അങ്ങനേ തന്നെ തിരിച്ചു കൊടുക്കുമെന്ന് ഞാൻ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്.

6. ഇൻസ്റ്റയിൽ നല്ല രസകരമായ ചില എഴുത്തുകളൊക്കെ കാണാമല്ലോ... എഴുത്ത് ഇഷ്ടമാണോ?

എഴുതാനിഷ്ടമാണ്. പപ്പ എഴുത്തുകാരനായതുകൊണ്ട് തന്നെ ആ രീതിയിലുള്ള ജഡ്ജ്മെന്റുകൾ വരാനുള്ള സാധ്യത ഭയങ്കര കൂടുതലുണ്ട്. എഴുത്തിനുള്ള സാധ്യത എപ്പോഴുമുണ്ടല്ലോ... വരയ്ക്കാനും ഇഷ്ടമാണ്. അമ്മയും അത്യാവശ്യം വരയ്ക്കും.

anna ben 2

7. അതുപോലെ തന്നെ നല്ല ഫാഷൻസെൻസുള്ള ആളും കൂടിയാണ്. എങ്ങനെയാണ് എപ്പോഴും ഇത്ര ഭംഗിയായി സ്വയം പ്രസന്റ് ചെയ്യുന്നത്?

ഫാഷനെ കുറിച്ചാണ് പഠിച്ചത്, മുൻപ് ജോലി ചെയ്തതും ആ ഫീൽഡിലാണ്. ഒരുപാട് സുഹൃത്തുക്കളും ആ മേഖലയിൽ നിന്നുണ്ട്. ഇപ്പോ പിന്നെ പ്രോഗ്രാമുകൾക്കും ചടങ്ങുകൾക്ക് പോകുമ്പോഴും ഞാൻ തന്നെയാണ് എന്റെ സ്റ്റൈലിസ്റ്റ്. ചിലപ്പോ ഫ്രണ്ട്സും സജ്ജഷൻസ് തരും. മിനിമലിസം ആണ് ഇഷ്ടം.

ഒരുങ്ങുന്ന കാര്യത്തിൽ അമ്മ ഇൻസ്പയർ ചെയ്തിട്ടുണ്ട്...

8. ഈ സിനിമയിൽ ശരിക്കും പെട്ട് പോകുന്നൊരു അവസ്ഥയുണ്ടല്ലോ... അത്ര ഭീകരമല്ലെങ്കിലും ജീവിതത്തിൽ രസകരമായി പണിപാളിയ സന്ദർഭങ്ങളുണ്ടോ?

പൊട്ടത്തരങ്ങളൊക്കെ പറ്റാറുണ്ട്. എന്നാലും പെട്ടന്ന് ചോദിക്കുമ്പോ ഓർമ വരുന്നത് സ്കൂളിൽ പഠിക്കുന്ന സമയമാണ്. പരിപാടികൾ വരുമ്പോ എനിക്ക് എല്ലാത്തിനും പങ്കെടുക്കാനൊക്കെ ഭയങ്കര ഇഷ്ടമാണ്. അത്യാവശ്യം ഡാൻസൊക്കെ ചെയ്യും പക്ഷേ, പാട്ട് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ല. അന്ന് ഒരാവേശത്തിന് ഞാൻ വെസ്റ്റേൺ സോങ്ങിനു പേരു കൊടുത്തു. എന്റെ പേരു വിളിച്ചു... ഞാൻ സ്‌റ്റേജിൽ കയറിപ്പാടാനും തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോ മുന്നിലിരിക്കുന്ന ജഡ്ജസിന്റെയൊക്കെ മുഖം മാറാൻ തുടങ്ങി. കൂടുതൽ നിന്ന് ക്ഷീണിക്കാതെ ബുദ്ധിപൂർവ്വം ഞാനാ പാട്ടങ്ങ് നിർത്തി...

9. അനിയത്തി സൂസന്ന നന്നായി പാടുമല്ലോ അല്ലേ?

അവൾ പാടും, ഇൻസ്റ്റയിലൊക്കെ എന്നോട് ആളുകൾ ഏറ്റവും കൂടുതൽ ചോദിക്കുന്നത് അവളുടെ പാട്ടിനെ പറ്റിയാണ്. അമ്മയും പാടും, അങ്ങനെയാണെന്ന് തോന്നുന്നു അവൾക്കാ ഇഷ്ടം വന്നത്.

10. ലോക്ഡൗൺ കാലം എങ്ങനെ?

സത്യം പറഞ്ഞാ മതിയായി. ഇതൊക്കെ വേഗം തീർന്ന് എല്ലാം പഴയപോലെയൊന്ന് ആയാ മതീന്നാ...

അമ്മ നല്ല കുക്കാണ്, അതൊകൊണ്ട് അമ്മേടടുത്ത് നിന്ന് ഗൈഡൻസ് ഒക്കെ കിട്ടി ഞാൻ ബേക്കിങ്ങ് പരീക്ഷണങ്ങൾ നടത്തുന്നു. ഭാഗ്യത്തിന് ഇതുവരെ നല്ല റിസൾട്ടാണ്.

അനിയത്തിയുള്ളതാണ് എന്റെ ഏറ്റവും വലിയ ആശ്വാസം. ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെയാണ്. വഴക്കും കൂട്ടും ഒക്കെയുണ്ട്. ഞങ്ങൾക്ക് രണ്ടാൾക്കും കുറേ കോമൺ സുഹൃത്തുക്കളും ഉണ്ട്. അവരെയൊക്കെ വിളിച്ച് സംസാരിക്കും... സിനിമ, സീരീസ് കാണല്‍ അങ്ങനെ അങ്ങനെ...

കമ്മിറ്റഡായ ഒന്ന് രണ്ട് സിനിമകളുണ്ട്. പക്ഷേ, ഈയൊരു സാഹചര്യത്തിൽ ഒക്കെ നിർത്തിവച്ചിരിക്കുകയാണ്.

Tags:
  • Movies