അനുശ്രീയുടെ ‘ഓട്ടർഷയെ’ അടിമുടി മാറ്റി സുജിത് വാസുദേവ്-വിഡിയോ
Mail This Article
സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോ റിക്ഷ. കഷ്ടിച്ച് മൂന്നു പേരെ അല്ലെങ്കിൽ നാലു പേരെ വരെ മാത്രം ഉൾക്കൊള്ളുന്ന ചെറുവാഹനം. ആ ഓട്ടോ റിക്ഷയെ ഒരു റോളിങ് വെഹിക്കിൾ റിഗ് ആക്കി മാറ്റിയാൽ എങ്ങനെയിരിക്കും.
സംവിധായകൻ സുജിത്ത് വാസുദേവ് ആ പരീക്ഷണം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടർഷയ്ക്കു’ വേണ്ടിയായിരുന്നു ആ പരീക്ഷണം.
ഇന്ത്യയിൽതന്നെ ആദ്യമായാണ് ഇങ്ങനെയൊരു സാങ്കേതിക വിദ്യ. ഛായാഗ്രാഹകൻ കൂടിയായ സുജിത്തിന്റേതു തന്നെയാണ് ഈ നൂതന ആശയം. നടൻ പൃഥ്വിരാജ് സംഗതി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുക കൂടി ചെയ്തതോടെ സംഭവം വൈറലായിട്ടുണ്ട്.
ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും അത്തരം രംഗങ്ങൾ ചിത്രീകരിക്കുക. അതും ഓട്ടോയുടെ അകത്തുനിന്നുതന്നെ. വണ്ടിയുടെ മുകളിലും ക്യാമറ ടീമിന് വേണ്ടി പ്രത്യേകസൗകര്യം ഏർപ്പെടുത്തി. ചന്ദ്രകാന്ത് മാധവനാണ് റിഗ് ഡിസൈനർ.
ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. അനുശ്രീയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.