Wednesday 14 October 2020 11:35 AM IST

വയറു നിറയെ പൊറോട്ടയും ബീഫും കഴിച്ച് ഒരു ഡയറ്റ്! 5മാസം കൊണ്ട് കുറച്ചത് 21 കിലോ: അരുൺ ഗോപി ആളാകെ മാറി

V.G. Nakul

Sub- Editor

a1

രാജ്യം ലോക്ക്ഡൗണിലേക്കു നീങ്ങിയപ്പോൾ സംവിധായകൻ അരുൺ ഗോപി ഒരു വലിയ അപകടം മണത്തു. ഇനിയുള്ള കുറേക്കാലം സിനിമയൊന്നുമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരും. അധ്യാപികയായ ഭാര്യ സൗമ്യയ്ക്കും കോളജിൽ പോകേണ്ട. പുള്ളിക്കാരിയാണെങ്കിൽ ഗംഭീര കുക്കും. അതുകൊണ്ടു തന്നെ പാചക പരീക്ഷണങ്ങൾ ഉറപ്പ്. പൊതുവേ ഭക്ഷണപ്രിയനായ തനിക്ക് കഴിപ്പൊഴിഞ്ഞ നേരമുണ്ടാകില്ല. ഇപ്പോൾ തന്നെ ശരീര ഭാരം 108 കിലോയായി. ഷർട്ടിന്റെ സൈസ് ഡബിൾ എക്സൽ. പാന്റിന്റെത് 38. പാടില്ല, എങ്ങിനെയെങ്കിലും ഒരു പ്രതിവിധി കണ്ടെത്തേണ്ടിയിരിക്കുന്നു! മാത്രമല്ല, പാചകപ്രേമിയായ ഭാര്യ പോലും വണ്ണം കാരണം തനിക്കുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കി, എങ്ങിനെയെങ്കിലും ഇതൊന്നു നിയന്ത്രിക്കട്ടെ എന്ന ചിന്തയോടെ ‘തടിയാ...’ എന്നാണ് കളിയാക്കി വിളിക്കുന്നത്. ഇനി വൈകിക്കേണ്ട, പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീട്ടിൽ അരുൺ ഗോപിയും പ്രഖ്യാപിച്ചു – ഞാൻ ഡയറ്റ് തുടങ്ങുന്നു...!

ബാക്കി എന്താണ് സംഭവിച്ചതെന്ന് അരുൺ ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

‘‘108 ൽ നിന്ന് 5 മാസം കൊണ്ട് 87 ൽ എത്തി. ഒരു ലോക്ക് ഡൗൺ അപാരതയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഒന്നും ചെയ്യാനില്ല. ഒരുപാട് സമയവും ഉണ്ട്. തടിയാണെങ്കിൽ കൂടിക്കൊണ്ടുമിരിക്കുന്നു. വെറുതേയിരുന്നു, ഭാര്യയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിച്ചാല്‍ 108ൽ നിന്ന് 118 ലേക്ക് പോകും എന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് ഡയറ്റ് ചെയ്യാം എന്നു തീരുമാനിച്ചത്.

എനിക്ക് വെറുതേയിരിക്കുമ്പോൾ ഡയറ്റ് ചെയ്യാനൊക്കെ എളുപ്പം പറ്റും. ഷൂട്ടിനിടെയിലോ, യാത്ര ചെയ്യുമ്പോഴോ ഒന്നും അത് പറ്റാറില്ല. അങ്ങനെയെങ്കിൽ കൊറോണക്കാലത്ത്, വീട്ടിൽ ഒതുങ്ങിയിരിക്കുന്ന സമയമാണ് തടിയെ വരുതിക്ക് നിർത്താൻ ഏറ്റവും നല്ലതെന്നു മനസ്സിലായി’’.– അരുൺ പറയുന്നു.

a5

സ്വന്തം പ്ലാൻ

എനിക്ക് എത്ര സമയം വേണമെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാൻ പറ്റും. പക്ഷേ, കഴിക്കുമ്പോൾ അൺലിമിറ്റഡ് ആയിപ്പോകും എന്നതാണ് പ്രശ്നം. ആ സാധ്യത മുതലാക്കി, സ്വന്തമായി ഒരു ഡയറ്റ് പ്ലാൻ കണ്ടെത്തുകയായിരുന്നു. ഇഷ്ടമുള്ളതൊക്കെ എനിക്കു കഴിക്കുകയും വേണമായിരുന്നു.

അതായത്, രാവിലെ 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. എന്നിട്ട് ഉച്ചയ്ക്ക് 3 മണിക്ക് ലഞ്ച്. അത്രയുമാണ് ഒരു ദിവസത്തെ ഭക്ഷണം. ദിവസവും 4ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കും. പൊറോട്ടയും ബീഫും വരെ ഞാൻ ബ്രേക്ക് ഫാസ്റ്റിന് കഴിക്കാറുണ്ട്. മധുരം പൂർണമായും ഒഴിവാക്കി. പൊതുവേ ഞാൻ മധുരം കുറച്ചേ ഉപയോഗിക്കാറുള്ളു. കാപ്പിയും ചായയും പതിവില്ല.

a3

ചാക്കോച്ചൻ ഗുരു

തുടക്കത്തിൽ തുടങ്ങിയ വർക്കൗട്ട് കുഞ്ചാക്കോ ബോബന്റെ ഒരു വർക്കൗട്ട് രീതിയുടെ അനുകരണമായിരുന്നു. അതായത് ചാക്കോച്ചൻ അദ്ദേഹത്തിന്റെ ഫ്ളാറ്റിന്റെ പടികൾ കയറിയിറങ്ങി വർക്കൗട്ട് ചെയ്യുന്ന ആളാണ്. ഞാനും അതാണ് ആദ്യം പരീക്ഷിച്ചത്. അതിനു ശേഷം ജിമ്മിൽ പോയിത്തുടങ്ങി. എന്റെ കൂട്ടുകാരൻ ജെയ്സൺ ജേക്കബ് അദ്ദേഹത്തിന്റെ ഡ്രീം ജിം എനിക്കു വേണ്ടി തുറന്നു തന്നു. അദ്ദേഹത്തിന്റെ ട്രെയിനിങ് കൂടിയായപ്പോൾ തടി പെട്ടെന്നു കുറഞ്ഞു. ഒപ്പം ബാഡ്മിന്റൺ കളിയും ഉണ്ടായിരുന്നു.

a2

ഭക്ഷണം കഴിക്കാൻ ജീവിക്കുന്ന ഞാൻ

ഞാൻ സത്യത്തിൽ ജീവിക്കുന്നത് തന്നെ നല്ല ഭക്ഷണം കഴിക്കാനാണ്. ഞാൻ സ്ഥലങ്ങളെക്കുറിച്ച് പറയുന്നതു പോലും അവിടുത്തെ നല്ല ഭക്ഷണശാലകളെക്കുറിച്ച് സൂചിപ്പിച്ചാണ്. എന്റെ ടെൻഷൻസും വിഷമങ്ങളുമൊക്കെ ഭക്ഷണം കഴിച്ച് തീർക്കുന്ന ആളാണ് ഞാൻ. ആ ഞാനാണ് ഈ ഡയറ്റ് ചെയ്തത് എന്നോർക്കണം.

a4

തിരിച്ചറിയുന്നില്ല

എന്റെ ഷർട്ടുകൾ എനിക്കു ചേരാതായി. ഭാര്യ ‘തടിയാ...’ന്നു വിളിക്കാനും തുടങ്ങി (ചിരി...). ഒപ്പം വണ്ണം കൂടുന്നതിന്റെ പ്രയാസങ്ങൾ എനിക്കും തോന്നിത്തുടങ്ങി. അങ്ങനൊണ് തടി കുറയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഷർട്ടിന്റെ അളവ് ലാർജ്, പാന്റിന്റേത് 34. അതൊക്കെ വലിയ കാര്യമാണ്. ഇനി ഇത് മെയിന്റെയ്ൻ ചെയ്യാനാണ് പ്ലാൻ. പക്ഷേ, അത് നല്ല ഭക്ഷണം കാണും വരെയേ പറ്റൂ.... എങ്കിലും ഇതിന്റെ ഒരു രീതി ഞാൻ മനസ്സിലാക്കി. എങ്ങനെ തടി കുറയ്ക്കാം മെയിന്റെയ്ൻ ചെയ്യാം എന്നൊക്കെ പിടികിട്ടി. ഇപ്പോ മാസ്കും വച്ച് ഈ രൂപത്തിൽ എന്നെ കാണുമ്പോൾ ആരും തിരിച്ചറിയുന്നില്ല...