Thursday 26 September 2024 02:33 PM IST : By സ്വന്തം ലേഖകൻ

‘കഥാപാത്ര വിമർശനമല്ല, നടക്കുന്നത് വ്യക്തി അധിക്ഷേപം’: തുടക്കക്കാരാണ്, അവരെ ഉപദ്രവിക്കരുത്: അരുൺ പുനലൂരിന്റെ കുറിപ്പ്

arun-punalur-14

തീയറ്ററിൽ ഹിറ്റായ ‘വാഴ’ സിനിമയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആനന്ദ് മോനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി, ഹാഷിർ തുടങ്ങി യുവതാരനിരയാണ് അണിനിരന്നത്. എന്നാൽ ഒരുവശത്ത് ചിത്രത്തിലെ യുവതാരങ്ങളുടെ പ്രകടനത്തോ ട്രോളിയും പരിഹസിച്ചും ഒരു കൂട്ടം പേർ രംഗത്തെത്തുന്നുണ്ട്. ചിത്രത്തിലെ നിർണായക ഘട്ടത്തിലെ അമിത് മോഹൻ അനതരിപ്പിച്ച കഥാപാത്രത്തിനെയും കണക്കറ്റ് പലരും വിമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നടൻ അരുൺ പുനലൂർ. കഥാപാത്ര വിമർശനത്തിന്റെ അതിരു കടന്നു വ്യക്തി അധിക്ഷേപം ആയി മാറുന്ന ചില കമന്റുകകൾ ദൗർഭാഗ്യകരമാണെന്ന് അരുൺ പ്രതികരിച്ചു.

‘ഇപ്പോഴുള്ള ഇരുത്തം വന്ന നടന്മാരെല്ലാം അവർക്ക് കിട്ടിയ വേഷങ്ങൾ ചെയ്തു ചെയ്താണ് നല്ല അഭിനേതാക്കൾ ആയത്..അമിത് മോശമല്ലാത്തൊരു നടനാണ്...തുടക്കമല്ലേ അയളും വേഷങ്ങൾ ചെയ്തു ചെയ്തു മുന്നോട്ടു വരട്ടെ.’– അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റ പൂർണരൂപം:

വാഴ തീയറ്ററിൽ കണ്ടിറങ്ങിയപ്പോ പിള്ളേരുടെ കൂട്ടത്തിൽ എനിക്കു പേഴ്സണലി ഉള്ളിൽ തട്ടിയ പെർഫോമൻസ് ഈ ചങ്ങാതിയുടേത് ആയിരുന്നു...
ഒരു കുഞ്ഞ് നൊമ്പരം തന്നു വിട്ട കഥാപാത്രം...

ഇപ്പൊ ott റിലീസിന് ശേഷം അച്ഛനോട് വഴക്ക് കൂടുന്ന ആ സീനിൽ ഈ പയ്യൻ ചെയ്തത് ഓവർ ആണെന്നൊക്കെ പറഞ്ഞു കുറെ പോസ്റ്റുകൾ കണ്ടു...
അതിൽ പലതും കഥാപാത്ര വിമർശനത്തിന്റെ അതിരു കടന്നു വ്യക്തി അധിക്ഷേപം ആയി മാറുന്ന ചില കമന്റുകളോടെ ഒരു കൂട്ടം ചേർന്ന ആക്രമണം പോലെ തോന്നത്തക്ക രീതിയിലേക്ക് പോകുന്നത് കാണുന്പോ സങ്കടം തോന്നി...

കുഞ്ഞിലേ ഭയത്തോടെ മാത്രം മാതാപിതാക്കളെ കണ്ട് ഏത് നിമിഷവും വീണേക്കാവുന്ന അടി പേടിച്ചു പേടിച്ചു വളർന്നു വലുതാകുമ്പോ അച്ഛനുമമ്മയുമൊക്കെ തീരുമാനിക്കുന്നത് പഠിക്കാൻ നിർബന്ധിതനാക്കേണ്ടി വന്നു സ്വന്തം ഇഷ്ടങ്ങൾക്ക് അവിടെ യാതൊരു പ്രസക്തിയുമില്ലാതെയായി നമുക്ക് പൊരുത്തപ്പെടാൻ പറ്റാത്ത പലതുമായി മല്ലിട്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ നിയന്ത്രണം വിട്ട് ഒരിക്കൽ പൊട്ടിത്തെറിച്ചു അതിന്റെ പേരിൽ വീട് വിട്ട് ഇറങ്ങിപ്പോകേണ്ട അവസ്ഥ വന്നിട്ടുള്ളവർക്ക് ഈ സിറ്റുവേഷൻ നന്നായി മനസിലാകും...
അല്ലാത്തവർക്ക് ചിലപ്പോൾ അയാൾ ചെയ്തതൊക്കെ ഓവർ ആക്ടിങ് ആയി തോന്നാം...

77ൽ ജനിച്ചു 80 കളിലെ കുട്ടികാലത്ത് ഏറെക്കുറെ ഇതേ പേടിയോടെ മാത്രം ജീവിച്ചു 90 കളുടെ പകുതിയിൽ വീട്ടുകാർ തിരഞ്ഞെടുത്ത വഴികളിൽ മനസില്ലാമനസോടെ സഞ്ചരിക്കേണ്ടി വന്നതിന്റെ സർവ്വ കഷ്ടപ്പാടുകളും മാനസിക വ്യഥകളും അനുഭവിച്ചു ഇത്രയും കാലത്തിനിടയിൽ സ്വാതന്ത്ര്യം നേടിയെടുക്കാനായി ഇതേപോലെ പലവട്ടം വഴക്കിട്ടു പൊട്ടിത്തെറിച്ചു വീട് വീട്ടിറങ്ങിപ്പോയിട്ടുള്ള എനിക്കത് നന്നായി മനസിലാകും...

പേടിയും നിസഹായതയും ദേഷ്യവുമെല്ലാം കൂടിക്കലർന്നു എന്തൊക്ക ചെയ്യുമെന്നറിയാതെ നമ്മളെത്തന്നെ കൈവിട്ട് പോകുന്ന അവസ്ഥ...
അതയാൾ മനോഹരമായി ചെയ്തു...
നസീറിക്കയും ആ സീൻ ഗംഭീരമാക്കി..

ഇപ്പോഴുള്ള ഇരുത്തം വന്ന നടന്മാരെല്ലാം അവർക്ക് കിട്ടിയ വേഷങ്ങൾ ചെയ്തു ചെയ്താണ് നല്ല അഭിനേതാക്കൾ ആയത്..
അമിത് മോശമല്ലാത്തൊരു നടനാണ്...തുടക്കമല്ലേ അയളും വേഷങ്ങൾ ചെയ്തു ചെയ്തു മുന്നോട്ടു വരട്ടെ...
ഇപ്പോഴേ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിൽ ഉപദ്രവിക്കരുത് എന്നൊരു അപേക്ഷയുണ്ട്... അമിത് എന്നല്ല ആരായാലും  ഇങ്ങനെ പെരുമാറി മാനസികമായി തകർക്കരുത്...