‘‘Literally lived next door to escape her torture !! Thats what we call sweetest memories forever. Happy Birthday.’’
എന്നായിരുന്നു ഇക്കൊല്ലം ഭാവനയുടെ പിറന്നാളിന് ഭാവനയുടെ ജ്യേഷ്ഠൻ ജയദേവ് ഫെയ്സ്ബുക്കിൽ എഴുതിയിട്ട ആശംസ.
‘‘അതിൽ അൽപം പോലും അതിശയോക്തി ഇല്ല കേട്ടോ. ഇവളെപ്പോലെ കുറുമ്പിയായൊരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നെക്കാൾ രണ്ട് വയസ്സ് ഇളപ്പമേയുള്ളു. പക്ഷേ, അവൾ വന്ന ശേഷം അമ്മയെ ഒന്ന് തൊടാൻ പോലും അവളെന്നെ അനുവദിച്ചില്ല. അമ്മയുടെ അടുത്തെങ്ങാൻ ഞാ ൻ ചെന്നാൽ അവൾ എന്നെ നുള്ളിപ്പറിക്കും. ’’
ഭാവന: നുള്ളൽ മാത്രമല്ല, തള്ള്, ഉന്ത്, അടി, ഇടി ഒക്കെയുണ്ടായിരുന്നു. അലമ്പിനു ഒരു കുറവും ഉണ്ടായിരുന്നില്ല.
ജയദേവ്: ഇവൾ ഉപദ്രവിക്കുമ്പോൾ ഞാൻ കരയുകയേയുള്ളു. . ഞാൻ രണ്ടുവയസ്സിന് മൂത്തതായിട്ടും ആൺകുട്ടിയായിട്ടും അവളായിരുന്നു വീട്ടിലെ വില്ലത്തി.
കരയുന്ന എന്നെ സമാധാനിപ്പിക്കാൻ പോലും ഇവൾ അ മ്മയെ അനുവദിക്കില്ല. അപ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചി വന്ന് എന്നെ എടുത്തുകൊണ്ട് പോകും. ഇവളെ പേടിച്ചിട്ട് പിന്നെ നേരം വെളുത്താൽ ഞാൻ നേരെ തൊട്ടപ്പുറത്തെ ശ്രീധരൻ മാഷ്ടെ വീട്ടിലേക്ക് പോകുന്ന അവസ്ഥയായി.’’
ഭാവന : ഇന്നും അമ്മയ്ക്ക് പരാതിയാണ്. നീ കാരണം എന്ന് എ നിക്കെന്റെ മോനെ മര്യാദയ്ക്ക് ഒന്നു കൊഞ്ചിക്കാൻ പോലും പറ്റിയില്ല എന്ന് ഇന്നും അമ്മ പറയും.
ജയദേവ്: വീട്ടിലെല്ലാരും അവളെ കാത്തി എന്നാണ് വിളിച്ചിരുന്നത്. എന്നെ എല്ലാരും ദേവൻ എന്നും. ഇത് കേട്ട് കാത്തിയും എന്നെ ദേവാ.. എന്ന് വിളിക്കാൻ തുടങ്ങി. ചേട്ടാ എന്ന് വിളി ക്കാൻ ഞാൻ പറയുമെങ്കിലും അവൾ കേൾക്കില്ല. തരം കിട്ടിയാൽ ‘എടാ ദേവാ’ എന്നും വിളിക്കും. ’’
ആ സമയത്ത് അച്ഛൻ ഞങ്ങളെ രണ്ടു സ്കൂളിലേക്ക് മാറ്റി. എന്നെ ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിലേക്കും. ഇവളെ ഹോളി ഫാമിലി സ്കൂളിലേക്കും. ഭയങ്കര സ്വാതന്ത്ര്യം ഉള്ള ആ സ്കൂൾ എന്നെയാകെ മാറ്റി. എന്നെ ഒരാൾ തല്ലിയാൽ തിരി ച്ചു തല്ലാം എന്നൊരു സാധ്യത ഞാൻ മനസിലാക്കുന്നത് അവിടെ വച്ചാണ്. ആ സ്കൂൾ എന്നെ ഒരു കുട്ടിയിൽ നിന്നും ഒരു വ്യക്തിയാക്കി മാറ്റി. ഇവളാണെങ്കിലോ കുശുമ്പ്, അസൂയ, തുടങ്ങിയ കലകളിൽ കേറിയങ്ങ് വളർന്നു.’’
ഭാവന : പിന്നേ.. ഞാൻ നല്ല കുട്ടിയായിരുന്നു. ഡാൻസ്, പാട്ട് മറ്റു കലാപരിപാടികൾ ഇതിലൊക്കെയാണ് ഞാൻ സത്യത്തിൽ വളർന്നത്.
ജയദേവ്: അക്കാലത്താണ് എനിക്കും അവൾക്കും അഭിനയിക്കാൻ ചാൻസ് വരുന്നത്. ‘ഉണ്ണിയുടെ അമ്മ’ എന്ന ടെലിഫിലിമിൽ. അതിൽ നായകനും നായികയും ആയാണ് ഞങ്ങൾ അഭിനയിച്ചത്. അവൾക്ക് അന്നേ അഭിനയത്തിനോട് ഇഷ്ടമായിരുന്നു. ആ സമയത്ത് കാത്തി ഡാൻസ് പഠിക്കുന്നുണ്ട്, എനിക്ക് ഡാൻസ് പഠിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ, അച്ഛൻ വിട്ടില്ല. അപ്പോൾ കാത്തി പറഞ്ഞു ഡാൻസ് അവൾ പഠിപ്പിച്ചു തരാം എന്ന്. ആദ്യം ചെയ്യേണ്ടത് അരമണ്ഡലം നിൽക്കൽ ആണ് എന്ന് പറഞ്ഞ് മുട്ട് വളച്ച് അവൾ എന്നെ നിർത്തിച്ചു. സമയം അഞ്ച് മിനിറ്റു കഴിഞ്ഞു പത്ത് മിനിറ്റ് കഴിഞ്ഞു. മണ്ഡലം തീരുന്ന മട്ടില്ല. ഞാൻ പതുക്കെ നിവർന്നു. പെട്ടെന്ന് അവൾ എന്റെ കാലിനിട്ട് ഒറ്റയടി. മുഴുമണ്ഡലം നിൽക്കാനല്ല, അരമണ്ഡലം നിൽക്കാനല്ലേ നിന്നോട് ഞാൻ പറഞ്ഞേ..
ഭാവന : കുട്ടിക്കാലത്ത് മാത്രല്ല, വലുതായിട്ടും ഞാനിവനെ വെറുതെ വിട്ടിരുന്നില്ല. ഞാൻ ഷൂട്ട് കഴിഞ്ഞ് രാത്രി രണ്ട് മണിക്കും മൂന്നു മണിക്കും ഒക്കെ വരുമ്പൊ ഇവൻ കിടന്ന് നല്ല ഉറക്കമായിരിക്കും. ഏത് പാതിരാവായാലും ഞാൻ ചെന്ന് കുലുക്കി ഉണർത്തി എഴുന്നേൽപിച്ച് ഇരുത്തിയിട്ട് പറയും. കണ്ടോ.. ഞാൻ ദേ, വന്നൂട്ടോ.. ഇനി ഉറങ്ങിക്കോ എന്ന്. ഷൂട്ടിന് പോകുമ്പോൾ എന്റെ കൂടെ ഇവൻ വരുന്നതായിരുന്നു കൂടുതൽ ഇ ഷ്ടം. തല്ല് പിടിച്ച് പോകാല്ലോ. പിന്നെ ചേട്ടൻ കാനഡയിൽ ഡിറക‌്ഷൻ ആൻഡ് ഗ്രാഫിക്സ് പഠിക്കാൻ പോയി. ചേട്ടൻ തമിഴ് സിനിമാരംഗത്ത് ആണ് പ്രവർത്തിക്കാൻ തീരുമാനിച്ചത്.’’
ജയദേവ്: നവീനുമായുള്ള പ്രണയം അവൾ എന്നോടാണ് ആദ്യം പറഞ്ഞത്. സൗമ്യനായ നവീനെ എനിക്കും ഇഷ്ടപ്പെട്ടു. കല്യാണം നിശ്ചയിച്ച സമയത്താണ് ഞങ്ങളുടെ അച്ഛൻ മ രിക്കുന്നത്. അതോടെ ഞങ്ങളാകെ വിഷമത്തിൽ പെട്ടു.
താങ്ങും തണലുമായിരുന്ന അച്ഛനെയാണ് പ്രതീക്ഷിക്കാതെ, അതും വിവാഹം അടുത്ത സമയത്ത് നഷ്ടപ്പെട്ടത്. അതോടെ എന്റെ ഉത്തരവാദിത്തം കൂടി. അച്ഛന്റെ മരണത്തിൽ നിന്നും ഞാനും കാത്തിയും ഒരു വിധം കയറിവന്നപ്പോഴേക്കും നവീന്റെ അമ്മ മരിച്ചു. വിവാഹം വീണ്ടും നീട്ടിവയ്ക്കേണ്ടി വന്നു. ഞാൻ ശരിക്കും ടെൻഷനിലായി. പിന്നെയും പല വിധ പ്രശ്നങ്ങൾ. പ്രതിസന്ധികളിലെല്ലാം കാത്തിയും ഞാനും ധൈര്യപൂർവം പിടിച്ചു നിന്നു.
ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും ഉണ്ടാകും, അതിന് അമിത പ്രാധാന്യം ഞാനും അവളും കൊടുക്കാറില്ല. കാരണം ഞങ്ങൾ രണ്ടാളും സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ്. അതുകൊണ്ട് പ്രശ്നങ്ങളിൽ പതറാറില്ല. അങ്ങനെ ഏറെ വിഷമങ്ങൾക്കു ശേഷം കല്യാണ നാളെത്തി.
ആർഭാടം കുറച്ച് എന്നാൽ ആവശ്യമായ ചെലവ് ചെയ്ത് ആണ് കല്യാണം നടത്തിയത്. കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാൾ എനിക്ക് ആശ്വാസമാണ് തോന്നിയത്. കാരണം അതെന്റെ വലിയ ഉത്തരവാദിത്തമായിരുന്നു. പിന്നെ എവിടെ പോയാലും എത്ര തിരക്കായാലും എന്നെ ഉപദ്രവിക്കാൻ അവൾ എന്റെ അരികിലേക്ക് വരും എന്നുറപ്പായിരുന്നു. ആ ഉപദ്രവം കിട്ടാതെ എനിക്കും പറ്റില്ല. അതുകൊണ്ട് ഒന്നുകിൽ അവൾ എന്നെക്കാണാൻ വരും. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് പോകും...
If there is a rewind Button I wish to rewind
നാട്ടിൽ ചേട്ടനൊരു ഗ്യാങ് ഉണ്ടായിരുന്നു. ഇവർ ഓണത്തിന് സ്ഥിരം കലാപരിപാടികൾ നടത്തും. നാട്ടുകാരോടു പിരിവെടുത്തിട്ടാണ് പരിപാടി. ഒരിക്കൽ അവർ ഇറങ്ങുന്നതിനു മുൻപേ ഞാനും കൂട്ടുകാരികളും കൂടി പിരിവിന് ചെന്നു. ‘അവരെന്താ വരാത്തേ ?’ എന്ന് അയൽക്കാർ. ഇത്തവണ ഞങ്ങളെയാ പിരിവ് ഏൽപിച്ചിരിക്കുന്നതെന്ന് ഞാൻ. അവർ പിരിവിന് ചെന്നപ്പോൾ ‘അതൊ ക്കെ അനിയത്തി വാങ്ങിക്കൊണ്ടു പോയല്ലോ എന്നും പറഞ്ഞു തിരിച്ചു വിട്ടു. ചോദിക്കാൻ ചേട്ടനും കൂട്ടരും വന്നപ്പോഴേക്ക് കാശെല്ലാം ഐസ്ക്രീമും ചൊക്‌ലെറ്റുമായി ഞങ്ങളുടെ വയറ്റിനകത്തായിരുന്നു.