Tuesday 11 May 2021 08:17 PM IST

രാജാവിന്റെ മകൻ എന്ന പേര് വന്നത് ‘വനിത’യിലെ കഥയിൽ നിന്ന്! അവസാന അഭിമുഖത്തിൽ ഡെന്നീസ് പറഞ്ഞത്

V R Jyothish

Chief Sub Editor

dennis-joseph-new

വനിതയിലെ ഹിറ്റ് പംക്തിയായ ‘ഓർമയുണ്ട് ഈ മുഖ’ത്തിനു വേണ്ടിയാണ് രണ്ടാഴ്ച മുമ്പ് ഡെന്നീസ് ജോസഫിനെ വിളിക്കുന്നത്. കാൽ നൂറ്റാണ്ട് കടന്നും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള പംക്തിയാണ് ഇത്. ആ കഥാപാത്രങ്ങളെ കണ്ടെത്തിയ അണിയറക്കഥകൾ പറയുന്നത് കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാർ തന്നെയാണ്.

രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റ് സിനിമയിലെ അഡ്വക്കേറ്റ് ആൻസി എന്ന കഥാപാത്രത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തോട് ചോദിക്കേണ്ടിയിരുന്നത്. അഭിമുഖത്തിനായി വിളിക്കുമ്പോൾ പല സിനിമാക്കാരെയും പോലെയുള്ള പതിവ് പല്ലവികളായിരുന്നു അദ്ദേഹവും പറഞ്ഞത്. ഇപ്പോൾ കുറച്ചു തിരക്കാണ്, പിന്നെയാവട്ടെ, നാളെയാവട്ടെ... അങ്ങനെ ഒരാഴ്ച പിന്നിട്ടു അദ്ദേഹത്തിന്റെ ഒഴിഞ്ഞുമാറൽ. പലരും ഈ രീതിയിൽ താല്പര്യമില്ലായ്മ പ്രകടിപ്പിക്കാറുണ്ട്. എങ്കിലും സഹിഷ്ണുതയോടെ കാത്തിരിക്കുക എന്ന നയമാണ് എന്റേത്. പത്രപ്രവർത്തകർ അഭിമുഖത്തിനു വിളിക്കുന്ന മാന്യവ്യക്തികളുടെ തിരക്കും അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും പരിഗണിക്കുകയും സഹിഷ്ണുതയോടെ അത് മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

എന്നാൽ ഡെന്നീസ് സാർ ഒഴിഞ്ഞു മാറുന്നതിന് മറ്റൊരു കാരണമാണ് ഞാൻ കണ്ടു പിടിച്ചത്. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ മുപ്പതാം വാർഷികത്തിൽ വനിതയിൽ ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചത്. ആ സിനിമയുടെ സംവിധായകൻ ജോഷിയുടെ അഭിമുഖം ചേർത്തു കൊണ്ടായിരുന്നു സ്റ്റോറി. തിരക്കഥാകൃത്ത് എന്ന നിലയിൽ ഡെന്നീസിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ജോഷി സംസാരിച്ചതിൽ കൂടുതലായി എനിക്കൊന്നും പറയാനില്ല എന്നാണ്. ആ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് ഡെന്നീസുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങൾ ജോഷി സാർ പറഞ്ഞിരുന്നു. ആ സ്റ്റോറി വനിതയിൽ അച്ചടിച്ചുവന്നു. ആ സംഭവത്തിന്റെ തുടർച്ചയായിട്ടായിരിക്കാം രാജാവിന്റെ മകനെക്കുറിച്ച് അദ്ദേഹം സംസാരിക്കാത്തത് എന്നായിരുന്നു എന്റെ ധാരണ.

എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു വിളിച്ചു, അടുത്ത ദിവസം സംസാരിക്കാം എന്ന് പറഞ്ഞു പിന്നെയും രണ്ടു ദിവസം കടന്നു മൂന്നാം ദിവസം ഞങ്ങൾ സംസാരിച്ചു.

രാജാവിന്റെ മകനെക്കുറിച്ച് മണിക്കൂറോളം അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നു. ആ സിനിമയിലെ വിൻസെന്റ് വിൻസെൻറ് ഗോമസിനെക്കുറിച്ചു പറഞ്ഞു: അഡ്വക്കറ്റ് ആൻസിയായി അംബികയെ തിരഞ്ഞെടുക്കാനുള്ള കാരണം, മോഹൻലാലിനെക്കാൾ പ്രതിഫലം കൊടുത്താണ് അംബികയെ അഭിനയിപ്പിച്ചത്. മൂന്നാല് സിനിമകൾ പൊളിഞ്ഞു നിന്ന തമ്പി കണ്ണന്താനത്തിനെ സഹായിക്കണമെന്ന് ജോഷി പറഞ്ഞതനുസരിച്ചാണ് ഡെന്നീസ് തമ്പിയെ കാണുന്നതും രാജാവിന്റെ മകൻ സംഭവിക്കുന്നതും. മമ്മൂട്ടിക്ക് വേണ്ടി സൃഷ്ടിച്ച വിൻസെന്റ് ഗോമസ് എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുകയും സൂപ്പർസ്റ്റാറാവുകയും ചെയ്ത കഥ . കൂട്ടത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഡെന്നിസ് പറഞ്ഞ ഒരു ഡയലോഗാണ് ‘രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെ അവതരിപ്പിച്ചില്ലെങ്കിലും മോഹൻലാൽ സൂപ്പർസ്റ്റാറാകുമായിരുന്നു’. തന്റെ എഴുത്തിൽ അത്രയ്ക്കും വിശ്വാസം ഉള്ള ഒരാൾ ആയതു കൊണ്ടാണ് ഇങ്ങനെ സത്യസന്ധമായി സംസാരിക്കാൻ ഡെന്നീസ് ജോസഫിന് കഴിഞ്ഞത്. മോഹൻലാലിനു കൈവന്ന സൂപ്പർ സ്റ്റാർ പദവി അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണെന്നും തന്റെ കഥാപാത്രങ്ങളെ കൊണ്ടല്ലെന്നും മുമ്പും ഡെന്നീസ് പറഞ്ഞിട്ടുണ്ട്.

ഡെന്നിസ് ജോസഫ് സംസാരിക്കുമ്പോൾ കൂടെ വരുന്നത് ഒരു കാലമാണ്. പ്രേക്ഷകർ എല്ലാം മറന്ന് സിനിമാതിയേറ്ററുകൾ ഉത്സവപ്പറമ്പുകളാക്കിയ ഹിറ്റ് സിനിമകളുടെ പിന്നാമ്പുറങ്ങൾ. നിന്നും ഇരുന്നും കിടന്നും രാത്രി പകലാക്കിയ ദിവസങ്ങൾ . സെറ്റിൽ ഇരുന്ന് എഴുതിയ കഥാഭാഗങ്ങൾ . അതെല്ലാം ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. വെള്ളിത്തിരയുടെ നിറക്കൂട്ടുകൾക്ക് അപ്പുറം നിറങ്ങളില്ലാത്ത അനുഭവങ്ങൾ.

രാജാവിന്റെ മകനിലെ അഡ്വ. ആൻസിയെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, മാതൃകകൾ ഇല്ലാതെയാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് ബഹുമാനം തോന്നുന്ന സ്ത്രീകളില്ലെ, അത്തരത്തിൽ ഒരാളാണ് അഡ്വ. ആൻസി.

ഞാൻ എഴുതിയ മാറ്റർ തനിക്ക് വായിച്ചു നോക്കണം എന്ന് അദ്ദേഹം പറഞ്ഞു. മാറ്റർ അയച്ചു കൊടുത്തു. തിരുത്തുകളൊന്നും പറഞ്ഞില്ല നന്നായി എന്നു പറയാനും മടിച്ചില്ല.

ഇത് അച്ചടിച്ചുവരുന്ന വനിത മാഗസിൻ അയക്കാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു വേണമെന്നില്ല ഇവിടെ വർഷങ്ങളായി വനിത വരുത്തുന്നുണ്ട്.

രാജാവിന്റെ മകൻ എന്ന പേരിന് വനിതയോട് അദ്ദേഹം നന്ദി പറഞ്ഞു. വനിതയിൽ സാറാജോസഫ് എഴുതിയ ഒരു കഥയുടെ പേര് രാജാവിന്റെ മകൻ എന്നായിരുന്നു. ആ കഥ മറന്നു പോയെങ്കിലും പേര് ഓർമ്മയിൽ നിന്നു. സിനിമയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ രാജാവിന്റെ മകൻ എന്ന പേര് നിർദ്ദേശിച്ചത് ഡെന്നീസ് ആയിരുന്നു.

സിനിമയിൽ യഥാർത്ഥത്തിൽ വില്ലൻ പരിവേഷത്തിൽ നിൽക്കുന്ന കഥാപാത്രത്തെയായിരുന്നു രാജാവിന്റെ മകൻ എന്ന് വിളിച്ചത്. മലയാളസിനിമയിൽ അതും ഒരു പുതുമയായിരുന്നു. ഇത്തരം പുതുമകളാണ് ഡെന്നിസ് ജോസഫിന് എന്നും വ്യത്യസ്തനാക്കിയിരുന്നത്. ന്യൂഡൽഹിയിലെ ജി കൃഷ്ണമൂർത്തിയും നിറക്കൂട്ടിലെ രവിവർമ്മയും എല്ലാം മലയാളിയെ സംബന്ധിച്ച് പുതുമ നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു.

മമ്മൂട്ടി മോഹൻലാൽ ജോഷി ഡെന്നിസ് ജോസഫ് ഇതിൽ ഏതെങ്കിലും പേരുകൾ ഉണ്ടെങ്കിൽ സിനിമ ഹിറ്റാവും എന്നൊരു വിശ്വാസം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അങ്ങനെയൊരു കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അപൂർവ്വം എഴുത്തുകാർക്ക് മാത്രമേ പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ അതിൽ ഒരാളായിരുന്നു ഡെന്നീസ് ജോസഫ് .

വനിതയിൽ ഡെന്നിസ് ജോസഫുമായുള്ള എന്റെ അഭിമുഖം ഇനിയും അച്ചടിച്ചു പുറത്തുവന്നിട്ടില്ല. അത് അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖമായിരുന്നു എന്നാണു പറയുന്നത്. ആ ബഹുമതി സന്തോഷമുള്ളതായി എനിക്കു തോന്നുന്നില്ല.

എന്തായാലും ഏതാനും ദിവസത്തെ സൗഹൃദമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരു ആജീവനാന്ത സുഹൃത്ത് വിട പറഞ്ഞതു പോലെ തോന്നുന്നു.

സാധാരണഗതിയിൽ അച്ചടിച്ചു പുറത്തുവരുന്ന ദിവസമുള്ള ഉപചാര വാക്കുകളിൽ തീരുന്നതാണ് മിക്കവാറും ഒരു പത്രപ്രവർത്തകനും സെലിബ്രിറ്റിയും തമ്മിലുള്ള ബന്ധം . സ്റ്റോറി അച്ചടിച്ചു വരുന്നതോടെ അത് അവസാനിക്കും. എന്നാൽ ഡെന്നീസ് സർ പിന്നെയും പിന്നെയും വിളിച്ചു പല കാര്യങ്ങളും സംസാരിച്ചു കൂടുതലും സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങൾ .

രണ്ടു ദിവസം മുമ്പും അദ്ദേഹം വിളിച്ചു. തിരുവനന്തപുരത്തെ കൊറോണ വ്യാപനം എങ്ങനെയുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് അഞ്ചുമാസം നീട്ടി വെച്ചിരുന്നെങ്കിൽ കേരളത്തിലെ സ്ഥിതി ഇത്ര മോശം ആകുമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തന്നെ ചില കഥാപാത്രങ്ങളെ ഓർത്തുപോയി.

കഴിഞ്ഞ ദിവസം അദ്ദേഹം വിളിച്ചത് മറ്റൊരു കാര്യം പറയാനായിരുന്നു. സാറാ ജോസഫിന്റെ രാജാവിന്റെ മകൻ എന്ന കഥയുടെ കോപ്പി വേണം. വായിച്ചു മറന്നതാണ്. കഥ ഉടനെ അയക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു. ഫോട്ടോ കോപ്പി എടുത്ത് അയച്ചാൽ മതി, കഥകളൊക്കെ അങ്ങനെ വായിക്കുന്നതാണ് സുഖം അദ്ദേഹം പറഞ്ഞു,

ആ കഥയുടെ കോപ്പി ഞാൻ നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു. കോപ്പി എടുത്തു കവറിലിട്ടു വച്ചിട്ടുണ്ട്.

ഏതു വിലാസത്തിലേക്കാണാവോ ഇനി അയക്കേണ്ടത് ???