Tuesday 11 May 2021 04:55 PM IST : By സ്വന്തം ലേഖകൻ

ജോഷി ചതിച്ചാശാനേ... ആ സൂപ്പര്‍ഹിറ്റ് ഡയലോഗ് പിറന്ന വഴി: സിനിമ ലോകത്തെ അറിയാക്കഥ: കുറിപ്പ്

dennis

ഡെന്നീസ് ജോസഫ് എന്ന അതുല്യ കലാകാരന്റെ വിയോഗം വേദനയായി പടരുമ്പോള്‍ ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് അജ്മല്‍ എംകെ മാണികകോത്ത്. ഡെന്നിസ് ജോസഫിന്റെ തൂലികയില്‍ നിന്നുതിര്‍ന്ന ജോഷി ചതിച്ചാശാനേ... എന്ന വിഖ്യാത ഡയലോഗ് പിറന്ന വഴിയാണ് അജ്മലിന്റെ കുറിപ്പിലുള്ളത്. മണിരത്‌നം വരെ തേടിയെത്തിയ ഡെന്നിസ് ജോസഫിന്റെ പ്രതിഭാവിലാസവും കുറിപ്പില്‍ അടിവരയിടുന്നു. 

മൂവി സ്ട്രീറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അജ്മല്‍ പങ്കുവച്ച കുറിപ്പ് വായിക്കാം:

ഡെന്നീസ് ജോസഫും രണ്ട് പ്രതികാരങ്ങളും

പ്രതികാരം-1

ന്യൂഡല്‍ഹി വന്‍ ഹിറ്റായ സമയത്താണ് സുഹാസിനി ഒരു ദിവസം വിളിച്ച് മണിരത്നത്തിന് ഒന്ന് പരിചയപ്പെടണം എന്ന കാര്യം പറയുന്നത്. അങ്ങനെ വുഡ്ലാന്‍ഡ്സിലെ എന്‍റെ മുറിയില്‍ മണിരത്നം കാണാന്‍ വരുന്നു. വെറുതെ കാണാന്‍ വന്നതായിരുന്നില്ല. കുട്ടികളെ പ്രധാന കഥാപാത്രങ്ങളായി അടുത്തതായി താന്‍ സംവിധാനം ചെയ്യുന്ന 'അഞ്ജലി' എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതി തരണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. അതുകേട്ട ഞാന്‍ ഒന്ന് അമ്പരന്നു. നായകന്‍, അഗ്നിനക്ഷത്രം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളുടെ മികവ് കണ്ട് അമ്പരന്ന് ഇരുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു 'ഇത്ര മികച്ച രീതിയില്‍ തിരക്കഥ എഴുതുന്ന താങ്കള്‍ എന്തിന് എന്നോട് തിരക്കഥ ചോദിക്കുന്നു'

അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് ഏറെ അഭിമാനം ഉണ്ടാക്കിയതായിരുന്നു..

ഇന്ത്യന്‍ വാണിജ്യ സിനിമയില്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന തിരക്കഥ 'ഷോലെ' യുടേതാണ്. അത് കഴിഞ്ഞ് പിന്നീട് ഇഷ്ടപ്പെട്ട വാണിജ്യ സിനിമയുടെ തിരക്കഥ 'ന്യൂ ഡല്‍ഹി'യുടേതാണ്. ആ ന്യുഡല്‍ഹിയുടെ എഴുത്തുകാരനെ എനിക്ക് വേണം. വേറെ ഒന്നും ഇല്ല- ഇതായിരുന്നു മണിരത്നത്തിന്‍റെ മറുപടി.

ചെറിയ പേടികള്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ എഴുതാന്‍ സമ്മതിച്ചു. ഏറെ നാള്‍ ചര്‍ച്ചകളുമായി കഴിഞ്ഞു.അങ്ങനെയിരിക്കുമ്പോഴാണ് ജോഷി പെട്ടെന്ന് വിളിച്ച് ഒരു തിരക്കഥ ആവശ്യപ്പെടുന്നത്. ( ബന്ധു കൂടിയായ നിര്‍മ്മാതാവ് തരംഗിണി ശശിക്ക് വേണ്ടി ഒരു പ്രത്യേക സാഹചര്യത്തിലാണ് ജോഷി ബന്ധപ്പെടുന്നത്). അങ്ങനെ മണിരത്നത്തിനോട് ഒരു സോറി പറഞ്ഞ് അ‍ഞ്ജലിയില്‍ നിന്നും ഒഴിവായി. പക്ഷെ അത് മണിരത്നത്തിന് ഭയങ്കര വിഷമമായി. ജോഷിയോടുള്ള ഒരു കടപ്പാടിന്‍റെ പുറത്തായിരുന്നു അങ്ങനെ ചെയ്തത്. അത് ശരിയല്ലെന്ന ബോധ്യം ഇന്നെനിക്കുണ്ട്. പക്ഷെ അങ്ങനെ ചെയ്യേണ്ടി വന്നു.

പിന്നീട് മണിരത്നം തന്നെ അഞ്ജലിയുടെ തിരക്കഥ എഴുതി. പടം റീലീസ് ചെയ്യുന്ന സമയത്ത് തിയേറ്ററില്‍ പോയി കാണണമെന്ന് തന്നെ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. പടം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിന്‍റെ ചെറിയൊരു പ്രതികാരം അതില്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ ഞാൻ പടം തിയേറ്ററില്‍ പോയി കണ്ടു. ചിത്രത്തിലെ കൊലയാളിയായ സസ്പെന്‍സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രഭുവാണ്. മൊത്തം കുട്ടികള്‍ ഭീതിയോടെ കാണുന്ന കഥാപാത്രം. 'പെരിയ കില്ലര്‍' എന്ന് കുട്ടികള്‍ ഭയക്കുന്ന ആ കഥാപത്രത്തിന് മണിരത്നം ഇട്ട പേര്- ഡെന്നീസ് ജോസഫ്, അതായിരുന്നു ഡെന്നീസിനോടുള്ള മണിരത്നത്തിന്‍റെ പ്രതികാരം.

അതിന് ശേഷം പിന്നീട് ഒരിക്കല്‍ പോലും സ്വന്തം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതാന്‍ മണിരത്നം മറ്റൊരാളെ സമീപിച്ചിട്ടുമില്ല.

പ്രതികാരം-2

''അഞ്ജലി-പാതിവഴിയില്‍ ഉപേക്ഷിച്ച് ജോഷിക്ക് വേണ്ടി തിരക്കഥ എഴുതുന്ന ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. ചിത്രത്തിന്‍റെ വര്‍ക്ക് പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഞാന്‍ എഴുതിക്കൊടുത്ത തിരക്കഥയ്ക്ക് പുറമെ സെക്കന്‍ഡ് ഹാഫില്‍ മറ്റ് ചില എഴുത്തുകാരെ കൊണ്ട് ജോഷി ഇതിന്‍റെ സ്ക്രിപ്റ്റ് പണികള്‍ ചെയ്യുന്ന കാര്യം ഞാനറിയുന്നത്. ജോഷിയോ നിര്‍മ്മാതാവോ എന്നോട് നേരിട്ട് ഇക്കാര്യം പറയുന്നില്ല. ആ സംഭവം എനിക്ക് മാനസികമായി വലിയ ഷോക്കായിരുന്നു. ആ സിനിമയോടെ ഞാനും ജോഷിയും തമ്മില്‍ മാനസികമായും പ്രൊഫഷണലുമായുള്ള സിങ്ക് അവസാനിച്ചു. എന്‍റെ തിരക്കഥ എന്‍റെ അനുവാദമില്ലാതെ തിരുത്താന്‍ മറ്റെല്ലാം സംവിധായകര്‍ക്കും അവകാശം ഉണ്ട്. ജോഷി ഒഴികെ, ഞങ്ങള്‍ തമ്മിലുള്ള ബന്ധം അതായിരുന്നില്ല.''

പിന്നീട് പടം റീലീസ് ആയപ്പോള്‍ ടെറ്റില്‍ കാര്‍ഡില്‍ സംഭാഷണം എന്നതില്‍ മാത്രം ഒതുങ്ങി ഡെന്നീസ് ജോസഫിന്‍റെ പേര്.

ഇതിന് ഡെന്നീസ് ജോസഫ് പ്രൊഫഷണലായി പകരം വീട്ടീയത് തൊട്ടു പിന്നാലെ ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

''ആശാനെ.. ചതി.. ചതി.. സംവിധായകന്‍ ജോഷി എന്നെ ചതിച്ചാശാനെ.. കുടിച്ച വെള്ളത്തില്‍ പോലും സിനിമാക്കാരെ വിശ്വസിക്കരുതെന്ന് എന്‍റെ ആശാന്‍ എന്നോട് പറയുമായിരുന്നു ആശാനെ.. തിരുവനന്തപരും സെന്‍ട്രല്‍ ജയിലില്‍ വെച്ച്, ജയില്‍പുള്ളികളുടെ നടുവില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ കഴിയാതെ വിയര്‍ത്ത് കുളിച്ച് നിന്ന ജോഷിയെ ഞാനാണ് മനസ്സില്‍ ധൈര്യം കൊടുത്ത് എല്ലായിടത്തും കൊണ്ട് നടന്ന് കാണിച്ച് ഷൂട്ട് ചെയ്യിച്ചത്. ആ ജോഷിയാണ് എന്നോട് ഇത് ചെയ്തത്. അത് ഞാന്‍ ചോദിച്ചാളോം'' - എന്ന് കോട്ടയം കുഞ്ഞച്ചന്‍ മൈക്കിലൂടെ വിളിച്ച് പറഞ്ഞപ്പോള്‍ ആ സംഭാഷണം ഉത്ഭവിച്ചത് ഡെന്നീസ് ജോസഫിന്‍റെ ഹൃദയത്തില്‍ നിന്നുമാണ്, ചെന്ന് പതിച്ചത് ജോഷിയുടെ കാതുകളിലുമായിരുന്നു.