പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമ ’ആദി’യുടെ ചിത്രീകരണം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദി’. മോഹൻലാലിനെ നായകനാക്കി ജീത്തു ഒരുക്കിയ ’ദൃശ്യം’ വൻ വിജയമായിരുന്നു. കാമറയ്ക്ക് മുന്നില്‍ മോഹന്‍ലാലും മകൻ പ്രണവും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്ന ചോദ്യത്തിന് ഇരുവര്‍ക്കുമിടയില്‍ താരതമ്യം പാടില്ല എന്ന അഭിപ്രായക്കാരനാണ് താനെന്ന് ജീത്തു ജോസഫ് പറയുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇങ്ങനെ പ്രതികരിച്ചത്.
"മോഹൻലാലും പ്രണവും, അങ്ങനെയൊരു താരതമ്യം ഒരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒന്നുകില്‍ ബുദ്ധിയില്ലാത്തവരാണ്. അല്ലെങ്കില്‍ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. അല്ലെങ്കിലും എന്തിനാണ് ഒരു അഭിനേതാവിനെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത്? ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നതും വെവ്വേറെ രീതികളിലാണ്. അത് മമ്മൂട്ടിയായാലും മോഹന്‍ലാലായാലും സുകുമാരനായാലും ദുല്‍ഖറായാലും പൃഥ്വിരാജായാലും ഇനി പ്രണവ് ആയാലും അങ്ങനെതന്നെ ആയിരിക്കും." ജീത്തു പറയുന്നു.