Friday 29 November 2024 12:36 PM IST

‘കുറ്റപ്പെടുത്തൽ, ഗോസിപ്പ്... തുടങ്ങിയ കാര്യങ്ങൾ സ്പർശിക്കാത്ത ഒരു സ്ഥലത്താണ് ഞാൻ നിൽക്കുന്നത്’: ദിവ്യയും കനിയും പറയുന്നു

Seena Tony Jose

Editorial Coordinator

kani-and-divya

ദിവ്യപ്രഭ ഒരിക്കൽ കനിയോടു പറഞ്ഞു, ‘മുംബൈയ്ക്കടുത്തു രത്നഗിരി എന്നൊരു സ്ഥലമുണ്ട്. ചുവപ്പു കുന്നുകളും അതിനു താഴെ നീലക്കടലുമുണ്ട്. നമ്മുടെ വർക്കല ക്ലിഫ് പോലെ എ ന്നാൽ അതിന്റെ ഇരട്ടി സൗന്ദര്യമുള്ള സ്ഥലം. ദൂരെ കുന്നുകളിൽ നിന്ന് മഴ ഒാടിവന്ന് കടലിലേക്കു പെയ്യുന്നതു ആദ്യമായി ഞാൻ കണ്ടത് അവിടെയാണ്. കനി ഒരിക്കലെങ്കിലും അവിടെ പോണം. തീർച്ചയായും ഇഷ്ടപ്പെടും’

പായൽ കപാഡിയയുടെ ‘ഒാൾ വി ഇമാജിൻ ആസ് ലൈറ്റ് ’ എന്ന ചിത്രത്തിലേക്കു രണ്ടുപേരും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കനി ദിവ്യയെ വിളിച്ചു. ‘സിനിമയുടെ സെക്കൻഡ് ഷെഡ്യൂൾ എവിടെയാണെന്നോ? ദിവ്യ പറഞ്ഞ രത്നഗിരിയിൽ’. ആ സിനിമയെ കാനിൽ ലോകം ആദരിക്കുമ്പോൾ മലയാളികളായ രണ്ടു പെൺകുട്ടികളുടെ സുദൃഢമായ ‘സിസ്റ്റർ ഹുഡി’ന്റെ കഥകൂടി പിന്നിലുണ്ട്. അവർ കൈ കോർത്തു പറയുന്നു, ‘ഒപ്പം വ ളർന്നവരാണു ഞങ്ങൾ’

അഭിമാനത്തോടെ കാനിലേക്കു പോകുമ്പോൾ എന്തായിരുന്നു രണ്ടുപേരുടെയും മനസ്സിൽ?

ദിവ്യ: ടെൻഷനും എക്സൈറ്റ്മെന്റും ചേർന്ന ഒരു തരം ടെ ൻസൈറ്റ്മെന്റ്. ഡബ്ബിങ്ങിനിടയിൽ പല ഭാഗങ്ങൾ ആയി ക ണ്ട സിനിമ ആദ്യമായി പൂർണമായി കാണാൻ പോകുന്നു എന്നു മാത്രമേ അപ്പോൾ ആലോചിച്ചുള്ളൂ.

കനി: അഭിനേതാക്കൾ എല്ലാവരും തന്നെ ആ ചിത്രം കാണുന്നത് കാനിലെ പ്രീമിയർ ഷോയിലാണ്. ഞാൻ വളരെ കൂൾ ആയിരുന്നു. പക്ഷേ, ആദ്യമായി സിനിമ കാണുന്നു എന്നോർക്കുമ്പോൾ ഉള്ള ഒരു ‘ഹൈ’ ഉണ്ടായിരുന്നു. ‘ഹാ.. നമ്മള് ‍പറക്കുകയാണ്’ എന്നൊരു തോന്നൽ. ഒരു ചെറുശബ്ദം പോലും ഇല്ലാതെ ശാന്തമായി ഇരുന്നു സിനി മ കാണുകയാണ് അവിടുത്തെ മുഴുവൻ ഒാഡിയൻസും. തീർത്തും സമാധാനപരമായി ഇരുന്നു സിനിമ കാണാൻ അതെന്നെ സഹായിച്ചു.

ദിവ്യ: സിനിമ കാണുന്നതിനിടയ്ക്ക് എന്റെ ശ്രദ്ധ ഇടയ്ക്ക് ചുറ്റുമുള്ളവരിലേക്കു കൂടി പോകുന്നുണ്ടായിരുന്നു. ഇവർ എങ്ങനെയാണു സിനിമയെ സ്വീകരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞതും നീണ്ട കയ്യടികൾ തുടങ്ങി. മൂന്നു മിനിറ്റായി, നാലു മിനിറ്റായി അതു നിലയ്ക്കുന്നേയില്ല. ഇതെന്താ ഇവർ ഇങ്ങനെ കയ്യടിക്കുന്നത് എന്നൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്.

കനി: നിലയ്ക്കാത്ത കയ്യടികൾ ഇത്തരം വേദികളിൽ പെർഫോമൻസിനുള്ള റേറ്റിങ് ആണ്. രണ്ടുവർഷത്തോളം ഫ്രാ ൻസിൽ നാടക സംഘത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ഇതേ അനുഭവം പല തവണ ഉണ്ടായിട്ടുണ്ട്. ലൈവ് പെർഫോമൻസ് കഴിഞ്ഞ് നടീനടന്മാർ മുന്നിലേക്കു വരും. നമ്മുടെ പ്രകടനം ഹൃദ്യമായിരുന്നെങ്കിൽ കാണികൾ നിർത്താതെ കയ്യടിക്കും.

കാനിൽ ക്ലോസിങ് സെറിമണിയിൽ അവാർഡുകൾ പ്രഖ്യാപിച്ചത് ഫ്രഞ്ച് ഭാഷയിലാണ്. എങ്കിലും ഇംഗ്ലിഷിൽ ലൈവ് പരിഭാഷ ഉണ്ടായിരുന്നു. അവാർഡ് കിട്ടുകയാണെങ്കിൽ സംവിധായിക പായൽ കപാഡിയയ്ക്ക് അല്ലെങ്കിൽ അവരുടെ സ്ക്രിപ്റ്റിന് വേണം എന്നായിരുന്നു ആഗ്രഹം.

അഭിനേതാക്കൾക്കുള്ള അവാർഡിനു മുൻപ് അത് ഒാൺസോംബിൾ അവാർഡ് ആണെന്ന് പ്രഖ്യാപനം വരുന്നു. അതായത് പലർ ചേർന്ന് അവാർഡ് പങ്കിടുകയാണ്. അതു നിങ്ങൾക്കായിരിക്കും എന്ന് ഞങ്ങളുടെ സിനിമാറ്റോഗ്രഫർ പറയുന്നു. ‘ഒാ, ഇനി അങ്ങനെ ആയിരിക്കുമോ’ എ ന്നു വിചാരിക്കുന്നു. അതു മറ്റു രണ്ടുപേർക്കാണെന്നറിയുമ്പോൾ ഇനി നമ്മുടെ സിനിമയ്ക്ക് അവാർഡ് ഒന്നും ഇല്ലായിരിക്കുമോ എന്നും ഇല്ലെങ്കിലും സാരമില്ല, ഇവിടെ വരെ എത്തിയല്ലോ എന്നൊക്കെ ചിന്തിക്കുന്നു.

സെറിമണിയുടെ അവസാന ഘട്ടത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ മികച്ച സിനിമയ്ക്കുള്ള ഗ്രാൻ പ്രീ പ്രഖ്യാപിക്കുന്നു. പായൽ എണീറ്റ് ദിവ്യയുടെ കൈ പിടിച്ചു. ദിവ്യ അടുത്തിരുന്ന നടി ഛായയുടെ കൈപിടിച്ചു. ഛായ എന്റെയും. ഞങ്ങൾ കൈ കോർത്ത് മുന്നോട്ടു നടന്നു.

പായലിനെ കുറിച്ചാണു ഞാനപ്പോൾ ഒാർത്തത്. എട്ടു വർഷം മുൻപ് എഴുതിയ സ്ക്രിപ്റ്റിൽ നിന്ന് സിനിമ പിറന്നത് ഈ വർഷമാണ്. ഈ കാലയളവിൽ നിർമാതാക്കളെ തേടി അവർ എത്രയോ പേരെ സമീപിച്ചിട്ടുണ്ടാകും. പായ ലിന്റെ മാത്രം കഠിനമായ പ്രയത്നമാണ് ഈ വേദി വരെ എ ത്താൻ സഹായിച്ചത്.

സ്വന്തം പ്രോജക്ട് കാണികളുടെ മുന്നിലെത്തിക്കാൻ കഴിയാത്ത എത്രയോ സ്ത്രീകൾ ഉണ്ട്. അവരുടെ മേൽ ഒരു സ്പോട്ട് ലൈറ്റ് പോലെ വെളിച്ചം വീഴാൻ, അവരുടെ വഴികൾ കുറച്ചുകൂടി എളുപ്പമാകാൻ ഈ നേട്ടം കാരണമായിരുന്നെങ്കിൽ എന്ന ‘ഹോപ്’ ഉള്ളിൽ നിറച്ച് ഞാൻ നിന്നു.

ദിവ്യ: വേദിയിലേയ്ക്ക് കയറുമ്പോൾ ഒഴുകുകയാണെന്ന തോന്നലായിരുന്നു എനിക്ക്. ശബ്ദങ്ങൾ ഒക്കെ ഏതോ വിദൂരതയിൽ നിന്നാണ് വരുന്നത്. സദസ്സിനെ അഭിമുഖീകരിച്ച് നിൽക്കുമ്പോഴാണ് ആ സദസ്സിന്റെ വലുപ്പം തിരിച്ചറിയുന്നത്. എത്ര വലിയ അംഗീകാരമാണിതെന്ന് മനസ്സിലാകുന്നത്. അങ്ങനെ വളരെ സാവകാശമാണ് ഈ വിജയം എന്റെ മനസ്സിലേക്കു കയറിയതെന്നു പറയാം.

കാനിൽ നിന്ന് ദിവ്യ പോയത് നീണ്ട യൂറോപ്യൻ യാത്രയിലേക്കാണ്. കനിയും യാത്രകൾ ഇഷ്ടപ്പെടുന്നുണ്ടോ?

ദിവ്യ: ഷെങ്കൻ വീസയിലാണു പോകുന്നത്, കുറച്ചു നാൾ അവിടെ ചെലവഴിക്കാനാകും എന്നറിഞ്ഞപ്പോൾ സിനിമയുടെ ക്രൂവിൽ പലരും യാത്ര പ്ലാൻ ചെയ്തു. എനിക്കും പായലിന്റെ അസിസ്റ്റന്റ് ഡയറക്ടർ റുതുവിനും ഇറ്റലി കാണണം. ഞങ്ങൾ ആറു നഗരങ്ങൾ തീരുമാനിച്ചു. മിലൻ, വെനീസ്, ഫ്ലോറൻസ്, റോം, നേപ്പിൾസ്, സൊറന്റോ... പക്ഷേ, സാധനങ്ങൾ സൂക്ഷിക്കാനുള്ള ക്ലോക് റൂം ഇല്ല കാനിൽ.

വിവിധ സെറിമണികൾക്ക് അണിഞ്ഞ ഉടുപ്പുകളുമൊക്കെയായി കനപ്പെട്ട രണ്ടു സ്യൂട്ട്കേസും രണ്ടു ബാക്ക് പായ്ക്കും. മെട്രോ ട്രെയിനിലാണു യാത്ര. എങ്കിലും ജീവിതത്തിൽ ഇന്നു വരെ ചെയ്യാത്ത അതിമനോഹരമായ യാത്രയായിരുന്നു ഇത്. വെനീസിലെ കനാലുകളും ഒഴുകുന്ന ബോട്ടുകളും എത്ര സിനിമകളിൽ കണ്ടിരിക്കുന്നു. ആദ്യമാ യി നേരിൽ കണ്ടു . ഫ്ലോറൻസിലെ മ്യൂസിയങ്ങളിൽ ഒരെണ്ണം കണ്ടു തീർക്കാൻ തന്നെ വേണം മൂന്നു ദിവസം. കടലിൽ നീന്തുക എന്ന മോഹവും സോറന്റോയിൽ സാധിച്ചു.

kani-divya-73

കനി: സമയം കിട്ടിയാൽ ഗോവയിലെ വീട്ടിൽ വെറുതെ ഇരിക്കാൻ ആണ് ഇഷ്ടം. പക്ഷേ, മേഘാലയയും ത്രിപുരയും ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഞാൻ നാടക പ്രവർത്തനങ്ങൾക്കായി യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്തുള്ള ചില രാജ്യങ്ങളിൽ എന്റെ മുൻ പങ്കാളിയോടൊത്തും.

നാടകം പഠിച്ചത് പാരീസിലാണ്. പിന്നീട് രണ്ടുവർഷം ഒരു ട്രാവലിങ് തിയറ്റർ ഗ്രൂപ്പിന്റെ ഭാഗമായി യൂറോപ്പിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എപ്പോഴും ഒാൺ ദ റോഡ് ആയിരിക്കണം എന്നാണ് ആ ഗ്രൂപ്പിന്റെ കൺസപ്റ്റ് തന്നെ. താമസം കാരവാനിലാണ്. അതു ട്രക്കിൽ ഘടിപ്പിച്ച് ഗ്രാമങ്ങളിലെത്തും. അവിടെ ടെന്റടിച്ചാണ് നാടകം.

നാടകമുണ്ടെന്ന് എന്നറിയിക്കുന്നത് തെരുവുകളിൽ ക ലാപരിപാടികളും ക്രാഫ്റ്റും അവതരിപ്പിച്ചാണ്. ചിലർ മാജിക് കാണിക്കും. ചിലർ ചിത്രം വരയ്ക്കും. അങ്ങനെ നാടക ദിവസങ്ങളിൽ ആളുകൾ ടെന്റിലേക്ക് ഒഴുകിയെത്തും.

നാടകാവതരണം കഴിഞ്ഞാൽ പാട്ടും നൃത്തവുമെല്ലാമായി ആഘോഷ പരിപാടികളാണ്. പിന്നെ, ടെന്റെല്ലാം അഴിച്ചെടുത്ത് അടുത്ത ഗ്രാമത്തിലേക്ക്.

മൈത്രേയന്റെയും ഡോ. ജയശ്രീയുടെയും മകളായി ജനിച്ചതും പരമ്പരാഗത കുടുംബ വടിവുകൾക്കു പുറത്തു ജീവിച്ചതും കനിയെ വ്യക്തി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും സഹായിച്ചില്ലേ?

കനി: ഒരു വ്യക്തിയെന്ന നിലയിൽ ആണ് അതു കൂടുതൽ സഹായിച്ചത്. സമൂഹം തെറ്റായി കാണുന്ന പല കാര്യങ്ങളും മൈത്രേയനും ജയശ്രീചേച്ചിക്കും എനിക്കും തെറ്റല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ശരിയും തെറ്റുമുണ്ട്. അഭിനേത്രി എന്ന നിലയിൽ സിനിമയിൽ നിന്ന് ഉണ്ടാകാനിടയുള്ള ആഘാതങ്ങൾ എനിക്കൊരിക്കലും ആഘാതമായിരുന്നില്ല. കളിയാക്കൽ, കുറ്റപ്പെടുത്തൽ, ഗോസിപ്പ്... അത്തരം കാര്യങ്ങൾ സ്പർശിക്കാത്ത ഒരു സ്ഥലത്താണ് ഞാൻ നിൽക്കുന്നത്. അവിടേക്ക് എത്തിയത് മൈത്രേയനും ജയശ്രീ ചേച്ചിയും എന്ന വഴിയിലൂടെയാണ്.

കാനിനു ശേഷം മൈത്രേയനോട് ഒന്നു സംസാരിക്കാനായതു തന്നെ രണ്ടു ദിവസം മുൻപാണ്. ജയശ്രീചേച്ചി എ ന്നെ കാണാൻ ഷൂട്ടിങ് സ്ഥലത്തു വന്നതുകൊണ്ട് സംസാരിക്കാനായി. എല്ലാ തിരക്കും കഴിഞ്ഞ് വിളിക്കൂ എന്നാണ് ഏറ്റവും അടുത്ത കൂട്ടുകാരും പറഞ്ഞത്. അവരെല്ലാം എനിക്ക് അത്രയും സ്പേസ് നൽകുന്നവരാണ്.

ദിവ്യ: ടൂറെല്ലാം പ്ലാൻ ചെയ്തിരുന്നെങ്കിലും അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ മനസ്സിന് ഇളക്കം തട്ടി. എങ്ങനെയും അമ്മലീലാമണിയെയും ചേച്ചിമാരേയും കാണണമെന്നായി. അ വരുടെ ഒപ്പം ഇരിക്കണം. ചീരത്തോരനും കിളിമീൻ വറുത്ത തും കൂർക്കമെഴുക്കുപുരട്ടിയും ഉണ്ടാക്കി വയ്ക്കണമെന്ന് വിളിച്ചു പറഞ്ഞിട്ടാണ് മടക്കയാത്ര തുടങ്ങിയതു തന്നെ.

അച്ഛനെ ഒരുപാടു മിസ് ചെയ്ത ദിവസങ്ങൾ കൂടിയായിരുന്നു കാനിലേത്. അച്ഛനുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷിക്കുമായിരുന്നു. വർഷങ്ങൾക്കു മുൻപ് ഹൃദയാഘാതം മൂലമാണ് അച്ഛൻ ഗണപതി ഞങ്ങളെ വിട്ടുപോയത്. തൃശൂർ ചേർപ്പിലായിരുന്നു വീട്. ചെറുപ്പം മുതലേ കലാസംഘങ്ങളിൽ സജീവമായിരുന്നു അച്ഛൻ. സംവിധായകൻ പ്രിയനന്ദനന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ഞാൻ സിനിമയുടെ ലോകം ഇഷ്ടപ്പെട്ടത്.

ഇതൊക്കെയാണെങ്കിലും അഭിനയത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എറണാകുളത്തു ജോലി ചെയ്യുമ്പോൾ അവിചാരിതമായി സിനിമയിൽ മുഖം കാണിക്കുന്നു. പിന്നീട് വലിയ ഗ്യാപ്പിനു ശേഷം ഇതിഹാസ, ടേക്ഒാഫ്, തമാശ...

അറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലൊക്കാ ർണോ ഫെസ്റ്റിവലിൽ മികച്ച അഭിനേത്രിയായി നോമി നേറ്റ് ചെയ്യപ്പെട്ടിരുന്നു.

നിങ്ങളുടെ സിസ്റ്റർഹുഡ് എങ്ങനെ വളർന്നു വന്നു?

കനി: കെ. കെ. രാജീവിന്റെ ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ ഒരുമിച്ചഭിനയിക്കാനാണ് ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ എ ത്തുന്നത്. കൂടെ അഭിനയിക്കാനെത്തിയ പെൺകുട്ടികളി ൽ പലരും കണ്ണാടിയിൽ നിന്നു കണ്ണെടുക്കുന്നില്ല. എനിക്കു പറ്റിയ ആരുമില്ല എന്നു വിചാരിക്കുമ്പോഴാണ് ദിവ്യയുടെ അമ്മയെ കാണുന്നത്. ഞാൻ പറയുന്നതെല്ലാം ക്ഷമയോടെ കേൾക്കുന്ന ലീലാമണി ആന്റിയോട് രണ്ടു ദിവസംകൊണ്ട് ഞാനെന്റെ ഭൂതവും ഭാവിയുമെല്ലാം പങ്കുവച്ചു.

kani-divya-73

അങ്ങനെ ഒരു ദിവസം ഷൂട്ടിന്റെ ഇടവേളയിൽ ആരോ ക ടമ്മനിട്ടയുടെ കവിത ചൊല്ലുന്നു. ഡെസ്കിൽ കമഴ്ന്നു കിടന്നിരുന്ന ദിവ്യ അതിന്റെ ബാക്കി ചൊല്ലുന്നു. പുതിയ പുതിയ കവിതകൾ വീണ്ടും ചൊല്ലുന്നു. ഈ കുട്ടിക്കു കവിതകളൊക്കെ അറിയാമല്ലോ എന്നു ഞാൻ ചിന്തിക്കുകയാണ്. അങ്ങനെ ഞങ്ങൾ പതിയെ മിണ്ടിത്തുടങ്ങി.

നാടകം ചെയ്യണമെന്ന് ദിവ്യ പറഞ്ഞപ്പോൾ ആദിശക്തി എന്ന നാടക സംഘത്തെ നിർദേശിച്ചു. പിന്നീട് ഒരുമിച്ചു ഞങ്ങൾ‌ ഒരു നാടകം ചെയ്തു. ഒപ്പം വളരുമ്പോൾ മനസ്സുകൾക്കിടയിലുണ്ടാകുന്ന ഒരു ഇണക്കം ഉണ്ടല്ലോ, അതു ഞങ്ങൾക്കിടയിൽ പതിയെ ഉണ്ടായി വന്നതാണ്.

സ്വപ്നസുന്ദരമായ നേട്ടത്തിനു ശേഷമുള്ള പ്രതീക്ഷക ൾ എന്തൊക്കെയാണ് ?

ദിവ്യ: അറിയിപ്പ് എന്ന ചിത്രം കണ്ടാണ് പായൽ വിളിക്കുന്നത്. അറിയിപ്പിലെ കഥാപാത്രം രശ്മിയുടെ ചില ഷേഡ്സ് ഉള്ള റോളാണ് ഉദ്ദേശിച്ചത് എങ്കിലും നേരിൽ കണ്ടപ്പോൾ മറ്റൊരു കഥാപാത്രം നൽകി. ‍ൈടപ്കാസ്റ്റ് ചെയ്യാതിരുന്നതിന് പായലിനോട് ഒരുപാടു നന്ദിയുണ്ട്. അറിയിപ്പിനു ശേഷം കുറേക്കൂടി അവസരങ്ങൾ പ്രതീക്ഷിച്ചു. അത്രയൊന്നും സംഭവിച്ചില്ലെങ്കിലും അറിയിപ്പിന്റെ സംവിധായകൻ മഹേഷ് നാരായണനെ നന്ദിയോടെ ഒാർക്കുന്നു.

കനി: മലയാളത്തിലെ ബ്രില്ല്യന്റ് അഭിനേത്രിയല്ലേ സുരഭിലക്ഷ്മി? നാഷനൽ അവാർഡുമുണ്ട്. പക്ഷേ, അർഹിക്കുന്ന നല്ല റോളുകൾ സുരഭിക്കു ലഭിക്കുന്നില്ലെന്നു നമുക്കറിയാം. എന്നാലും നാളെയെങ്കിലും ഈ ലോകം എല്ലാവർക്കും ന്യായവും നീതിയും തന്നു തുടങ്ങും എന്ന പ്രതീക്ഷയിലാണു ജീവിക്കുന്നത്.

സീനാ ടോണി ജോസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലൊക്കേഷൻ: The Croft, Kacheripady, Kochi