Monday 30 March 2020 04:36 PM IST : By സ്വന്തം ലേഖകൻ

‘ആ കാലം പുതിയ തലമുറയിലെ കുട്ടികൾക്ക് കിട്ടാനായി പ്രാർത്ഥിക്കുന്നു.....’! ഓർമകൾ പങ്കുവച്ച് ദുൽഖർ

dq-new

ഓരോ അവധിക്കാലവും കുട്ടികൾക്ക് കളികളുടെതാണ്. കാലം മാറും തോറും അതിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുന്നു എന്നേയുള്ളൂ. പണ്ടുകാലത്ത് മാവിൽ കല്ലെറിയാൻ പോവും കുളത്തിൽ മുങ്ങിനിവരും. പുതിയ കാലത്ത് പക്ഷേ പബ്ജി കളിക്കൽ ആയിരിക്കും... പക്ഷേ വളർന്നു കഴിഞ്ഞാൽ എല്ലാം മധുരമുള്ള ഓർമ്മകൾ ആണ്. കുട്ടികളുടെ പ്രിയ താരം ദുൽഖർ സൽമാൻ അത്തരം ഒരു ഓർമ്മയാണ് ഇന്ന് പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ വളർന്ന എല്ലാ വീടുകളിലും ഒരു നെല്ലിമരം ഉണ്ടായിരുന്നു. പ്രത്യേകിച്ച് തറവാട്ടിൽ. നെല്ലിയും ഇരുമ്പൻ പുളിയും ഉൾപ്പെടെ ഒരുപാട് മരങ്ങൾ. സഹോദരിയുടെയും കസിൻസിന്റെയും കൂടെ മാവിൽ കല്ലെറിഞ്ഞും മധുര മാങ്ങകൾ രുചിച്ചും നടന്ന കാലം. ആ കാലം പുതിയ തലമുറയിലെ കുട്ടികൾക്ക് കിട്ടാനായി പ്രാർത്ഥിക്കുന്നു.....’.– ദുൽഖർ ഫേസ് ബുക്കിൽ എഴുതി. ഈ കൊറോണ അവധിക്കാലത്ത് ടിവിക്കു മുന്നിൽ മാത്രം ഇരിക്കാതെ മൊബൈലിൽ നോക്കി കണ്ണു വേദനിക്കുമ്പോൾ ഒന്നു പറമ്പിലേക്ക് നോക്കുക. കായ്ച്ചു നിൽക്കുന്ന പച്ചമാങ്ങ കൂട്ടത്തിലേക്ക് ഒരു കല്ലെറിയുക. ഉപ്പും കൂട്ടി ഒരു കഷണം കഴിക്കാം. ആ രുചി വരും കാലത്തെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കട്ടെ...