Monday 11 June 2018 10:16 AM IST : By സ്വന്തം ലേഖകൻ

യൂനിസ് ‌ഗെയ്സൺ അന്തരിച്ചു; ഓർമ്മയായത് ‘ജയിംസ് ബോണ്ട് ഗേൾ’

eunice-gayson-

ഹോളിവുഡ് ലോക സിനിമയ്ക്ക് നൽകിയ മികച്ച നടിമാരിൽ പ്രധാനിയായ യൂനിസ് ‌ഗെയ്സൺ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂയോർക്കിലായിരുന്നു അന്ത്യം. ജയിംസ് ബോണ്ട് സീരീസിലെ ആദ്യ ചിത്രം ‘ഡോക്ടർ നോ’യിലെ നായികയായിരുന്നു. 1962 ൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ സിൽവിയ ട്രഞ്ചായി വേഷമിട്ട അവർ ‘ജയിംസ് ബോണ്ട് ഗേൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1948 ൽ പുറത്തിറങ്ങിയ മൈ ബ്രദർ ജോനാഥനായിരുന്നു ആദ്യ ചിത്രം.

തുടർന്ന് ഹോളിവുഡിൽ അവർ സജീവ സാന്നിധ്യമായി. 1963 ൽ റിലീസായ രണ്ടാം ബോണ്ട് ചിത്രം ഫ്രം റഷ്യ വിത്ത് ലവിലും ഗെയ്സണായിരുന്നു ബോണ്ടിന്റെ കാമുകി. ഡാൻസ് ഹാൾ, മിസ് റോബിൻ ഹുഡ്, ഹലോ ലണ്ടൻ, കൗണ്ട് ‍‌ഓഫ് ട്വൽവ് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ദി സെയിന്‍ഡ്, ദി അവഞ്ചേഴ്സ് തുടങ്ങി ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.

1928 ൽ സറേയിലാണ് ഗെയ്‌സന്റെ ജനനം. രണ്ടു തവണ വിവാഹിതയായെങ്കിലും പരാജയമായിരുന്നു. അവസാനകാലത്ത് ഏകാന്ത വാസമായിരുന്നു.