അന്തരിച്ച പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലന് വിട നൽകി സിനിമ ലോകം. 65 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളത്തിലെ പ്രശസ്ത താരങ്ങളും ചലച്ചിത്ര പ്രവർത്തകരും വിഖ്യാത നിർമാതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകള്‍ ബാലൻ നിർമിച്ചു. വിഖ്യാത സംവിധായകരായ കെ.ജി ജോര്‍ജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകള്‍ പലതും പിറന്നത് ഗാന്ധിമതി ഫിലിംസ് എന്ന ബാനറിലാണ്. ബാലചന്ദ്ര മേനോന്‍, ശശികുമാര്‍, വേണു നാഗവള്ളി, ജോഷി എന്നിവരുടെ ചിത്രങ്ങളും നിര്‍മിച്ചു.
ചലച്ചിത്ര മേഖലയിലെന്ന പോലെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു ബാലൻ. ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനായും പ്രവർത്തിച്ചു. 2015 നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍, അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.
63 വയസില്‍ ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്‍കുന്ന സ്ഥാപനം ആയി വളര്‍ത്തി.
ഭാര്യ - അനിത ബാലന്‍. മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ - മെഡ്‌റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ - ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോര്‍ട്‌സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).