Tuesday 08 January 2019 03:41 PM IST : By സ്വന്തം ലേഖകൻ

‘‘സെക്സ് ചെയ്ത ദിവസങ്ങളില്‍ അവരോട് പറയും, ‘ഇന്ന് ഞാന്‍ ചെയ്തിട്ടാണ് വന്നത്’ എന്ന്’’; മനസ്സ് തുറന്ന് ഹാര്‍ദിക് പാണ്ഡ്യ

hardik-new

ഇന്ത്യൻ ക്രിക്കറ്റിലെ ‘കട്ട ഫ്രീക്ക’നാണ് ഹാര്‍ദിക് പാണ്ഡ്യ. താരത്തിന്റെ സ്റ്റൈലുകളും ഗറ്റപ്പുമൊക്കെ വലിയ വാർത്താ പ്രാധാന്യം നേടാറുമുണ്ട്.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ അവതാരകനായ, പ്രശസ്ത ചാറ്റ് ഷോ ‘കോഫി വിത് കരണി’ൽ തന്റെ സ്വകാര്യ ജീവിതത്തിലെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഹാര്‍ദിക്. തന്റെ ലൈംഗിക ജീവിതത്തില്‍ അച്ഛനും അമ്മയും ഇടപെടാറില്ലെന്നും അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തന്നോട് ചോദിക്കാറില്ലെന്നും പറഞ്ഞ പാണ്ഡ്യ, ‘‘എല്ലാ കാര്യവും ഞാന്‍ അച്ഛനും അമ്മയുമായി പങ്കുവെയ്ക്കും. ഞാന്‍ സെക്സ് ചെയ്ത ദിവസങ്ങളില്‍ അവരോട് പറയും ‘ഇന്ന് ഞാന്‍ ചെയ്തിട്ടാണ് വന്നത്’ എന്ന്’’ എന്നും വ്യക്തമാക്കി. പാണ്ഡ്യയുടെ ഉത്തരം കേട്ട് കരണ്‍ ജോഹറും അദ്ഭുതപ്പെട്ടു പോയി.

‘‘ആഫ്രിക്കന്‍ സംസ്കാരം എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ സ്റ്റൈലും ഫാഷനും മനോഹരമാണ്. അത് അനുകരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ എന്നെ തെറ്റിദ്ധരിക്കും. വെസ്റ്റിന്‍ഡീസുകാരനാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്’’. തന്റെ ഫാഷന്‍ സ്റ്റൈലിനെ കുറിച്ച് ഹാര്‍ദിക് മനസ്സുതുറന്നതിങ്ങനെ.

‘‘രണ്ടാം ക്ലാസിന് ശേഷം എല്ലാ വര്‍ഷവും ഞാന്‍ തോല്‍ക്കും. പക്ഷേ വിജയശതമാനം കൂട്ടാന്‍ വേണ്ടി എന്നെ സ്കൂളിലുള്ളവര്‍ ജയിപ്പിച്ചുവിടും. ചിലപ്പോള്‍ ഉത്തര പേപ്പറില്‍ പേരും റോള്‍ നമ്പറും മാത്രമാണ് എഴുതുക. എന്റെ അച്ഛനും അമ്മയ്ക്കും അധ്യാപകര്‍ക്കും എന്നെ നന്നായി അറിയാമായിരുന്നു. എത്ര പഠിപ്പിച്ചിട്ടും കാര്യമില്ലെന്ന് അറിയാമായിരുന്നു’’. പഠനകാലത്തെക്കുറിച്ച് ഹാര്‍ദിക് പറഞ്ഞു.