Tuesday 07 August 2018 03:41 PM IST : By സ്വന്തം ലേഖകൻ

സൂര്യകാന്ത് ബാന്ദെ പാട്ടീലിന്റെ കഥയുമായി ഇമ്രാൻ ഹാഷ്മിയുടെ ഫാദേഴ്സ് ഡേ; ബോളിവുഡിൽ ബയോപിക് വസന്തം

hashmi

മറ്റൊരു ജീവിത കഥ കൂടി ബോളിവുഡിൽ സിനിമയാകുന്നു. ഇമ്രാൻഹാഷ്മി നായകനാകുന്ന ഫാദേഴ്സ് ഡേ ഇന്ത്യയിലെ ഒന്നാം നിര ഡിക്ടക്ടീവ് ഉദ്യോഗസ്ഥൻമാരിൽ ഒരാളായ സൂര്യകാന്ത് ബാന്ദെ പാട്ടീലിന്റെ കഥയാണ്. നവാഗതനായ ശന്തനു ബാഗ്ചിയാണ് സംവിധാനം.

അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് ഫാദേഴ്സ് ഡേയുടെ പശ്ചാത്തലം. 120 ൽ പരം ചൈൽഡ് കിഡ്നാപ്പിങ് കേസുകൾ തീർത്തും സൗജന്യമായി അന്വേഷിച്ച് സത്യം വെളിച്ചത്തുകൊണ്ടുവന്നയാളാണ് സൂര്യകാന്ത് ബാന്ദെ പാട്ടീൽ.

പ്രഫുൽ ഷാ എഴുതിയ ‘ദൃശ്യം അദൃശ്യം’ എന്ന പുസ്തകത്തെ അസ്പദമാക്കി സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയത് റിതേഷ് ഷാ. “സൂര്യകാന്ത്ജിയുടെ കഥ ഒരേസമയം ഹൃദയഭേദകവും പ്രചോദനമേകുന്നതുമാണ്. തന്റെ ജീവിതം മുഴുവൻ കിഡ്നാപ്പ് ചെയ്യപ്പെട്ട കുട്ടികളെ കുറിച്ച് അന്വേഷിക്കാനും അവരെ രക്ഷപ്പെടുത്താനും വേണ്ടി സമർപ്പിച്ച ഇതുപോലൊരു വ്യക്തിയെ മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല. തീർത്തും സൗജന്യമായി അദ്ദേഹം നടത്തിയ സേവനങ്ങൾ അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന്റെ ജീവിതകഥ സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ എനിക്കേറെ അഭിമാനമുണ്ട്”, ചിത്രത്തെ കുറിച്ച് ഇമ്രാൻ പറഞ്ഞു.

ഇമ്രാൻ ഹാഷ്മിയും പ്രിയ ഗുപ്തയും കൽപ്പന ഉദ്യവാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മഹാരാഷ്ട്രയിൽ ആരംഭിക്കും.