Saturday 11 May 2019 12:51 PM IST : By സ്വന്തം ലേഖകൻ

‘‘ഈ പരസ്യമായ പീഡനം വർഷങ്ങളായി ഞാന്‍ അനുഭവിക്കുകയാണ്’’! സൂപ്പർ 30യുടെ റിലീസ് മാറ്റി, ഹൃത്വികിന്റെ പോസ്റ്റ് വൈറൽ

hrithik-new

ഹൃത്വിക് – കങ്കണ പോര് പുതിയ ഘട്ടത്തിലേക്കു കടക്കുന്നു. ബി ടൗണിൽ നിന്നു വരുന്നതും അത്തരം വാർത്തകളാണ്. ഹൃത്വികിന്റെ സൂപ്പർ 30യുടെയും കങ്കണയുടെ മെന്റൽ ഹേ ക്യായുടെയും റിലീസ് ഒരേ ദിവസം തീരുമാനിക്കപ്പെട്ടപ്പോൾ തുടങ്ങിയ തർക്കമാണ് സൂപ്പർ 30യുടെ റിലീസ് മാറ്റി വയ്ക്കുന്ന അവസ്ഥയിലേക്കു വന്നിരിക്കുന്നത്.

കങ്കണയുടെ സഹോദരി രംഗോലി ഹൃത്വികിനെതിരെ മോശം പരാമർശങ്ങളുമായി രംഗത്തു വന്നതും പോയ ദിവസങ്ങളിൽ വാർത്തയായിരുന്നു.

ഹൃത്വിക് യുദ്ധഭൂമിയിൽ നേരിട്ടിറങ്ങി യുദ്ധം ചെയ്യാൻ തയാറാകാത്ത ആളാണെന്നും പിന്നിൽ നിന്നു കുത്തുന്ന വ്യക്തിയാണെന്നുമായിരുന്നു രംഗോലിയുടെ ആരോപണം.

ഹൃത്വികിന്റെയും കങ്കണയുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിനൊപ്പം വ്യക്തിപരമായ പ്രശ്നങ്ങളും വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കാൻ ഹൃത്വിക് തീരുമാനിച്ചത്.

‘മറ്റൊരു സർക്കസിനു കൂടി എന്റെ സിനിമയെ വിട്ടുകൊടുക്കാൻ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മാനസിക സംഘർഷങ്ങളിൽ നിന്നും വ്യക്തിപരമായ ആഘാതങ്ങളിൽ നിന്നും എന്നെത്തന്നെ സംരക്ഷിക്കാൻ ചിത്രത്തിന്റെ റിലീസ് മാറ്റുകയാണ്’.– താരം കുറിച്ചു.

‘കഴിഞ്ഞ പല വർഷങ്ങളായി ഈ പരസ്യമായ പീഡനം ഞാന്‍ അനുഭവിക്കുകയാണ്. കുറെപ്പേർ അതിനെ ആഘോഷിക്കുന്നു. ഇത്തരം വിഷയങ്ങളിൽ യാഥാർഥ്യമെന്തെന്ന് സമൂഹം തിരിച്ചറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഈ നിസ്സഹായാവസ്ഥ അവസാനിക്കേണ്ടിയിരിക്കുന്നു’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.