Thursday 01 July 2021 11:43 AM IST

സിനിമ കൊതിച്ച് നാടു വിട്ടത് അച്ഛൻ, സിനിമ തേടിയെത്തിയത് മകനെയും! ആദ്യ ചിത്രത്തിൽ കമൽഹാസന്റെ ഡ്യൂപ്പായ ജയ് ഇപ്പോൾ സംവിധായകനും

V.G. Nakul

Sub- Editor

jai-bala-4

സിനിമാ നടനാകണമെന്ന മോഹവുമായാണ് തെങ്കാശിക്കാരനായ തങ്കവേൽ നാടു വിട്ട് ചെന്നൈയിലേക്കു പോയത്. സിനിമയെ തേടിയെത്തിയ ആയിരങ്ങളിലൊരുവനായി, തങ്കവേലും ആ മഹാനഗരത്തിൽ അവസരം തേടിയലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കേരളത്തിലെത്തി, എൻജിനീയറിങ് ജോലി സ്വീകരിച്ച് തൃശൂരിൽ ജീവിതത്തിന്റെ പുതിയ ടേക്ക് ആരംഭിച്ചു. അവിടുത്തുകാരി വാസന്തിയെ ജീവിത സഖിയുമാക്കി. മൂന്നു മക്കളാണ് തങ്കവേല്‍ – വാസന്തി ദമ്പതികൾക്ക്. ബാലകൃഷ്ണയും വസുദേവും ധനലക്ഷ്മിയും.

മൂത്തവനായ ബാലകൃഷ്ണയ്ക്ക് ചെറുപ്പം മുതൽ അച്ഛന്റെ നാടിനോടും സംസ്ക്കാരത്തോടും വലിയ ഇഷ്ടമായിരുന്നു. ഫിസിയോ തെറാപ്പിക്ക് പഠിക്കുന്ന കാലത്ത് അച്ഛന്റെ നാടാണ് ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സ‍ൃഷ്ടിച്ചതും. തെങ്കാശിയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് തൊഴുതിറങ്ങിയ ബാലകൃഷ്ണയും കൂട്ടുകാരും ക്ഷേത്ര പരിസരത്ത് പുരോഗമിക്കുന്ന ഒരു സിനിമാ ചിത്രീകരണം കണ്ടു നിൽക്കുകയായിരുന്നു. അപ്പോഴാണ് ഷൂട്ടിങ് സംഘത്തിലെ പ്രൊഡക്ഷന്‍ മാനേജർമാരിൽ ഒരാൾ ബാലകൃഷ്ണയെ ശ്രദ്ധിച്ചത്. രൂപഭംഗിയുള്ള ഒരു പത്തൊമ്പതു വയസ്സുകാരൻ‌.

‘‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ...?’’

ബാലകൃഷ്ണയുടെ അടുത്തെത്തിയ മാനേജർ ചോദിച്ചു.

തമാശയായാണ് ആദ്യം ആ ചോദ്യത്തെ ബാലകൃഷ്ണ പരിഗണിച്ചതെങ്കിലും മാനേജരുടെ സംസാരത്തിൽ നിന്ന് സംഗതി ഗൗരവത്തിലാണെന്ന് മനസ്സിലായി. ഉടൻ അച്ഛനെ വിളിച്ചു. താൻ കൊതിച്ച സിനിമ മകനെ തേടിയെത്തിയതിന്റെ ത്രില്ലിൽ തങ്കവേലു പൂർണപിന്തുണ പ്രഖ്യാപിച്ചു.

jai-bala-3

അച്ഛൻ സിനിമയെത്തേടിപ്പോയെങ്കിൽ മകനെ തേടി സിനിമയെത്തിയിരിക്കുന്നു!

ആ ബന്ധമാണ് ‘പാപനാസം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങാന്‍ പാതി മലയാളിയും പാതി തമിഴകത്തുകാരനുമായ ബാലകൃഷ്ണയ്ക്ക് വഴിയൊരുക്കിയത്. ചിത്രത്തിൽ ഒരു വേഷത്തിനൊപ്പം ഉലകനായകൻ കമൽഹാസന്റെ ഡ്യൂപ്പാകാനും ഈ ചെറുപ്പക്കാരനായി.

jai-bala-1

ഇപ്പോൾ സ്വന്തം പേരില്‍ ചെറിയൊരു മാറ്റവും വരുത്തി, ‘ജയ് ബാല’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇതിനോടകം നായകനായും സഹനായകനായുമൊക്കെ ആറോളം സിനിമകളിൽ ജയ് അഭിനയിച്ചു കഴിഞ്ഞു. ജയ്‌യുടെ ആദ്യ സംവിധാന സംരംഭമായ ‘വിഴുത്’ മ്യൂസിക്കൽ ആൽബവും ഇപ്പോൾ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്നു.

‘‘വിഴുത്’ എന്റെ ആദ്യ സംവിധാന സംരംഭമാണ്. അഭിനയത്തില്‍ നിന്നു കിട്ടിയ പരിചയം വച്ചാണ് ആൽബം ഒരുക്കിയിരിക്കുന്നത്. നല്ല അഭിപ്രായം കിട്ടുന്നു. സന്തോഷം.

അഭിനയമാണ് പാഷൻ. ഒപ്പം സംവിധാനവും മുന്നോട്ടു കൊണ്ടു പോകാനാണ് താൽപര്യം.

തമിഴിൽ, ‘വർമ’ എന്ന ചിത്രത്തിൽ ധ്രുവിന്റെ ചേട്ടനായി അഭിനയിച്ചു. ‘ഡ്രാമ’ എന്ന സിംഗിൾ ഷോട്ട് ചിത്രത്തില്‍ നായകനായി. അതിന് ഇന്റർനാഷനൽ അവാർഡുകളൊക്കെ കിട്ടിയിരുന്നു. ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിൽ ‘ആനന്ദക്കല്യാണം’ എന്ന ചിത്രമാണ് വന്നത്’’. – ജയ് ‘വനിത ഓൺലൈനോട്’ പറയുന്നു.

വീട്ടിൽ തമിഴും മലയാളലും പറയും, അതാണ് സംസാരിക്കുമ്പോൾ രണ്ടും കയറി വരുന്നതെന്ന് ജയ്.

jai-bala-2

‘‘ആദ്യ സിനിമയിൽ കമൽസാറിന്റെ ഡ്യൂപ്പ് ആയി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യം. നല്ല സിനിമകള്‍ കിട്ടണം, ശ്രദ്ധിക്കപ്പെടുന്ന പ്രകടനങ്ങൾ നടത്തണം എന്നൊക്കെയാണ് ആഗ്രഹം. അതിനുള്ള അവസരങ്ങൾ വരുന്നു. ഇപ്പോൾ ‘മായത്തിരൈ’ എന്ന ചിത്രത്തില്‍ വില്ലനായും പാർഥിപൻ സാറിനൊപ്പം ഒരു ചിത്രത്തിലും അഭിനയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. അച്ഛനാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഇപ്പോൾ അച്ഛനും കുറച്ച് സിനിമകളിൽ അഭിനയിച്ചു. ഞാൻ അഭിനയിക്കുന്ന സിനിമകളിൽ അച്ഛന് വേണ്ടി ഒരു വേഷം ചോദിക്കാറുണ്ട്. വിഴുതിൽ അച്ഛനും അനിയനും അഭിനയിച്ചിട്ടുണ്ട്’’.– ജയ് പറഞ്ഞു.