Monday 11 June 2018 02:46 PM IST : By സ്വന്തം ലേഖകൻ

‘ശ്രീദേവിയുടെ സ്വപ്നം വെള്ളിത്തിരയിലേക്ക്’; ജാൻവി നായികയാകുന്ന ധടക്കിന്റെ ട്രെയിലറെത്തി–വിഡിയോ

janh

ശ്രീദേവി ബാക്കി വച്ചു പോയ സ്വപ്നങ്ങളിലൊന്നായിരുന്നു മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റം. അതു കാണാനാകാതെയാണ് ഇന്ത്യൻ സിനിമയുടെ ശ്രീ വിടവാങ്ങിയത്.

ശ്രീദേവിയുടെ സ്വപ്നങ്ങൾക്ക് പൂർണത നൽകുകയാണ് മകൾ ജാൻവി കപൂർ ‘ധടക്ക്’ എന്ന ചിത്രത്തിലൂടെ. പ്രഖ്യാപിച്ച നാൾ തൊട്ടേ വാർത്താ പ്രാധാന്യം നേടിയ ചിത്രം പ്രേക്ഷകരുടെ ആകാംക്ഷയിലും മുൻപന്തിയിലായിരുന്നു. ഇപ്പോഴിതാ ആ ആകാംക്ഷ ഇരട്ടിയാക്കി ധടക്കിന്റെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു.

ശശാങ്ക് ഖൈയ്ത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാനാണ് നായകനായെത്തുന്നത്. ഹിറ്റുകളൊരുക്കിയ കരൺ ജോഹർ ആണ് നിർമാണം.

കരൺജോഹർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമൊരുങ്ങുന്നത് കരൺ ജോഹറിന്റെ ധർമ്മാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ്. ‘ഹംപ്റ്റി ശർമ്മാ കി ദുൽഹനിയാ’, ‘ബദ്‍രിനാഥ് കി ദുൽഹനിയാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ശശാങ്ക് ഖെയ്താൻ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതും ധടക്കിനുണ്ട്. സൈറത്തിന് സംഗീതമൊരുക്കിയ അജയ് അതുലാണ് ധടക്കിനും സംഗീതമൊരുക്കുന്നത്.

ചിത്രം ജൂലൈ 20ന് തീയറ്ററുകളിലെത്തും.