Monday 24 September 2018 11:51 AM IST : By സ്വന്തം ലേഖകൻ

നയൻതാരയ്ക്ക് പകരം നിത്യ മേനോൻ ?; ജയലളിതയുടെ ജീവിത കഥയുമായി ‘ദി അയൺ ലേഡി’

nnnnn

ജയലളിതയുടെ ജീവിത കഥ പറയുന്ന, പ്രമുഖ സംവിധായകരുടെതുൾപ്പടെ മൂന്ന് സിനിമകൾ തമിഴിൽ പറഞ്ഞു കേൾക്കുന്നു. ഇതിൽ ഭാരതീരാജ,വിജയ് ചിത്രങ്ങളും ഉൾപ്പെടും. അതേ സമയം നവാഗതയായ പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക് ‘ദി അയൺ ലേഡി’ യിൽ നിത്യ മേനോൻ ജയലളിതയുടെ വേഷത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സംവിധായകൻ എ.ആർ മുരുഗദോസ് റിലീസ് ചെയ്തു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയടക്കം നിരവധി താരങ്ങൾ മോഹിച്ച വേഷമാണിതെന്നാണ് അടക്കം പറച്ചിൽ.

എന്നാൽ സംവിധായകൻ വിജയ് ഒരുക്കുന്ന ജയലളിതയുടെ ബയോപിക്കിൽ നയൻതാരയ്ക്കാകും നറുക്കു വീഴുകയെന്നും വാർത്തകളുണ്ട്.

‘‘ജയലളിതയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരു നടിയെന്ന വിശേഷണം മാത്രം പോര. അഭിനയത്തിനുപുറമേ ശരീരഘടനയിലും പൊക്കത്തിലും ജയലളിതയ്ക്ക് മാച്ചായിരിക്കണം. നിത്യ മേനോൻ അതിനേറ്റവും യോജിച്ച നടിയാണെന്ന് തോന്നി. ബെംഗളൂരുവിലെത്തി നിത്യ മേനോന് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. നിത്യയ്ക്ക് സ്ക്രിപ്റ്റ് വളരെ ഇഷ്ടമായി. ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതിൽ അവർ സന്തുഷ്ടയാണ്’’. – പ്രിയദർശിനി പറയുന്നു.

ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും മരണവും സിനിമയുടെ ഭാഗമാകും. എന്നാൽ ഈ വാർത്തയോട് നിത്യ മേനോൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ ജയലളിതയുടെ തോഴി ശശികലയുടെ വേഷത്തിലെത്തുമെന്നും വിവരമുണ്ട്.

ഭാരതിരാജ ‘അമ്മ: പുരട്ച്ചി തലൈവി’ എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായിയെയും അനുഷ്ക ഷെട്ടിയെയുമാണ് നായികയായി പരിഗണിക്കുന്നതത്രേ.