Saturday 02 February 2019 11:53 AM IST : By സ്വന്തം ലേഖകൻ

‘എനിക്കു നേരെ ആസിഡ് ആക്രമണത്തിനു ശ്രമിച്ചു’! പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണവുമായി ജയപ്രദ

jaya-new

ബോളിവുഡിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും ഞെട്ടിക്കുന്ന ഗുരുതര ആരോപണവുമായി നടി ജയപ്രദ. പ്രമുഖ രാഷ്ട്രീയ നേതാവും എം.എൽ.എയുമായ അസം ഖാൻ തനിക്കു നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങിയെന്നാണ് ജയപ്രദ വെളിപ്പെടുത്തിയിരിക്കുന്നത്.

അമര്‍ സിങ്ങുമായുള്ള തന്റെ അടുപ്പത്തിൽ തെറ്റിദ്ധരിച്ചായിരുന്നു അസംഖാന്റെ നടപടിയെന്നും എന്നാൽ തന്റെ ഗോഡ് ഫാദറായാണ് അമർ സിങ്ങിനെ കണക്കാക്കുന്നതെന്നും ജനങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തെ രാഖി അണിയിക്കാൻ താൻ തയാറാണെന്നും മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ ജയ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തക കൂടിയായ ജയപ്രദയുടെ വാക്കുകൾ വലിയ ഗൗരവത്തോടെയാണ് രാജ്യം ചർച്ച ചെയ്യുന്നത്.

‘‘എന്റെ ന്റെ ജീവിതത്തിൽ നിരവധി പേർ സഹായിച്ചിട്ടുണ്ട്. എന്നാൽ അമർസിങ്ജി തന്റെ ഗോഡ് ഫാദറാണ്. തിരഞ്ഞെടുപ്പിൽ മൽസരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരിക്കൽപ്പോലും മടങ്ങി വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല’’.– ജയപ്രദ പറയുന്നു.

‘‘ഇത്തരം സാഹചര്യങ്ങൾ നേരിട്ടപ്പോൾ ഒരു രാഷ്ട്രീയക്കാരൻ പോലും പിന്തുണയുമായി വന്നിരുന്നില്ല. ഇതിനിടെയാണ് എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പുറത്ത് വരുന്നത്. ഇക്കാലയളവിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആരും എനിക്കൊപ്പം നിന്നില്ല. ഈ സമയങ്ങളിലെല്ലാം എനിക്കൊപ്പം നിന്ന വ്യക്തിയാണ് അമർ സിങ്. അദ്ദേഹത്തെ ഗോഡ് ഫാദർ എന്നല്ലാതെ എന്താണ് പറുയുക. ഞങ്ങൾക്കെതിരായ പ്രചാരങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന് ഞാൻ രാഖി കെട്ടണമായിരിക്കും. എന്നാൽ ആരെന്ത് പറഞ്ഞാലും എനിക്ക് അതൊന്നും പ്രശ്നമല്ല”. -ജയപ്രദ പറയുന്നു.

ജയപ്രദയുടെ തുറന്നു പറച്ചിൽ വരും ദിവസങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.