Thursday 25 April 2019 10:40 AM IST : By സ്വന്തം ലേഖകൻ

ദൃശ്യത്തിന്റെ റെക്കോർഡുകൾ അവസാനിക്കുന്നില്ല; ചൈനീസ് നിർമാണ കമ്പനി തിരക്കഥ അവകാശം വാങ്ങുന്ന ആദ്യചിത്രം

Jeethu Joseph Drishyam stills

കളക്ഷൻ റെക്കോർഡിലും റിലീസിങ്ങിലുമൊക്കെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമാണ് ദൃശ്യം. ഇതാ ദൃശ്യം എന്ന മലയാളികളുടെ മുഴുവൻ അഭിമാന ചിത്രത്തിന് മറ്റൊരു റെക്കോർഡ് കൂടി. ചൈനീസ് നിർമാണ കമ്പനി തിരക്കഥ അവകാശം വാങ്ങുന്ന പ്രാദേശിക ഭാഷയിൽ നിർമിച്ച ആദ്യ ചിത്രമെന്ന റെക്കോർഡ് ആണ് ദൃശ്യം കരസ്ഥമാക്കിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്നെ ദൃശ്യത്തിന്റെ റിമേക്കുകള്‍ വന്നിരുന്നു. തമിഴില്‍ കമല്‍ഹാസന്‍, ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു പ്രധാന വേഷം ചെയ്തത്. മലയാളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറിയത്.

ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥ അവകാശം ഒരു ചൈനീസ് നിര്‍മ്മാണ കമ്പനി സ്വന്തമാക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുമ്പോൾ അത് മലയാളത്തിന്റെ ‘ദൃശ്യം’ ആകുന്നത് ഇരട്ടി മധുരമാകുരയാണ് പ്രേക്ഷകർക്ക്.

വാർത്ത പങ്കിട്ടുകൊണ്ടുള്ള ജീത്തു ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ:

മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ

ജീത്തു ജോസഫ്