Thursday 13 February 2020 04:12 PM IST

കൂട്ടുകാർക്ക് കൂട്ടുപോയി, സെക്യൂരിറ്റി പിടിച്ച് ആങ്കറാക്കി! ‘സരിഗമപ’യിലെ ജീവ വീട്ടുകാരുടെ അഖിൽ, പാട്ടുവണ്ടി പ്രണയ വണ്ടിയായ കഥ ഇങ്ങനെ

V.G. Nakul

Sub- Editor

j1

മലയാളത്തിനൊപ്പം ഇംഗ്ലീഷ് കലർത്തി ‘മംഗ്ലീഷി’ൽ സംസാരിക്കുന്നവരാണ് ടിവി അവതാരകർ എന്ന ചീത്തപ്പേര് മാറിവരുന്നേയുള്ളൂ. അതിനു സഹായിച്ചവരുടെ കൂട്ടത്തിൽ ഒരു ‘ചുള്ളൻ’ പയ്യനുമുണ്ട് എന്ന് പ്രേക്ഷകർ അടിവരയിട്ടു പറയും. മറ്റാരുമല്ല, സീ ടിവിയിലെ സരിഗമപാ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ജീവ ജോസഫ്. പൊടിപാറുന്ന സിനിമാ ഡയലോഗുകൾ കാച്ചിയും ജഡ്ജസിനെയും ജൂറിയെയും കൗണ്ടറുകളിലൂടെ ‘തലോടി’യും മത്സരാർഥികളെ ധൈര്യപൂർവം ചേർത്തുനിർത്തിയും ടെലിവിഷൻ അവതാരകരെ കുറിച്ചുള്ള പൊതുഅഭിപ്രായം തന്നെ ജീവ മാറ്റിയെഴുതി. അവതാരകനായി തിളങ്ങുന്ന ജീവ വനിത ഓൺലൈനോട് വിശേഷങ്ങൾ പങ്കുവച്ചപ്പോൾ.

അഖിൽ അങ്ങനെ ജീവയായി

എന്റെ നാട് മാവേലിക്കരയിലെ കല്ലുമലയാണ്. അഞ്ചു വർഷമായി കൊച്ചിയിലാണ് താമസം. ചാനൽ ജോലിയുടെ ഭാഗമായാണ് ഇവിടേക്ക് വന്നത്. ആദ്യം സൂര്യ മ്യൂസിക്കിലായിരുന്നു. ചാനലിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു. ൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പപ്പ മരിച്ചു പോയി. തമ്പി എന്നായിരുന്നു അച്ഛന്റെ പേര്. നാട് കൊല്ലം. ബിസിനസ്സ് ആയിരുന്നു. അമ്മ മിനിമോൾ. പപ്പയുടെയും അമ്മയുടെയും ഇന്റർകാസ്റ്റ് മാര്യേജ് ആണ്. ശരത് എന്നാണ് പപ്പയുടെ യഥാർത്ഥ പേര്. പിന്നീട് തമ്പി എന്ന് മാറ്റി. എന്റെ യഥാർത്ഥ പേര് അഖിൽ. എസ് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ജീവൻ. അമ്മയുടെ അച്ഛന്റെ പേരായ ജോസഫ് കൂടി ചേർത്ത് പിന്നീട് ഞാൻ ജീവ ജോസഫ് എന്ന സ്ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു. അനിയന്റെ പേര് ആകാശ്. ജെറ്റ് എയർവേയ്സിലായിരുന്നു. ഇപ്പോൾ അനിയനും അമ്മയും എനിക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.

കൂട്ടു പോയി ‘പണി’യായി

ഏറോനോട്ടിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചതെങ്കിലും പൂർത്തിയാക്കിയില്ല. മൂന്ന് വർഷം പഠിച്ച ശേഷമാണ് ഇത് നമ്മളെക്കൊണ്ട് പറ്റില്ല എന്ന തിരിച്ചറിവുണ്ടായത്. ലക്ഷ്യം സിനിമയായിരുന്നു. ഇപ്പോഴും അതാണ് പ്രധാന ലക്ഷ്യം. യാദൃശ്ചികമായാണ് ആങ്കറിങ്ങിലേക്കെത്തിയത്. സൂര്യ മ്യൂസിക്കിന്റ ഓഡിഷന് എന്റെ സുഹൃത്തുക്കളായ കപ്പിൾസിനൊപ്പം കൂട്ട് പോയതാണ്. അവിടെ ചെന്നപ്പോൾ ഞാന്‍ മാറിനിൽക്കുന്നത് കണ്ട്, ‘എന്തിനാണ് വന്നത്’ എന്ന് സെക്യൂരിറ്റി ചോദിച്ചു. അപ്പോൾ പറയാൻ തോന്നിയത് ‘ഓഡിഷന് വന്നതാണ്’ എന്നാണ്. അങ്ങനെ ഓഡിഷനിൻ പങ്കെടുത്തു. ആദ്യം ഷോർട് ലിസ്റ്റ് ചെയ്ത 40 പേരിലും ഒരു മാസത്തെ ട്രെയിനിങ് കഴിഞ്ഞ് തിരഞ്ഞെടുത്ത രണ്ടു പേരിലും ഞാനുണ്ടായിരുന്നു.

j2

പാട്ടുവണ്ടി പ്രണയവണ്ടിയായി

സൂര്യയിൽ 2013 മുതൽ 2019 വരെ പ്രവർത്തിച്ചു. ആദ്യം ചെയ്തത് 100 ലവ് എന്ന പരിപാടിയാണ്. രജിഷ വിജയനായിരുന്നു ഒപ്പം. പിന്നീട് ജാങ്കോ ബോയ്സ്, ഫ്രണ്ട്സ് കോർണർ, പാട്ടു വണ്ടി തുടങ്ങിയ പല ഷോസും ചെയ്തു. പാട്ടുവണ്ടിയിൽ വച്ചാണ് ഞാൻ എന്റെ ഭാര്യയെ കണ്ടുമുട്ടിയത്. എനിക്കൊപ്പം ഷോയിൽ ആങ്കറായി വന്നതാണ് അപർണ തോമസ്. അങ്ങനെ പാട്ടുവണ്ടി പതിയെ പ്രണയവണ്ടിയായി മാറി. എങ്കിൽ പിന്നെ ജീവിതത്തിലും ഈ ഷോ തുടരാം എന്നു തീരുമാനിക്കുകയായിരുന്നു. പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ വീട്ടിൽ പറഞ്ഞു. അവരും സമ്മതിച്ചതോടെ ഉടൻ വിവാഹം നടന്നു. ഇപ്പോൾ പുള്ളിക്കാരി ഖത്തർ എയർവേസിലാണ്. ചേറായിയിലാണ് അപർണയുടെ നാട്.

j3

എല്ലാം ഒരു ധൈര്യം

സൂര്യയിൽ ജോലി ചെയ്യുമ്പോഴാണ് സീയിൽ അവസരം ലഭിച്ചത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് സർഗോ വിജയരാജ് സാറുമായി സംസാരിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ഓക്കെ പറഞ്ഞു. ‘എടാ നമുക്കിത് ചെയ്താലോ’ എന്നു ചോദിച്ചു. എനിക്ക് ആദ്യം ചെറിയ ടെൻഷനുണ്ടായിരുന്നു. മുന്‍പ് ഞാൻ റിയാലിറ്റി ഷോ ചെയ്തിട്ടില്ല. പക്ഷേ, അദ്ദേഹം ധൈര്യം തന്നു. അങ്ങനെയാണ് ‘സരിഗമപ’യുടെ ഭാഗമായത്. 2019 മാർച്ചിലാണ് ഷൂട്ട് തുടങ്ങിയത്. ഏപ്രിലിൽ ടെലികാസ്റ്റ് ചെയ്ത് തുടങ്ങി. ഞാന്‍ കാരണം ഒരിക്കലും ആ ഫുള്‍ ക്രൂവിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് വർക്ക് ചെയ്യുന്നത്. ബി. ഉണ്ണികൃഷ്ണൻ സാർ, അനൂപ് മേനോൻ ചേട്ടൻ എന്നിവരൊക്കെ അഭിനന്ദിച്ചു. ക്രൂവിന്റെയും ജഡ്ജസിന്റെയും പിന്തുണ എടുത്തു പറയണം. പ്രധാനമായും ഷാൻ റഹ്മാൻ ചേട്ടൻ, ഗോപി സുന്ദര്‍ ചേട്ടൻ, സുജാത ചേച്ചി എന്നിവരുടെ സപ്പോർട്ട് വളരെ വലുതാണ്. കട്ട കമ്പനിയാണ് എല്ലാവരും. അവരുടെ ഓരോ പ്രോത്സാഹനവും വലിയ ആത്മവിശ്വാസം സമ്മാനിക്കുന്നു.

ഇത്തിരി കടുത്തു പോയി

ലൈവ് ഷോ ചെയ്യുമ്പോൾ പലപ്പോഴും നാക്ക് പിഴയ്ക്കും. ഒരിക്കൽ, 100 ലവ് ചെയ്യുമ്പോൾ ഒരു കോൾ വന്നു. ആ എപ്പിസോഡിൽ ഗിഫ്റ്റിനെക്കുറിച്ചാണ് സംസാരിച്ചത്. മഞ്ജു എന്നൊരു പെൺകുട്ടി വിളിച്ചു. ലവറിന്റെ പേരൊക്കെ തിരക്കി, എന്ത് ഗിഫ്റ്റാണ് തരുന്നതെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞുപാവകൾ വാങ്ങിത്തരും എന്നു പറഞ്ഞു. അങ്ങനെ കോൾ കട്ട് ചെയ്ത് വേറെ ചിലതൊക്കെ പറഞ്ഞ് പാട്ട് വയ്ക്കും മുമ്പ് ഞാൻ ഇത്ര കൂടി പറഞ്ഞു, ‘‘നമ്മളെ വിളിച്ചത് മഞ്ജുവാണ്. മഞ്ജുവിന് കുഞ്ഞുകുട്ടികളെ സമ്മാനമായി കൊടുക്കുന്ന മനോജേട്ടന് വേണ്ടി ഈ പാട്ട്’’ എന്ന്....പിന്നത്തെ പൂരം പറയണോ...കുറേക്കാലം അതിന്റെ പേരിൽ ഞാൻ നേരിട്ട ട്രോളിന് കണക്കില്ല.

ഒരു സിനിമ ചെയ്തു. പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴും സിനിമ മനസ്സിലുണ്ട്. ചില അന്വേഷണങ്ങൾ സജീവമാണ്. സംഭവിച്ച ശേഷം പറയാം. സിനിമയാണല്ലോ. നടന്നിട്ട് നടന്നു എന്നു പറയാം.