Tuesday 07 April 2020 01:09 PM IST : By സ്വന്തം ലേഖകൻ

വ്യാജ അശ്ലീല ചിത്രങ്ങളും വിഡിയോസും; എന്നെയും എന്റെ കുടുംബത്തെയും നശിപ്പിക്കുവാനുള്ള ശ്രമം! പരാതിയുമായി ജൂഹി

juhi

തന്റെ പേരില്‍ വ്യാജ അശ്ലീല ചിത്രങ്ങളും വിഡിയോസും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി ജൂഹി രസ്‌തോഗി. സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി താരം ഡി.ജി.പിയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദീകരിച്ച് ജൂഹി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് കുറിപ്പ് ഇതിനോടകം വൈറല്‍ ആണ്.

ജൂഹി രസ്‌തോഗി എഴുതിയ കുറിപ്പ് വായിക്കാം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഡ ലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്‌നേഹം

Juhi Rustagi