Tuesday 11 June 2024 12:55 PM IST : By സ്വന്തം ലേഖകൻ

സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളി: നടൻ ദർശൻ അറസ്റ്റിൽ

actor-darshan

കൊലപാതക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍.ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൈസൂരിലെ ഫാം ഹൗസിൽനിന്ന് അറസ്റ്റ് ചെയ്ത നടനെ ബെംഗളൂരുവിലേക്ക് മറ്റും. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകമെന്നാണ് വിവരം.

മൈസൂരുവിലെ ഫാംഹൗസിൽ ‍നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക സ്വാമി കൊല്ലപ്പെടുന്നത്. പിറ്റേദിവസം കാമാക്ഷിപാളയക്ക് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തി.ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം.

തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗർ സ്വദേശികളായ മൂന്നു പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് ഇവർ നൽകിയ മൊഴിയാണ് നിർണായകമായത്. തുടര്‍ന്ന് മൃദദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കന്നഡ സൂപ്പർതാരം ദർശന്റെ പങ്കാളിത്തം പുറത്തുവന്നത്.

ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി. നടി പവിത്ര ഗൗഡയുമായി ബന്ധപ്പെടുത്തി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മിക്ക് സ്വാമി അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നുമാണ് വിവരം. വിജയലക്ഷ്മിയും പവിത്രക്കെതിരെ രംഗത്തെത്തിയിരുന്നു. ദര്‍ശനും പവിത്രയും സുഹൃത്തുക്കളാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യം അറിഞ്ഞ ദർശൻ, ചിത്രദുർഗയിൽ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായ വ്യക്തിയെ ബന്ധപ്പെട്ടു. ഇവരാണ് ദർശന്റെ നിർദേശപ്രകാരം രേണുകസ്വാമിയെ നഗരത്തിൽ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് ഒരു ഷെഡിൽവച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

നിര്‍മാതാവ് കൂടിയായ ദര്‍ശന്‍ തൂഗുദീപ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസിന്‍റെ ഉടമ കൂടിയാണ്. മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അനതാരു (2007), ക്രാന്തിവീര സങ്കൊല്ലി രായണ്ണ (2012), കാറ്റേര (2023) തുടങ്ങിയ കന്നഡ ചിത്രങ്ങളിലൂടെയാണ് ദര്‍ശന്‍ ശ്രദ്ധേയനാകുന്നത്.

കന്നഡയില്‍ ശിവരാജ് കുമാര്‍ അടക്കം താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദര്‍ശന്‍. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്‍ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.