Wednesday 17 April 2019 11:47 AM IST : By സ്വന്തം ലേഖകൻ

ജാനുവായി ക്യൂട്ട് മേക്കോവറിൽ തിളങ്ങി ഭാവന; '96' കന്നഡ പതിപ്പിന്റെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ!

99-bhava

പ്രേക്ഷകരുടെ ഹൃദയം കവർന്ന തമിഴ്ചിത്രം '96'-ന്റെ കന്നഡ പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. തൃഷ അവിസ്മരണീയമാക്കിയ ജാനുവായി മലയാളി താരം ഭാവനയും വിജയ് സേതുപതി തകർത്തഭിനയിച്ച റാം ആയി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും ചിത്രത്തിൽ എത്തുന്നു.

മനോഹരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അതിസുന്ദരിയായി എത്തിയ ഭാവന തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. 99 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിവാഹത്തോടെ ഇടവേളയെടുത്ത ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 99.

പ്രീതം ഗബ്ബിയാണ് സംവിധാനം. കവിരാജിന്റെ വരികള്‍ക്ക് അര്‍ജന്‍ ജന്യ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധായകന്റെ നൂറാമത്തെ ചിത്രമാണിത്. രാമുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം തിയറ്ററുകളിലെത്തും. 96- ന്റെ തെലുങ്ക് പതിപ്പും അണിയറയില്‍ പുരോഗമിക്കുകയാണ്. ശർവാനന്ദും സമാന്തയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.