Friday 14 December 2018 10:11 AM IST : By സ്വന്തം ലേഖകൻ

ചെറിയ കളിയല്ല ‘മഹാവീര്‍ കര്‍ണ’; പ്രീ–പ്രൊഡക്ഷൻ വിഡിയോ പങ്കു വച്ച് സംവിധായകൻ

karna-new

വർഷങ്ങൾ നീണ്ട പ്രീ–പ്രൊഡക്ഷൻ ജോലികൾക്കൊടുവിലാണ് ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീര്‍ കര്‍ണ’യ്ക്ക് സംവിധായകൻ ആർ. എസ് വിമൽ സ്റ്റാർട്ടും ആക്ഷനും പറയാനൊരുങ്ങുന്നത്.

ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം 300 കോടിയാണ് മുതൽ മുടക്കുന്നത്. പുരാണ കഥയെ ഫിക്ഷന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, ഒരു ഇന്ത്യൻ സിനിമയെന്ന ലേബലിലാണ് ഒരുക്കിയെടുക്കുക.

ഇപ്പോൾ ചിത്രത്തിനായി ഹൈദരാബാദിൽ പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന്റെയും ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെയും വിഡിയോ പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ. വിഡിയോയിൽ കാണുന്ന പ്രകാരം വലിയ മുന്നൊരുക്കങ്ങളാണ് ചിത്രത്തിനായി അണിയറയിൽ പുരോഗമിക്കുന്നത്.

ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു. ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി നാല് നില പൊക്കമുള്ള ഒരു കൂറ്റന്‍ രഥമാണ് ഒരുക്കുന്നത്. 1,001 മണികൾ ഉപയോഗിച്ചാണ് രഥം അലങ്കരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന വൻ വിജയത്തിനു ശേഷമാണ് വിമൽ ബഹുഭാഷാ ചിത്രമായ മഹാവീർ കർണ്ണയുടെ ജോലികളിലേക്കു കടന്നത്. ആദ്യം പൃഥ്വിരാജിനെയാണ് നായക വേഷത്തിൽ പരിഗണിച്ചതെങ്കിലും പിന്നീടത് വിക്രത്തിലേക്കെത്തി.

ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നിവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.

താരനിര ഉൾപ്പടയുള്ള മറ്റു വിശധ വിവരങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല. ചിത്രീകരണം ഉടൻ ആരംഭിക്കും.