Saturday 06 April 2019 10:15 AM IST : By സ്വന്തം ലേഖകൻ

ഒറ്റ രാത്രിയിൽ 17 ലക്ഷം കടന്ന് രാജയുടെ സാമ്പിൾ വെടിക്കെട്ട്! ട്രെയിലര്‍ തരംഗമാകുന്നു

raja

ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ 17 ലക്ഷത്തിലധികം കാഴ്ചക്കാരുമായി രാജയുടെ തേരോട്ടം. ഇന്നലെ രാത്രി എട്ടു മണിക്ക് റിലീസ് ചെയ്ത മധുരരാജയുടെ ഒഫീഷ്യൽ ട്രെയിലറാണ് മണിക്കൂറുകൾക്കുള്ളിൽ തരംഗമായത്. ഒരു മിനിറ്റും 46 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ, ചിത്രം മാസിന്റെ വെടിക്കെട്ടാകുമെന്ന സൂചന തരുന്നു.

മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിൽ നിറയുന്നത്. വലിയ ക്യാൻവാസിലൊരുക്കിയ രംഗങ്ങളും വൻ താരങ്ങളുമൊക്കെ ചേരുമ്പോൾ ട്രെയിലർ പൂരത്തിനു മുമ്പുള്ള സാമ്പിൾ വെടിക്കെട്ടു മാത്രമാണെന്നാണ് ആരാധകരുടെ പക്ഷം.

വൻ വിജയമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ആദ്യ ഭാഗത്തെക്കാൾ ഹെവിയാകും രണ്ടാം ഭാഗമെന്നാണ് ട്രെയിലറിൽ നിന്നു മനസ്സിലാകുക. ഏപ്രിൽ 12 ന് ചിത്രം തിയറ്ററുകളിലെത്തും.

രാഷ്ട്രീയവും അധോലോകവും അതുമായി ബന്ധപ്പെട്ടു വരുന്ന സംഭവവികാസങ്ങളുമൊക്കെയാണ് മധുരരാജയുടെ കഥാപശ്ചാത്തലം. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്നതും ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

അനുശ്രീ, ഷംന കാസിം, അന്ന രാജൻ, മഹിമ നമ്പ്യാർ എന്നിവരാണ് നായികമാർ. തമിഴ് യുവതാരം ജയ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, തെസ്നി ഖാൻ, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് മറ്റൊരു ഹൈലൈറ്റ്. ഉദയകൃഷ്ണയാണ് ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം– ഷാജി കുമാര്‍, സംഗീതം – ഗോപി സുന്ദർ.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലാണ് റിലീസ്.