Wednesday 10 April 2019 09:25 AM IST : By സ്വന്തം ലേഖകൻ

മാറ്റമില്ലാത്ത നൃത്ത മധുരവുമായി മാധുരി! ‘കളങ്കി’ലെ മനോഹരമായ ഗാനമെത്തി: വിഡിയോ

madhuri-new

മാധുരി ദീക്ഷിതിന്റെ മധുരമുള്ള നൃത്തച്ചുവടുകളുടെ ലഹരി പടർത്തി ‘കളങ്കി’ലെ മനോഹരമായ ഗാനമെത്തി. പ്രായം തളർത്താത്ത, മാധുരിയുടെ സുന്ദരമായ പ്രകടനം തന്നെയാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്.

‘തബാഹ് ഹോ ഗയേ’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ മാധുരി പഴയതിനേക്കാൾ ചെറുപ്പത്തോടെയും പ്രസരിപ്പിപ്പോടെയുമാണ് നൃത്തം ചെയ്യുന്നത്.

സരോജ് ഖാനും റെമോ ഡിസൂസയും ചേർന്നാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ശ്രേയ ഘോഷാൽ ആണ് ഗാനമാലപിച്ചിരിക്കുന്നത്.

‘‘ഓരോ കഥാപാത്രങ്ങളുടെയും പിന്നണികഥകൾ പറഞ്ഞുപോവുന്നതിനിടയിൽ, കഥയിൽ ഏറെ പ്രാധാന്യമുള്ള സമയത്താണ് ഈ ഗാനം വരുന്നത്. വളരെ വൈകാരികവും ആകർഷണീയവുമായ ഗാനം”.– മാധുരി പറയുന്നു.

എക്കാലത്തേയും അനുഗ്രഹീത നർത്തകിയെന്നാണ് മാധുരി ദീക്ഷിതിന്റെ നൃത്തത്തെ ചിത്രത്തിലെ നായകൻ വരുൺ ധവാൻ വിശേഷിപ്പിച്ചത്. ഇതിനോടകം പാട്ട് ഹിറ്റായിക്കഴിഞ്ഞു.

വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിര കൈകോർക്കുന്ന ‘കലങ്ക്’ ഏപ്രിൽ 17 ന് റിലീസിനെത്തും.

അഭിഷേക് വർമനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തി ചേർന്നത്.