Saturday 02 February 2019 12:14 PM IST : By സ്വന്തം ലേഖകൻ

എം.ടിയുടെ തിരക്കഥയിൽ ‘മഹാഭാരതം’ സംഭവിക്കില്ല ? വാദങ്ങൾ തള്ളി അഭിഭാഷകൻ

mt-new

വീണ്ടും ‘രണ്ടാമൂഴം ട്വിസ്റ്റ്’. തർക്കങ്ങളൊഴിഞ്ഞ് ‘മഹാഭാരതം’ എന്ന പേരില്‍ എം.ടി വാസുദേവൻനായരുടെ തിരക്കഥയില്‍ സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് എം.ടിയുടെ അഭിഭാഷകൻ ശിവരാമകൃഷ്ണൻ രംഗത്തു വന്നതോടെ കാര്യങ്ങൾ മറ്റൊരു വഴിക്കായി. ‘രണ്ടാമൂഴം’ സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിർമാതാവുമായി ചേർന്ന് എംടിയുടെ തിരക്കഥയിൽ മഹാഭാരതം തുടങ്ങാൻ കരാറിൽ ഒപ്പുവെച്ചുവെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാതാവ് എസ്.കെ നാരായണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്റെ സാന്നിധ്യത്തില്‍ ധാരണയിലെത്തിയെന്നാണ് ജോമോൻ പുത്തൻപുരയ്ക്കലിന്റെ അവകാശവാദമെങ്കിലും ഇക്കാര്യം എം.ടി അറിഞ്ഞിട്ടില്ലെന്ന് ശിവരാമകൃഷ്ണന്‍ സ്ഥിരീകരിച്ചു. എം ടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നും അഭിഭാഷകൻ വിശദീകരിച്ചു.