പ്രചാരണത്തിൽ കോളിളക്കം സൃഷ്‌ടിച്ച കബാലിക്ക് ശേഷം അതിനെ വെല്ലുന്ന സ്വീകാര്യതയുമായി ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം എത്തുന്നു. കബാലി കാണാൻ തമിഴ്നാട്ടിൽ കമ്പനികൾ ജീവനക്കാർക്ക് അവധി കൊടുത്തെങ്കിൽ ഇവിടെ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി സ്‌പെഷ്യൽ ഷോസ് ബുക്ക് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
ബാങ്കുകളും ജ്വല്ലറി, ടെക്സ്റ്റൈൽ സ്ഥാപനങ്ങളും തങ്ങളുടെ കസ്റ്റമേഴ്സിനു വേണ്ടി സ്ക്രീനുകൾ ബുക്ക് ചെയ്യുന്നെങ്കിൽ ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി സ്ക്രീനുകൾ ബുക്ക് ചെയ്യാൻ സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയെ സമീപിക്കുന്നതായാണ് വാർത്തകൾ.
ഏതാനും സ്‌കൂളുകളും ഇതിനോടകം തന്നെ നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാലഘട്ടം ചിത്രീകരിക്കുന്ന, ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള, ഈ സിനിമ കുട്ടികളെ കാണിക്കുന്നതിനായി തിയറ്റർ ബുക്കിങ് നടത്തിയതായി അറിയുന്നു. മലയാളത്തിൽ ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് ഇത്ര വലിയ കാത്തിരിപ്പും സ്വീകാര്യതയും ലഭിക്കുന്നത്.
രജനികാന്ത് നായകനായ കബാലിയുടെ റിലീസിന് കമ്പനികൾ ജീവനക്കാർക്ക് അവധി കൊടുത്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. മലയാളത്തിൽ മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിന്റെ ട്രെയിലറും ഗാനവും ഗ്രാഫിക് ടീസറും ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറിയിട്ടുണ്ട്.
ചിത്രത്തിന്റെ മേക്കിങ് വിഡിയോ കണ്ട സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ദർ മാമാങ്കത്തെ ഇന്ത്യൻ സിനിമയുടെ മുഖം മാറ്റുന്ന സിനിമയായാണ് വിലയിരുത്തുന്നത്. ബോക്സോഫീസ് രംഗത്തെ വിദഗ്ദരുടെ കാഴ്‌ചപ്പാടിൽ ചിത്രം റിലീസ് ചെയ്യുന്ന ഒരാഴ്ച ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത തീരെ വിരളമാണെന്നതാണ്.
ഈയവസരത്തിലാണ് വിവിധ സ്ഥാപങ്ങൾ തങ്ങളുടെ ജീവനക്കാർക്കും ഇടപാടുകാർക്കും വേണ്ടി തിയറ്റർ ബുക്ക് ചെയ്യാൻ നിർമ്മാണ കമ്പനിയെ സമീപിക്കുന്നത്. ചരിത്ര കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പദ്മകുമാറാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.