Tuesday 08 January 2019 04:06 PM IST : By സ്വന്തം ലേഖകൻ

‘ക്രിയേറ്റീവായ ചെറിയ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ മമ്മൂക്കയില്‍ നിന്നു മികച്ച പിന്തുണ’; ‘മാമാങ്കം വിവാദ’ത്തില്‍ വിശദീകരണവുമായി സംവിധായകൻ

mamangam-new

വിവാദങ്ങളവസാനിക്കാതെ മാമാങ്കം. യുവ നടന്‍ ധ്രുവനെ പുറത്താക്കി വാർത്തകളിൽ നിറഞ്ഞു തുടങ്ങിയ ചിത്രത്തിൽ ദിവസം തോറും അണിയറ പ്രവർത്തകരും താരങ്ങളും മാറിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഇപ്പോഴിതാ മാമാങ്കം ആരംഭിക്കാന്‍ താനാണ് മുന്‍കൈ എടുത്തതെന്നും നിര്‍മ്മാതാക്കളില്‍ ചിലരുടെ പിന്തുണ തനിക്കുണ്ടെന്നും പരിചയക്കുറവ് പ്രശ്നമായിരുന്നെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നെന്നും വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ള രംഗത്തെത്തിയിരിക്കുന്നു. ഒരഭിമുഖത്തിലാണ് സജീവിന്റെ തുറന്നു പറച്ചിൽ. മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയതും സജീവാണ്. 2010 ലാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ ആരംഭിക്കുന്നത്. 2011 ല്‍ മമ്മൂട്ടിയോട് കഥ പറയുകയും 2012 ല്‍ അദ്ദേഹം പ്രൊജക്റ്റിന്റെ ഭാഗമാവുകയും ചെയ്തു.

നിര്‍മാതാക്കളുമായുള്ള തര്‍ക്കമാണ് ചിത്രത്തിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണം. തുടക്കക്കാരനായ സജീവ് പിള്ളയുടെ സംവിധാനം പ്രതീക്ഷിച്ച മികവ് പുലര്‍ത്തുന്നില്ലെന്നും ഇത് പരിഹരിക്കുന്നതിനാണ് ക്രിയേറ്റീവ് സപ്പോര്‍ട്ടിനായി പരിചയസമ്പന്നനായ പത്മകുമാറിനെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതെന്നും നിര്‍മാതാക്കള്‍ പറയുന്നു. അതേ സമയം കുറച്ച് ഈഗോ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും തന്റെ സഹായത്തിനായി മറ്റൊരാള്‍ സിനിമയിലേക്കു വരുന്നതില്‍ പ്രശ്നമില്ലെന്നാണ് സജീവിന്റെ നിലപാട്.

തന്റെ ജോലി നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്ന് വാദിക്കാനാവില്ല. താന്‍ ഒഴികെ ചിത്രത്തില്‍ ബാക്കിയുള്ളവരെല്ലാം രാജ്യത്തെ ഏറ്റവും പ്രമുഖരായ ടെക്നീഷ്യന്മാരും മമ്മൂട്ടിയെ പോലുള്ള രാജ്യം അറിയുന്ന അഭിനേതാവുമാണ്. അതിനാല്‍ ചിത്രം മോശമാണെന്ന് പറയാന്‍ ഒരു കാരണവുമില്ല. തന്റെ പരിചയക്കുറവ് കാരണമാണ് ഏറ്റവും മികച്ച ടെക്നീഷ്യന്മാരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സജീവ് പറഞ്ഞു. മമ്മൂട്ടിയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനും അഭിനേതാവും തമ്മിലുണ്ടാകുന്ന ക്രിയേറ്റീവായ ചെറിയ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ എല്ലാ രീതിയിലും മികച്ച പിന്തുണയാണ് മമ്മൂക്കയില്‍ നിന്ന് ലഭിച്ചതെന്നും സജീവ് വ്യക്തമാക്കി.