Friday 17 January 2020 11:45 AM IST : By സ്വന്തം ലേഖകൻ

‘ഇനി ഒരിക്കലും നടക്കാനാകില്ല എന്നു കരുതി, സകല ആത്മവിശ്വാസവും നഷ്ടപ്പെട്ടു’! ആരും അറിയാത്ത അതിജീവനത്തിന്റെ കഥ പറഞ്ഞ് മഞ്ജിമ

manjima

ബാലനടിയായി എത്തി, തെന്നിന്ത്യയിലെ താരനായികയായി വളർന്നിരിക്കുകയാണ് മഞ്ജിമ മോഹൻ. പ്രശസ്ത ഛായാഗ്രഹകൻ വിപിൻ മോഹന്റെ മകളായ മഞ്ജിമ കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പ്രിയം തുടങ്ങിയ ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ച ശേഷം നിവിൻ പോളിയോടൊപ്പം ഒരു വടക്കൻ സെൽഫിയിലൂടെയാണ് നായിക നിരയിലേക്കെത്തിയത്.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഒരു കടുത്ത പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് താരം. മഞ്ജിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇതിനകം വൈറൽ ആണ്.

ഒരു അപകടത്തെ തുടർന്ന് കാലിന് പരുക്കേറ്റ മഞ്ജിമ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അത് താരത്തിന്റെ ജീവിതത്തെ കുറച്ചു കാലത്തേക്കെങ്കിലും ഇരുട്ടിലാക്കി.

‘ഞാൻ ഒരു അപകടത്തിൽ പെട്ട കാര്യം എല്ലാവർക്കും അറിയാമായിരുന്നല്ലോ. ഇപ്പോൾ സുഖപ്പെട്ടു വരുന്നു. മുമ്പും പല താരങ്ങളും ഇതിനെക്കാൾ മോശം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് അറിയാമെങ്കിലും അതിന്റെ തീവ്രത മനസ്സിലായത് ഇപ്പോഴാണ്. അപകടം പറ്റി ആദ്യ നാളുകളിൽ ഇനി നടക്കാനാകുമോ, സിനിമ ചെയ്യാനാകുമോ, നൃത്തം ചെയ്യാനാകുമോ എന്നെല്ലാമായിരുന്നു എന്റെ ചിന്തകൾ. ഒരുവേള ഇല്ല എന്നു തന്നെ വിശ്വസിച്ചു. സകല ആത്മവിശ്വാസവും നഷ്ടപ്പെട്ടു. ഭയം കൊണ്ട് മൂടിയ നാളുകൾ. കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നുവെങ്കിലും ആത്മവിശ്വാസം പതിയെ ഇല്ലാതായി. ഒടുവിൽ, പ്രതീക്ഷ കൈവന്നത് എന്റെ പുതിയ സിനിമയുടെ സംവിധായകൻ വിളിച്ചപ്പോഴാണ്. എന്നെ വിശ്വസിക്കുന്നുവെന്നും രോഗം ഭേദമായ ശേഷം സിനിമ ചെയ്യാം എന്നും അദ്ദേഹം ഉറപ്പു നൽകി. അദ്ദേഹത്തിന് എന്നിൽ വിശ്വാസമുള്ളതിനാൽ, എനിക്ക് മടങ്ങിവരാൻ സാധിക്കും എന്നു തോന്നി. അങ്ങനെ കിടക്കയിൽ നിന്നു ഞാൻ സ്വയം മോചിതയായി. ചിത്രീകരണം തുടങ്ങിയ ദിവസം എന്റെ ശക്തി തിരിച്ചറിഞ്ഞു. എന്നിൽ വിശ്വസിക്കാത്ത ആളുകള്‍ ഉണ്ടാകുമോ എന്ന ഭയം അപ്പോഴും ഉണ്ടായിരുന്നു. കുറഞ്ഞ പക്ഷം എന്നെ വിശ്വസിച്ച ആൾക്കുള്ള ഉറപ്പെന്ന നിലയിലെങ്കിലും നല്ല രീതിയിൽ വർക്ക് ചെയ്യണം എന്ന ഉൾവിളി മനസിൽ ഉണ്ടായി. പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലെ എല്ലാവരും താങ്ങായി ഒപ്പം നിന്നു. നടക്കാനും, ഷോട്ടുകൾക്കിടയിൽ വിശ്രമിക്കാനുമൊക്കെ അവർ അവസരമൊരുക്കി. ദിവസങ്ങൾ കടന്ന് പോയി. ക്ഷീണം തോന്നിയെങ്കിലും തന്റെ ജോലി തുടർന്നു, കാലുകൾ ബലപ്പെട്ടു, ആത്മവിശ്വാസം വർധിച്ചു. ഇതെഴുതുമ്പോള്‍ എന്റെ 100 ശതമാനത്തിലേക്കും ഞാൻ മടങ്ങി വന്നിരിക്കുന്നു. മനസ്സിൽ ഭയവും സംശയും തീരെ ഇല്ല’.– മഞ്ജിമ കുറിച്ചു.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘എഫ്ഐആർ’ എന്ന ചിത്രത്തിലാണ് പരുക്കിൽ നിന്നു മോചിതയായി മഞ്ജിമ അഭിനയിച്ചത്. വിഷ്ണു വിശാലാണ് ചിത്രത്തിൽ നായകൻ.