Saturday 27 April 2019 05:11 PM IST : By സ്വന്തം ലേഖകൻ

‘പിള്ളേച്ചാ...നമ്മുടെ സിനിമ റിലീസ് ആയി, എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ’! ഹൃദയത്തിൽ തൊടും ഈ കുറിപ്പ്

manu-new

‘‘പിള്ളേച്ചാ, നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററിൽ അടക്കം നിങ്ങൾ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ...’’ വിജയകരമായി പ്രദർശനം തുടരുന്ന ഉയരെയുടെ സംവിധായകൻ മനു അശോകൻ ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്. ഇതിലെ പിള്ളേച്ചൻ അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയാണ്.

രാജേഷ് പിള്ളയുടെ ശിഷ്യനാണ് മനു അശോകൻ. രാജേഷ് രോഗാവസ്ഥയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അവസാന ചിത്രമായ വേട്ട പൂർത്തീകരിക്കാൻ സഹായിച്ചത് മനുവാണ്. എന്നാൽ മനുവിന്റെ ആദ്യ സിനിമ കാണാൻ രാജേഷില്ല എന്നത് മനുവിനെ വേദനിപ്പിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ രാജേഷ് പിള്ളയുടെ ഭാര്യ മേഘയും അണിയറക്കാരുടെ ഒപ്പം എത്തിയിരുന്നു. ബോബി–സഞ്ജയ് ആണ് ഉയരെയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

മനുവിന്റെ കുറിപ്പ് വായിക്കാം –

പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററിൽ അടക്കം നിങ്ങൾ എൻറെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാൻ... പിള്ളേച്ചൻ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏൽപ്പിച്ച രണ്ടാളും സെക്കൻഡ് ഷോ വരെ എൻറെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാൻ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..