Tuesday 17 May 2022 03:04 PM IST

‘ധൈര്യമുണ്ടെങ്കിൽ വീട്ടിൽ വന്ന് കാര്യം പറ’: 15 വർഷത്തെ പരിചയം, 10 വർഷത്തെ പ്രണയം: മിഥുനും കല്യാണിയും പറയുന്നു

V.G. Nakul

Sub- Editor

midhun-murali-1

‘മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം...ചൊല്ലുക പാടത്തെന്തു വിശേഷം...’ എന്ന എവർഗ്രീൻ സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് മിഥുൻ മുരളി എന്ന പേര് മലയാളികളുടെ മനസ്സിലേക്കെത്തുന്നത്. 2004 ൽ തിയറ്ററുകളിലെത്തിയ ‘വജ്രം’ എന്ന ചിത്രത്തിൽ, മമ്മൂട്ടി അവതരിപ്പിച്ച ദേവരാജന്റെ മകൻ അപ്പുവായി തിളങ്ങി, നടി മൃദുല മുരളിയുടെ സഹോദരൻ കൂടിയായ മിഥുൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി. ബാലതാരത്തിൽ നിന്നു ‘ബഡ്ഡി’, ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’, ‘ആനമയിലൊട്ടകം’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനിരയിലേക്കും ചുരുങ്ങിയ കാലത്തിനിടെ മിഥുൻ മുരളി എത്തി.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് മിഥുൻ ഇപ്പോൾ കടന്നു പോകുന്നത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ, ഇനിയുള്ള ജീവിതയാത്രയിലേക്ക് പ്രിയപ്പെട്ടവളെയും ഒപ്പം ചേർക്കുകയാണ് താരം. ജനുവരി 18 ന് മോഡലും വ്ലോഗറുമായ കല്യാണി മേനോനെ മിഥുന്‍ താലി ചാർത്തും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

midhun-murali-3

പതിനഞ്ച് വർഷം നീണ്ട പരിചയം, പത്ത് വർഷം നീണ്ട പ്രണയം, ഇപ്പോൾ വിവാഹവും....തങ്ങൾ ഒന്നായ കഥ മിഥുനും കല്യാണിയും ‘വനിത ഓൺലൈനിലൂടെ’ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

‘‘എന്റെ ചേച്ചിയുടെ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയം’’.– മിഥുനാണ് തുടങ്ങിയതെങ്കിലും ബാക്കി കല്യാണിയാണ് പറഞ്ഞത്:

‘‘ഞാൻ മിഥുനെക്കാൾ നാല് വയസ്സിന് ഇളയതാണ്. മൃദുല ചേച്ചിയും മിഥുനും കൂടി അവതരിപ്പിച്ചിരുന്ന ഷോ ടി.വിയിൽ കണ്ടതൊക്ക എനിക്ക് നല്ല ഓർമയുണ്ട്. ഞാനന്ന് കൊച്ചു കുട്ടിയാണ്. പിന്നീട് എന്റെ ചേച്ചി മൃദുലച്ചേച്ചിയുടെ ക്ലാസ്മേറ്റായി. അങ്ങനെ, ചെറുതിലേ മിഥുനെ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിച്ചിട്ടൊന്നുമില്ല. പിന്നീട് ഞാൻ പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോൾ, എന്റെ ഫ്രണ്ട്സ് താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു മിഥുനും കുടുംബവും. അവിടെ വച്ചാണ് വീണ്ടും നേരിൽ കണ്ടത്. അതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ പരിചയം പുതുക്കി, സംസാരിച്ചു തുടങ്ങി. ഒരു വർഷത്തോളം അങ്ങനെ പോയി. പിന്നീട് ഞങ്ങൾ പോലുമറിയാതെ അടുപ്പം പ്രണയത്തിനു വഴിമാറുകയായിരുന്നു’’.

midhun-murali-4

ധൈര്യമുണ്ടെങ്കിൽ വീട്ടിൽ വന്ന് കാര്യം പറ

കല്യാണി – ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് രണ്ടാളുടെയും ചേച്ചിമാർക്കാണ് ആദ്യം മനസ്സിലായത്. വീട്ടിൽ ആദ്യം പറഞ്ഞത് മിഥുനാണ്.

മിഥുൻ – എന്റെ ചേച്ചിക്ക് മനസ്സിലാകട്ടേയെന്ന് കരുതി ഞാൻ ഒരു ചെറിയ സൂചന കൊടുത്തിരുന്നു. ചേച്ചി ചോദിച്ചപ്പോൾ തന്നെ ഞാൻ സമ്മതിച്ചു. വീടുകളിൽ പറയുമ്പോൾ ഞങ്ങൾ പഠിക്കുകയായിരുന്നു. സമയമാകട്ടെ എന്നായിരുന്നു മറുപടി. വീട്ടുകാരുടെ സമ്മതം കിട്ടിയ ശേഷം വിവാഹത്തിനായി രണ്ട് വർഷം കൂടി കാത്തിരുന്നു.

‘‘കല്യാണിയുടെ വീട്ടിൽ പ്രണയം അറിഞ്ഞത് രസകരമായ ഒരു കഥയാണ്...’’ മിഥുൻ പറഞ്ഞു തുടങ്ങിയതും കല്യാണി ഇടപെട്ടു: ‘‘ശരിയാ...ഞാനൊട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിപ്പോയി അത്....’’

‘‘ധൈര്യമായിട്ട് പറ’’ എന്ന് മിഥുൻ. കല്യാണി തുടർന്നു:

‘‘എന്റ എല്ലാ പിറന്നാളിനും എന്തെങ്കിലും സർപ്രൈസ് ഒരുക്കാനും ഗിഫ്റ്റ് തരാനുമൊക്കെ വളരെ താൽപര്യമുള്ള ആളാണ് മിഥുൻ. ഞാൻ കോളിൽ രണ്ടാം വർഷം പഠിക്കുമ്പോഴുള്ള പിറന്നാളിന് എന്താണ് ഗിഫ്റ്റ് വേണ്ടതെന്ന് ചോദിച്ചു. ഞാനപ്പോൾ തമാശയ്ക്ക് പറഞ്ഞത്, ‘ധൈര്യമുണ്ടെങ്കിൽ വീട്ടിൽ വന്ന് കാര്യം പറ’ എന്നാണ്. ഞാനത് രസത്തിന് പറഞ്ഞു, അവിടെ വിട്ടു. അന്ന് ഞാൻ ഫ്രണ്ട്സിന്റെ കൂടെയായിരുന്നു. മിഥുൻ അപ്പോൾ എന്റെ അച്ഛനെയും അമ്മയെയും വിളിച്ചിട്ട്, ‘വൈകുന്നേരം വീട്ടിൽ വന്നോട്ടെ, ഒരു കാര്യം സംസാരിക്കാനുണ്ട്’ എന്നു പറഞ്ഞു. അമ്മയ്ക്ക് ചെറിയ ഒരു സൂചനയുണ്ടെന്നല്ലാതെ അച്ഛന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഞാൻ തിരികെ വീട്ടിൽ വന്നപ്പോൾ എല്ലാവർക്കും ആകെ ഒരു ഗൗരവം. ഞാൻ മുറിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ഡോർ ബെല്ല് കേട്ടു. അപ്പോൾ എനിക്ക് എന്തോ ഒരു തോന്നൽ ഉണ്ടായി; ഇത് മിഥുൻ ആണെന്ന്. മിഥുൻ ആയിരുന്നു. അമ്മ എന്നെ വിളിച്ചപ്പോള്‍ ഞാൻ ചെന്നു. മിഥുൻ അവരുടെ മുമ്പിൽ വച്ച് എനിക്ക് ഗിഫ്റ്റ് തന്നു. അതു വാങ്ങി ഞാൻ അപ്പോള്‍ തന്നെ മുറിയിലേക്ക് മുങ്ങി. എന്റെ കിളിപാറിയിരുന്നു എന്നതാണ് സത്യം. മിഥുൻ പോയ ശേഷം അച്ഛനും അമ്മയ്ക്കും വലിയ പരിഭവമായി: ‘നീ ഞങ്ങളോട് പറഞ്ഞില്ല, മിഥുന്‍ പറഞ്ഞാണ് ഞങ്ങളറിഞ്ഞത്. എല്ലാവർക്കും അറിയാം. ഞങ്ങൾ മാത്രം അറിഞ്ഞില്ല’ എന്നൊക്കെ....എന്തായാലും അതോടെ സംഗതി ഒഫീഷ്യലായി.

‘‘മറ്റൊരു കഥയുണ്ട്...’’ മിഥുൻ പറഞ്ഞു തുടങ്ങി:

‘‘വെള്ളപ്പൊക്ക സമയത്താണ്. കല്യാണി ആലുവയുടെ അങ്കിളിന്റെ വീട്ടിലായിരുന്നു. ചുറ്റും വെള്ളം കയറിയിട്ട് ഇവർ അവിടെ കുടുങ്ങി. എന്നെ വിളിച്ചു. ഞാൻ രക്ഷാപ്രവർത്തനത്തിന്റെയൊക്കെ ഭാഗമായി അവിടെയുണ്ടായിരുന്നു. കല്യാണിയെ ഞാൻ കൈപിടിച്ച് ബോട്ടിൽ കയറ്റിയതൊക്കെ കണ്ടിട്ട് ആന്റിക്കും അങ്കിളിനും ആകെ കൺഫ്യൂഷനായി: ‘ഈ പയ്യനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്ന്’’.

midhun-murali-2

കോച്ചിയിൽ ക്രെയ്സോൾ ടെക്നോളജീസിൽ അസി.വൈസ് പ്രസിഡന്റാണ് മിഥുന്‍ ഇപ്പോൾ. ഒപ്പം സിനിമ ഫാക്ടറി എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ സി.ഇ.ഒ ആയും പ്രവർത്തിക്കുന്നു. മുരളീധരന്‍ നായർ – ലത നായര്‍ ദമ്പതികളുടെ മകനാണ്. സഹോദരി മൃദുല മുരളി.

‘‘എനിക്ക് ഏറ്റവും താൽപര്യം ബിസിനസ്സ് ആണ്. എം.ബി.എ പഠിച്ചതും അതുകൊണ്ടാണ്. സിനിമയിൽ ഒരിക്കലും കൂടുതൽ ശ്രദ്ധ കൊടുത്തിട്ടില്ല. അവസരം വന്നാൽ ശ്രമിക്കാം എന്നേയുള്ളൂ’’. – മിഥുൻ പറയുന്നു.

ടെക്ഫ്രിയറിൽ സീനിയര്‍ സോഷ്യൽ മീഡിയ മാനേജരായ കല്യാണി വ്ലോഗർ, മോഡൽ എന്നീ നിലകളിലും ശ്രദ്ധേയയാണ്. സുരേഷ് രാജൻ–ജയ സുരേഷ് ദമ്പതികളുടെ മകളാണ്. സഹോദരി മീനാക്ഷി മേനോൻ.

‘‘എനിക്കങ്ങനെ പ്രീ പ്ലാനിങ് ഇല്ല. വ്ലോഗ് തുടങ്ങിയത് പോലും ലോക്ക്ഡൗൺ സമയത്ത് പെട്ടെന്നു തോന്നിയ ഒരു ആശയമാണ്’’. –കല്യാണി പറയുന്നു.