Wednesday 13 February 2019 02:17 PM IST : By സ്വന്തം ലേഖകൻ

വർഷങ്ങൾ നീണ്ട പിണക്കം മാറി; വിനയന്റെ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ നായകൻ!

vinayan-mohanlal21

വർഷങ്ങൾ നീണ്ട പിണക്കം മാറി, വിനയന്റെ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക് കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് മോഹന്‍ലാലിന്റെ അപരനായ മദന്‍ലാലിനെ വച്ച് ’സൂപ്പര്‍സ്റ്റാര്‍’ എന്ന ചിത്രം ഒരുക്കിയതോടെയാണ് ഇരുവരും തമ്മിൽ പിണക്കത്തിലാവുന്നത്. 

പിന്നീട്  ’അമ്മ’യും തിലകനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്ന കാലത്ത് മോഹൻലാലിനെ വിനയൻ രൂക്ഷമായി വിമർശിച്ചതും ഇവർ തമ്മിലുള്ള അകൽച്ച കൂട്ടി. ഇതേ തുടർന്ന് മലയാള സിനിമയിൽ നിന്ന് വിലക്ക് നേരിട്ട വിനയൻ കഴിഞ്ഞ വർഷം ’ചാലക്കുടിക്കാരൻ ചങ്ങാതി’യിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുളള തയാറെടുപ്പിലാണ് വിനയൻ. 

വിനയന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

"ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്. ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ. 

കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാർച്ച് അവസാന വാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കും. വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു."