Friday 01 February 2019 03:11 PM IST : By സ്വന്തം ലേഖകൻ

35 ഇയർ ചലഞ്ചിലും മാറ്റമില്ലാതെ ‘ശങ്കരാ...’! നാദിർഷയുടെ പോസ്റ്റ് വൈറൽ

nadirsha-new-1

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോ ചലഞ്ചിന്റെ കാലമാണ്. ടെൺ ഇയർ ചലഞ്ചായി തുടങ്ങി, വർഷങ്ങൾ പലതും കൂടി, പലരും മുപ്പതും അമ്പതും വർഷത്തെ ചലഞ്ചോക്കെ ഏറ്റെടുത്തു തുടങ്ങിയതാണ് പുതിയ കൗതുകം. പല കാലഘട്ടങ്ങളിലുള്ള സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രൂപത്തിൽ സംഭവിച്ച മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ചലഞ്ചിന്റെ ഹൈലൈറ്റ്.

സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ലോകമെങ്ങും ഈ സോഷ്യൽ മീഡിയ ചലഞ്ചിന്റെ ഹരത്തിലാണിപ്പോൾ. ചലഞ്ച് തുടങ്ങി മാസം ഒന്നു കഴിഞ്ഞെങ്കിലും ചിത്രങ്ങൾ പങ്കു വച്ച് ദിനം പ്രതി ആയിരങ്ങൾ ഇതിന്റെ ഭാഗമാകുകയാണെന്നതും എടുത്തു പറയണം.

നടനും സംവിധായകനും ഗായകനുമൊക്കെയായി മലയാളികൾക്കു പ്രിയങ്കരനായ് മാറിയ നാദിർഷ വീണ്ടും ചലഞ്ചേറ്റെടുത്തതാണ് സോഷ്യൽ മീഡിയയിലെ പുതിയ വിശേഷം. ഇക്കുറി 35 വർഷത്തെ ചലഞ്ചിലാണ് താരം കൈ വെച്ചിരിക്കുന്നത്.

തന്റെ മുപ്പത്തഞ്ച് വർഷം മുൻപത്തെ ഒരു ചിത്രവും ഏറ്റവും പുതിയ ഒരു ചിത്രവുമാണ് നാദിർഷ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും സദസ്സിൽ നിന്നു പാടുന്ന നാദിർഷയയെയാണ് കാണുന്നത്. 35 വർഷത്തെ വ്യത്യാസമുണ്ടെങ്കിലും രണ്ടു ചിത്രങ്ങളിലെയും പാട്ട് ഒന്നു തന്നെയാണെന്ന് നാദിർഷ ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ‘ശങ്കരാ...’ എന്നാരംഭിക്കുന്ന പ്രശസ്ത ഗാനമാണ് രണ്ടു ചിത്രങ്ങളിലെയും നാദിർഷ പാടുന്നതത്രേ.

nadirsha-new-2

എന്തായാലും നാദിർഷയുെട 35 ഇയർ ചലഞ്ച് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ മേരാ നാം ഷാജിയുടെ സംവിധാനത്തിരക്കിലാണ് അദ്ദേഹം.