Saturday 16 March 2019 04:55 PM IST : By സ്വന്തം ലേഖകൻ

വാച്ച്മാനും മല്ലിക്കച്ചവടവും മുതൽ ആക്ടിങ് വർക്ക്ഷോപ്പ് വരെ! ഇല്ലായ്മയുടെ മുംബൈക്കഥകൾ പറഞ്ഞ് നവാസുദ്ദീൻ സിദ്ധിഖി

nawazudhin-new

ഇപ്പോൾ ബോളിവുഡിലെ മികച്ച നടൻമാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. ഏതു തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിലെത്തും മുൻപ്, കഷ്ടപ്പാടിന്റെ ഒരു ഭൂതകാലം നവാസുദ്ദീനുണ്ടായിരുന്നു.

ഇപ്പോഴിതാ തന്നെ ഒരു സാധാരണക്കാരനിൽ നിന്ന് സൂപ്പർ താരമാക്കിയ മുംബൈ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചിരിക്കുകയാണ് അദ്ദേഹം.

മുംബൈ തനിക്ക് വേഗം കൂടിയ നഗരമായിരുന്നുവെന്നും ആ വേഗത്തിനൊപ്പം ചേരാന്‍ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതിനാല്‍ കടം വാങ്ങിയാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഉത്തര്‍ പ്രദേശ് സ്വദേശിയായ സിദ്ധിഖി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞാണ് മുംബൈയിലെത്തിയത്.

‘‘പല ജോലികളും ചെയ്തു. വാച്ച്മാനും മല്ലി കച്ചവടക്കാരനും മുതൽ ആക്ടിങ് വര്‍ക്ക്ഷോപ്പുകള്‍ വരെ നടത്തി. നൂറോളം ഓഡിഷനുകളില്‍ പങ്കെടുത്തു. കിട്ടിയ എല്ലാ വേഷങ്ങളും ചെയ്തു, 10 വര്‍ഷമാണ് ഒരു ബ്രേക്ക് ലഭിക്കാന്‍ വേണ്ടി വന്നത്’’.– സിദ്ധിഖി കുറിച്ചു

താൻ നായകനാകുന്ന പുതിയ ചിത്രം ‘ഫോട്ടോഗ്രാഫി’ന്റെ പ്രചരണ പരിപാടികളുടെ ഭാഗമായാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ തന്റെ മുംബൈ കുറിപ്പെഴുതിയത്.

റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോട്ടോഗ്രാഫ്. മുംബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന വ്യക്തിയും പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രം.